അക്രമകാരികളായ തെരുവുനായ്ക്കളുടെ ദയാവധം: സുപ്രീംകോടതിയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കക്ഷിചേരും
കണ്ണൂര്‍: അതിരൂക്ഷമായ തെരുവ് നായശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി, അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാനുള്ള അനുമതിക്കായി സുപ്രീം കോടതിയില്‍ നിലവിലുള്ള ഹരജിയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കക്ഷി ചേരുമെന്ന് പ്രസിഡന്റ് പി പി ദിവ്യ.
പേവിഷ ബാധ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെയും, മൃഗസ്‌നേഹികളുടെയും സഹകരണത്തോടെ തെരുവ് നായ്ക്കളുടെ വാക്‌സിനേഷന്‍ ബുധനാഴ്ച പയ്യാമ്പലത്ത് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പടിയൂരില്‍ ആധുനിക സജ്ജീകരണങ്ങളോടെ പണികഴിപ്പിച്ച അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) സെന്റര്‍ സെപ്റ്റംബര്‍ അവസാന വാരത്തോടെ പ്രവര്‍ത്തനം ആരംഭിക്കും.

എബിസി സെന്ററിലേക്ക് ആവശ്യമുള്ള പട്ടിപിടുത്തക്കാരേയും ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ കൂടുതല്‍ എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കും.
വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ തദ്ദേശ സ്ഥാപനമേധാവികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. ജില്ലയില്‍ അനധികൃതമായ പ്രവര്‍ത്തിക്കുന്ന പ്രജനന കേന്ദ്രങ്ങളുണ്ട്. ഇത്തരം പ്രജനന കേന്ദ്രങ്ങള്‍ക്കും ലൈസന്‍സ് ഇല്ലാതെ വളര്‍ത്തുമൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്കും പിഴ ഈടാക്കും.
മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ പൊതു ഇടങ്ങളില്‍ സിസിടിവി സ്ഥാപിക്കും. വന്ധ്യംകരിച്ച പട്ടികള്‍ക്ക് തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും. വാക്‌സിനേഷനായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ ക്യാമ്പ് നടത്തും. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് മൈക്രോ ചിപ്പിംഗ് നിര്‍ബന്ധമാക്കും. ജില്ലയില്‍ വളര്‍ത്തുമൃഗങ്ങളുടെ സെന്‍സസ് നടത്തി കൃത്യമായ കണക്കുകള്‍ ശേഖരിക്കും.
എത്ര സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് എംഎല്‍എമാരുണ്ട് എന്നറിയാമോ?
സ്‌കൂള്‍ പരിസരത്ത് തെരുവുപട്ടികള്‍ക്ക് മൃഗസ്‌നേഹികള്‍ ഭക്ഷണം നല്‍കുന്നത് നിര്‍ത്തലാക്കും. തെരുവ് പട്ടികള്‍ക്ക് ഭക്ഷണം നല്‍ക്കുന്നതിന് തദ്ദേശ സ്ഥാപനവും മൃഗസ്‌നേഹികളുമായി ചേര്‍ന്ന് പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കും. മൃഗസ്‌നേഹികള്‍ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് കണ്ടാല്‍ അവരെ വിലക്കാനോ അക്രമിക്കാനോ പാടില്ലെന്ന് പ്രസിഡന്റ് പറഞ്ഞു.
പോസോ.. അതോ ഡാന്‍സോ.. രണ്ടായാലും കിടുക്കി ഷംനാ..; കിടിലന്‍ ചിത്രങ്ങള്‍
തെരുവ് നായശല്യം പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പഞ്ചായത്ത് തലത്തിലും വാര്‍ഡ്തലത്തിലും ജനകീയ സമിതികള്‍ രൂപീകരിക്കും. ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചു.
തെരുവുനായ ശല്യം ചര്‍ച്ച ചെയ്യാനായി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ യോഗം ചേര്‍ന്നു. മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്‌നകുമാരി, യു പി ശോഭ, അഡ്വ. ടി ഒ സരള, വി കെ സുരേഷ് ബാബു, എഡിഎം കെ കെ ദിവാകരന്‍, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അരുണ്‍ ടി ജെ, ജില്ലാ മൃസംരക്ഷണ ഓഫീസര്‍ ഡോ. എസ് ജെ ലേഖ, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബി അജിത് ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് ഇ എന്‍ സതീഷ് ബാബു, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications