മാഹിയില്‍ സര്‍വീസ് നടത്തിയ പുതുച്ചേരി ബസുകള്‍ കട്ടപ്പുറത്ത്; യാത്രാദുരിതത്തില്‍ വലഞ്ഞ് യാത്രക്കാര്‍
മാഹി: മാഹിയില്‍ സര്‍വ്വീസ് നടത്തി വരുന്ന പുതുച്ചേരി റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ നാല് ടൗണ്‍ ബസുകളും 15 വര്‍ഷത്തെ കാലാവധി കഴിഞ്ഞതോടെ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ഓട്ടം നിര്‍ത്തിയത് യാത്രക്കാരുടെ ദുരിതം വര്‍ധിപ്പിക്കുന്നു. യാത്രക്കാര്‍ക്ക് ഇപ്പോള്‍ ഏക ആശ്രയം സഹകരണ ട്രാന്‍സ്പോര്‍ട്ട് സൊസൈറ്റിയുടെ രണ്ടു ബസ്സുകള്‍ മാത്രമാണ്. മിനി ബസ്സുകള്‍ സര്‍വ്വീസ് നടത്തി യാത്രാ ക്ലേശത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.
മാഹി റെയില്‍വേ സ്റ്റേഷന്‍ മുതല്‍ മൂലക്കടവ് വരെയും തിരിച്ചുമായി ഏകദേശം 20 കിലോമീറ്റര്‍ ദൂരത്തില്‍ ചാലക്കര വഴിയും സ്പിന്നിംങ്ങ് മില്‍ വഴിയുമായി രണ്ട് സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പെടെ 10 ഓളം ബസ്സുകള്‍ സര്‍വ്വീസ് നടത്തിയ പ്രദേശത്താണ് ഇപ്പോള്‍ രണ്ടു ബസ്സുകള്‍ മാത്രം ഓടുന്നത്. ചാലക്കര വഴിയും സ്പിന്നിംങ്ങ് മില്‍ വഴിയുമായി ഓടിയിരുന്ന രണ്ട് സ്വകാര്യ ബസ്സുകള്‍ വര്‍ഷങ്ങളായി ഓട്ടം നിര്‍ത്തിയിരുന്നു.

എന്നാല്‍ കൃത്യമായി സര്‍വ്വീസ് നടത്തി വന്നിരുന്ന സര്‍ക്കാര്‍ - സഹകരണ മേഖലയിലെ 8 ഓളം ബസ്സുകളുടെ സര്‍വ്വീസ് താളം തെറ്റിയിട്ട് നാലു വര്‍ഷത്തോളമായി. കോവിഡിനെ തുടര്‍ന്ന് പൊതുഗതാഗതത്തിലുണ്ടായ പോരായ്മകള്‍ പരിഹരിക്കാനോ, നിലവിലെ റൂട്ടുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനോ, ആവശ്യമായ ജീവനക്കാരെ നിയമിക്കാനോ, പുതിയ ബസ്സുകള്‍ അനുവദിക്കാനോ തയ്യാറാവത്ത അധികൃതരുടെ അനാസ്ഥയാണ് പൊതുഗതാഗതം ദുരിതത്തിലാവാന്‍ പ്രധാന കാരണമെന്ന് യാത്രക്കാര്‍ പറയുന്നു.
മാഹിയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനം മൂലക്കടവില്‍ നിന്നും മാഹിയിലെത്താന്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ദിവസം 20 രൂപയ്ക്ക് യാത്ര ചെയ്യണ്ടവര്‍ ഇന്ന് യാത്രയ്ക്കായി മറ്റുവഴികള്‍ തേടുമ്പോള്‍, ദിനംപ്രതി 400 രൂപയോളം മാറ്റിവെക്കേണ്ട ദുരവസ്ഥയിലാണ്. നിലവില്‍ ഓടുന്ന രണ്ടു ബസ്സുകളും ചാലക്കര വഴിമാത്രമായത് സ്പിന്നിംങ്ങ് മില്‍ വഴിയുള്ള യാത്ര ക്ലേശം മൂര്‍ച്ഛിച്ചിരിക്കയാണ്.
35 ഓളം സ്‌കൂളുകളും പോളിടെക്കനിക്ക്, ഐ.ടി.ഐ ഉള്‍പ്പെടെയുള്ള ഏഴോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന മാഹിയില്‍ ജൂണ്‍ മാസം വിദ്യാലയങ്ങള്‍ കൂടി തുറന്നാല്‍ പിഞ്ചു കുട്ടികളുടെ യാത്ര പോലും വന്‍ പ്രയാസമായി മാറും മാഹിയില്‍ നിന്ന് പുതുച്ചേരിയിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്ന ദീര്‍ഘദൂര ബസ്സുകളുടെ അവസ്ഥ ദയനിയമാണ്. ഇതിനായി പുതിയ രണ്ടു ബസ്സുകള്‍ അനുവദിക്കുമെന്ന വാഗ്ദ്ധാനം നടത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഒരു പരിഹാരവുമായില്ല.
Astro Tips: ഇവരാണ് ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന രാശിക്കാര്‍
മാഹിയില്‍ നിന്നും ഗുരുവായൂര്‍, മൂകാംബിക, കാരയ്ക്കാല്‍, ബാഗ്ലൂര്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് പുതുച്ചേരി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് റൂട്ടുകള്‍ ഉണ്ടെങ്കിലും സര്‍വ്വീസ് നടത്താന്‍ തയ്യാറാവാതെ അധികൃതര്‍ ഒഴിഞ്ഞുമാറുകയാണെന്നാണ് യാത്രക്കാര്‍ പറയുന്നത്.












Click it and Unblock the Notifications