പാനൂര്‍ രക്തസാക്ഷി മന്ദിരം ഉദ്ഘാടനം: എംവി ഗോവിന്ദന്‍ വിവാദം ഭയന്ന് പിന്‍മാറിയതല്ലെന്ന് എംവി ജയരാജന്‍
കണ്ണൂര്‍: പാനൂര്‍ ചെറ്റക്കണ്ടിയിലെ ഷൈജു-സുബീഷ് സ്മാരക മന്ദിരം ഉദ്ഘാടനചടങ്ങില്‍ നിന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വിവാദം ഭയന്ന് പിന്‍മാറിയതല്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒഴിവാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ഉള്ളതിനാലാണ് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ വരാതിരുന്നത്. വിവാദത്തെ തുടര്‍ന്ന് പങ്കെടുക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നുവെങ്കില്‍ തനിക്കും ആ പരിപാടിക്ക് പോകാന്‍ കഴിയില്ലായിരുന്നു. സംസ്ഥാന കമ്മിറ്റിയാണ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ തന്നെ ചുമതലപ്പെടുത്തിയതെന്നും എം.വി.ജയരാജന്‍ വ്യക്തമാക്കി.

കണ്ണൂര്‍ ജില്ലയിലെ സ്ഥിരം രാഷ്ട്രീയ സംഘര്‍ഷ വേദിയായ പാനൂരില്‍ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കായി സിപിഎം നിര്‍മ്മിച്ച രക്തസാക്ഷി സ്മാരകം വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍ നേരത്തെ ഉദഘാടകനായി നിശ്ചയിച്ചിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നില്ല. ഇതിനു പകരം സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനാണ് ഉദ്ഘാടനം ചെയ്തത്.
പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്. ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. പാനൂര്‍ ചെറ്റക്കണ്ടിയിലെ കുന്നിന്‍മുകളിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് നിര്‍മാണത്തിനിടെ 2015 ജൂണ്‍ ആറി നാണ് സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകരായ ഷൈജു സുബീഷ് എന്നിവര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും അന്ന് ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം കണ്ണൂര്‍ജില്ലാ സെക്രട്ടറി പി.ജയരാജനായിരുന്നു.
2016 ഫെബ്രുവരിയില്‍ സിപിഎം നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്മാരകം നിര്‍മിക്കാന്‍ ധനസമാഹരണം നടത്തി. ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച സുബീഷിനെയും, ഷൈജുവിനെയും രക്തസാക്ഷികളായി പ്രഖ്യാപിച്ച് 2016 ജൂണ്‍ ആറുമുതല്‍ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. ആര്‍എസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ എന്നാണ് രക്തസാക്ഷി ദിനാചരണത്തെ കുറിച്ചുള്ള സി.പി.എം ഔദ്യോഗികവിശദീകരണം. പാനൂര്‍ തെക്കുംമുറിയിലാണ് ഷൈജു ,സുബീഷ് എന്നിവര്‍ക്കായി സ്മാരകം നിര്‍മ്മിച്ചത്.












Click it and Unblock the Notifications