ഭീഷണിക്കത്തിന് പുല്ലുവില; പയ്യന്നൂരിലെത്തി കെകെ രമ, സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം
പയ്യന്നൂര്‍: ജനങ്ങളെ ഭയക്കുന്ന ഭീരുവായ സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍ എന്ന് ആര്‍ എം പി നേതാവ് കെ കെ രമ എം എല്‍ എ. തനിക്കെതിരെ വധഭീഷണി ഉയര്‍ന്ന പയ്യന്നൂരില്‍ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചാണ് കെ.കെ രമ പ്രസംഗിച്ചത്. എം. എന്‍ വിജയന്‍ സാംസ്‌കാരിക വേദി നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രമ.
വിമര്‍ശിക്കുന്നവരെ അര്‍ബന്‍ നക്സലുകളെന്ന് വിളിച്ച് ആക്ഷേപിക്കുന്നവര്‍ എല്ലാ രീതിയിലും ജനങ്ങളുടെ പ്രതിഷേധങ്ങളെ ഭയക്കുകയാണെന്ന് രമ കുറ്റപ്പെടുത്തി. ജനകീയ സമരങ്ങളെ ഇതുവരെ ഒരു ഭരണാധികാരിയും നേരിടാത്ത തരത്തില്‍ ഫാസ്റ്റിസ്റ്റ് രീതിയില്‍ അടിച്ചമര്‍ത്തി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കാന്‍ കേരളം ഭീകരവാദികളുടെ നാടാണോയെന്ന് രമ ചോദിച്ചു.

പയ്യന്നൂരില്‍ താന്‍ കാലു കുത്തി ഉറപ്പിച്ച് തന്നെയാണ് സംസാരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് പയ്യന്നൂര്‍ സഖാക്കളുടെ പേരില്‍ എം.എല്‍.എ ക്ക് ഭീഷണി കത്ത് ലഭിച്ചിരുന്നു. പയ്യന്നൂരില്‍ കാലുകുത്തരുതെന്നും കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. രക്തസാക്ഷി ഫണ്ടില്‍ പോലും കൈയ്യിട്ട് വാരുന്നത് എതിര്‍ത്തപ്പോള്‍ പയ്യന്നൂരിലെ സിപിഎം ഏരിയാ സെക്രട്ടറിയായിരുന്ന ആള്‍ക്കുണ്ടായ അനുഭവം ഓരോ കമ്മ്യൂണിസ്റ്റുകാരനും ഒരു പാഠമാണ്.
പാര്‍ട്ടിയിലെ കൊള്ളരുതായ്മയും അഴിമതിയും എതിര്‍ത്ത ആള്‍ പുറത്തും കൂട്ടുനിന്ന ആള്‍ അകത്തും എന്ന സ്ഥിതിയാണ് പയ്യന്നൂരിലുണ്ടായത്. സ്വര്‍ണ്ണ കടത്തിലൂടെ രാജ്യദ്രോഹത്തിനും മുഖ്യമന്ത്രി യുടെ ഒത്താശയോടെ ഔദ്യോഗിക പദവിയെ ദുരുപയോഗം നടത്തിയത് വെളിപ്പെടുത്തിയപ്പോള്‍ എതിര്‍ത്ത് ഒരു മാനനഷ്ടകേസുപോലും കൊടുക്കാന്‍ തയാറാകാതെ ഒളിച്ചുകളിക്കുകയാണ്.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത് കേരളാ പോലീസിനെ അധ:പതനത്തിലെത്തിക്കുന്നതാണ് നാം കാണുന്നത്. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിക്ക് പോലും ഇതുവരെ കാണാത്ത പോലീസ് അകമ്പടിയില്‍ മുഖ്യമന്ത്രി ഭീരുവായി ജനങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു. അപ്രഖ്യാപിത അടിയന്തിരാവസ്ഥ നടപ്പാക്കി ജനങ്ങളെ ഭയപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രി വിമര്‍ശനങ്ങള്‍ക്ക് അതീതനാണോ? വിമര്‍ശനങ്ങളെ ഭയക്കുന്ന അദ്ദേഹം കറുത്ത തുണിയെ പോലും ഭയപ്പെട്ടു. ഓരോ ദിനംതോറും ജനങ്ങളെ പണയപ്പെടുത്തി സര്‍ക്കാര്‍ കടക്കെണിയിലാക്കുകയാണെന്ന് അവര്‍ പറഞ്ഞു. പരിപാടിയില്‍ പി. മുരളീധരന്‍ അധ്യക്ഷനായി. കെ.സി.ഉമേഷ് ബാബു, അഡ്വ.കെ.ബ്രിജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. അപ്പുക്കുട്ടന്‍ കാരയില്‍ സ്വാഗതം പറഞ്ഞു












Click it and Unblock the Notifications