എല്ലുപൊട്ടിയ വിദ്യാര്‍ഥിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്തു
തലശേരി: തലശേരി ജനറല്‍ ആശുപത്രിയിലെ ചികിത്‌സാ പിഴവിനെ തുടര്‍ന്ന് പവിദ്യാര്‍ത്ഥിയുടെ ഇടതു കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തു. ചേറ്റം കുന്ന് നാസ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ദിഖിന്റെ മകന്‍ സുല്‍ത്താന്റെ കൈമുറിച്ചു മാറ്റിയ സംഭവത്തിലാണ് തലശേരി ജനറല്‍ ആശുപത്രിയിലെ ഓര്‍ത്തോവിഭാഗം സര്‍ജന്‍ ഡോ.വിജുമോന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തലശേരി ടൗണ്‍ പൊലിസ് ഇന്ന് കേസെടുത്തത്.

തലശേരി ജനറല്‍ ആശുപത്രി ഡോക്ടര്‍മാര്‍ക്കു പുറമെ വിദഗ്ദ്ധ ചികിത്‌സ നല്‍കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെയും പ്രതികളാക്കുമെന്നു പൊലിസ് അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 338 പ്രകാരമാണ് അശ്രദ്ധമായി ചികിത്‌സിച്ചതി ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ഒക്‌ടോബര്‍ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വീടിനടുത്തുളള ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെയില്‍ വീണു സുല്‍ത്താന്റെ കൈയുടെ എല്ലുപൊട്ടുകയായിരുന്നു. എന്നാല്‍ തക്ക സമയത്ത് കൃത്യമായ ചികിത്‌സ ലഭിക്കാത്തതിനാല്‍ കുട്ടിയുടെ ഇടതു കൈമുറിച്ചു മാറ്റുകയായിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും അനാസ്ഥയുണ്ടായെന്ന് രക്ഷിതാക്കളുടെ പരാതിയില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനിടെയിലാണ് പൊലിസ് നടപടി. തലശേരി ജനറല്‍ ആശുപത്രിയിലെ ചികിത്‌സാ പിഴവു സംബന്ധിച്ചു ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണ റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. ഇതുപരിശോധിച്ചതിനു ശേഷം കുട്ടിയെ ചികിത്‌സിച്ച ഡോക്ടര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. സംഭവം വിവാദമായതിനെ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വകുപ്പു തല അന്വേഷണം നടത്തിവരുന്നത്.












Click it and Unblock the Notifications