മാഹി പള്ളി പെരുന്നാള്‍: മാഹിപ്പാലത്തിലെയും റോഡിലെയും കുഴികളടച്ചു
തലശേരി: സി.പിഎം പ്രതിഷേധത്തെ തുടര്‍ന്ന് തകര്‍ച്ച നേരിടുന്ന മാഹിപ്പാലത്തിന് മുകള്‍ഭാഗത്തെ കുണ്ടും കുഴികളും അധികൃതര്‍ യുദ്ധകാലടിസ്ഥാനത്തില്‍ അടച്ചു. പാലത്തിലെ ജോയിന്റില്‍ സ്ലാബുകള്‍ക്കിടയിലെ വലിയ ഗര്‍ത്തങ്ങളും അടച്ചിട്ടുണ്ട്. ടാര്‍മിശ്രിതമുപയോഗിച്ചാണ് അടച്ചത്. ശക്തമായ മഴപെയ്തില്ലെങ്കില്‍ ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും ചെറിയ ആശ്വാസമുണ്ടാകും. വര്‍ഷങ്ങളായി ജനങ്ങള്‍ അനുഭവിക്കുന്ന യാത്രാക്ലേശത്തെ തുടര്‍ന്ന് ജനങ്ങള്‍ സഹികെട്ട അവസ്ഥയിലാണ്.
കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും രാത്രി വൈകിയാണ് കുഴികള്‍ അടച്ചത്.ദേശീയപാതയില്‍ മാഹി കെ.ടി.സി. കവലയിലും സ്റ്റാച്ച്യു കവലയിലുമുള്ള വലിയ കുഴികളും അടച്ചു. മാഹിപ്പാലം മുതല്‍ പൂഴിത്തലവരെയുള്ള റോഡുകളിലെ ചെറുതും വലുതുമായ കുഴികളെല്ലാം അടച്ചതോടെ മാഹിയിലെ ഗതാഗതക്കുരുക്കിന്റെ തീവ്രത കുറയും.

പതിനായിരക്കണക്കിന് തീര്‍ഥാടകരെത്തിച്ചേരുന്ന മാഹി പള്ളി തിരുനാള്‍ തുടങ്ങുന്നതിനുമുന്‍പ് നടത്തിയ കുഴിയടക്കലോടെ യാത്രാദുരിതത്തിന് താത്കാലിക പരിഹാരമായി. കേന്ദ്ര ദേശീയപാതാ വിഭാഗത്തിന്റെ നിര്‍ദേശമനുസരിച്ച് മാഹി ബൈപ്പാസിന്റെ പ്രവൃത്തി ചെയ്യുന്ന ഇ.കെ.കെ. കമ്പനിയാണ് കുഴികളടച്ചത്.
മാഹി പാലത്തോടുള്ള അവഗണന: സി.പി.എം.പ്രതിഷേധ ശൃംഖല നടത്തി
കഴിഞ്ഞ ദിവസംപൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന മാഹി പാലത്തിന്റെ മേല്‍ ഭാഗം എത്രയും വേഗം ശാസ്ത്രീയമായ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. പ്രതിഷേധ ശൃംഖല നടത്തിയിരുന്നു. സി.പി.എം. മാഹി ലോക്കല്‍ കമ്മിറ്റിയും ന്യൂമാഹി ലോക്കല്‍ കമ്മിറ്റിയും ചേര്‍ന്നാണ് മാഹി പാലത്തിന് മുകളില്‍ പ്രതിഷേധ സമരം നടത്തിയത്. പാലത്തിന്റെ നടപ്പാതയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ക്കൊപ്പം ഓട്ടോ - ടാക്‌സി ഡ്രൈവര്‍മാരുടെ യൂണിയന്‍ (സി.ഐ.ടി.യു) അംഗങ്ങളും അണിചേര്‍ന്നു.
ഏറെ പഴക്കം ചെന്ന അപകടാവസ്ഥയിലുള്ള പാലത്തിന് പകരം പുതിയ പാലം നിര്‍മ്മിക്കുക, മാഹി ബൈപ്പാസില്‍ ഗതാഗതം തുടങ്ങിയാലും തദ്ദേശീയര്‍ക്കായി നിലവിലുള്ള മുഴപ്പിലങ്ങാട് മുതല്‍ മാഹി വരെയുള്ള ദേശീയ പാത നവീകരിച്ച് ഗതാഗതയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്തു, സി.കെ.രമേശന്‍, വടക്കന്‍ ജനാര്‍ദ്ദനന്‍, കെ.ജയപ്രകാശന്‍, എ.കെ.സിദ്ദിഖ് എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications