രാഷ്ട്രീയസംഘര്‍ഷങ്ങള്‍ മുളയിലെ നുള്ളും: കണ്ണൂരിലെ ഉത്സവങ്ങള്‍ക്ക് പൂട്ടിടാന്‍ പൊലിസ്
കണ്ണൂര്‍:ചെറിയൊരു ഇടവേളയ്ക്കു ശേഷം കണ്ണുരില്‍ കൊലപാതക രാഷ്ട്രീയം വീണ്ടും പിടിമുറുക്കിയിരിക്കെ തെയ്യക്കാവുകളില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കുന്നു. ഇന്നലെ ചേര്‍ന്ന് ഐ.ജി അശോക് യാദവിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നത പൊലിസ് യോഗത്തില്‍ അക്രമസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി നിര്‍ണായകമായ ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്. ഇതു പ്രകാരം വരുന്ന മാര്‍ച്ചു അവസാനം വരെ കളിയാട്ടം നടക്കാനിരിക്കുന്ന കാവുകളിലെയും അമ്പലങ്ങളിലെയും ഭാരവാഹികളുടെ യോഗം അതത് സ്‌റ്റേഷന്‍ പരിധിയില്‍ വിളിക്കും. പൊലിസ് പ്രൊട്ടോക്കോള്‍ അനുസരിച്ചു ഉത്സവം നടത്താന്‍ സംഘാടകരോട് ആവശ്യപ്പെടും.
ഭാരവാഹികള്‍ ആവശ്യപ്പെടുകയാണെങ്കില്‍ സംഘര്‍ഷ പ്രദേശങ്ങളിലെ ഉത്സവങ്ങളില്‍ തുടക്കം മുതല്‍ കഴിയുന്നതുവരെ പൊലിസ് സാന്നിധ്യമുണ്ടാകും. പൊലിസിനെ അറിയിക്കാതെ അനുമതിയില്ലാതെ നടത്തുന്ന ഉത്സവങ്ങളില്‍ അനിഷ്ടസംഭവങ്ങളുണ്ടാവുകയാണെങ്കില്‍ നടത്തിപ്പുകാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമുള്ള കേസെടുക്കും.

ഉത്സവസ്ഥലങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ ഉള്‍പ്പെടെ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. ഉത്സവകാലങ്ങളിലെ അനിഷ്ടസംഭവങ്ങളൊഴിവാക്കാന്‍ ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം പ്രാദേശിക തലങ്ങളില്‍ പൊലിസ് സ്‌റ്റേഷനുകളില്‍ ചേരും. ഉത്സവങ്ങളുമായിബന്ധപ്പെട്ട തര്‍ക്കങ്ങള്‍ രാഷ്ട്രീയമായി വളരാതിരിക്കാന്‍ പ്രാദേശിക നേതാക്കളുടെ ഇടപെടല്‍ അനിവാര്യമാണെന്നും നേരത്തെ തലശേരി താലൂക്കില്‍ ഈ രീതി ഗുണം ചെയ്തുവെന്നും ഉന്നത തലയോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ഐ.ജി അശോക് യാദവിന്റെ നേതൃത്വത്തിലാണ് കണ്ണൂര്‍ ജില്ലയിലെ സ്ഥിതി ഗതികള്‍ വിലയിരുത്തിയത്. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ ക്രമസമാധാന നില തകര്‍ന്നുവെന്ന പ്രതിപക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലിസിന്റെ ഉന്നതതലയോഗം കണ്ണൂരില്‍ അടിയന്തിരമായി ചേര്‍ന്നത്.












Click it and Unblock the Notifications