കണ്ണൂരിൽ വീണ്ടും കള്ള വോട്ട് ആരോപണവുമായി യുഡിഎഫ്: രണ്ട് മണ്ഡലങ്ങളിൽ ചോർത്തുന്നുവെന്ന്
കണ്ണൂർ: കണ്ണൂരിൽ വീണ്ടും കള്ള വോട്ട് ആരോപണവുമായി യുഡിഎഫ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ ഏറ്റവും ചൂടേറിയ വിഷയങ്ങളിലൊന്നായിരുന്നു കള്ള വോട്ട് ആരോപണം. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും യുഡിഎഫ് ഇതേ ആരോപണം ഉയർത്തി കൊണ്ടുവന്നു. ഇപ്പോഴിതാ കണ്ണുരിലെ രണ്ട് മണ്ഡലങ്ങളിൽ വ്യാപകമായി സിപിഎം കള്ള വോട്ടു ചേർത്തുവെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.
സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിൽ ഇരട്ട വോട്ടുകൾ കണ്ടെത്തിയതിനു പിന്നാലെ മുഖ്യമന്ത്രി മത്സരിക്കുന്ന ധർമ്മടത്തും പയ്യന്നൂർ നിയോജക മണ്ഡലത്തിലും വ്യാപകമായി ഇരട്ട വോട്ടുകൾ കണ്ടെത്തിയതായി യുഡിഎഫ് സ്ഥാനാർത്ഥികൾ ആരോപിക്കുന്നു. മണ്ഡലത്തിലെ വിവിധ ബൂത്തുകളിലാണ് ഇരട്ട വോട്ടുകൾ കണ്ടെത്തിയതെന്നാണ് പരാതി. ഒരേ ബൂത്തിൽത്തന്നെ വ്യത്യസ്ത ക്രമനമ്പറുകളിലും ബൂത്തുകൾ മാറിയുമാണ് ഇരട്ട വോട്ടുകളുള്ളത്. കോറോം വില്ലേജിലെ 63-ാം നമ്പർ ബൂത്തിൽ മൂന്ന് ഇരട്ട വോട്ടുകൾ കണ്ടെത്തി.

ഇത്തരത്തിൽ കോറോം വില്ലേജിൽത്തന്നെ നൂറോളം ഇരട്ട വോട്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരട്ട വോട്ടുകളുടെ എണ്ണം ശേഖരിച്ചുവരികയാണെന്നും ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും യുഡിഎഫ് സ്ഥാനാർഥി എം.പ്രദീപ് കുമാർ പറഞ്ഞു. ഇതിനിടെ ധർമ്മടം മണ്ഡലത്തിൽ അയ്യായിരത്തിലേറെ വ്യാജ വോട്ടുകളുണ്ടെന്ന് ധർമ്മടം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.രഘുനാഥ് ആരോപിച്ചു.
[കണ്ണൂർ ജില്ലയിൽ ഓപ്പൺ വോട്ടെന്ന പേരിൽ വ്യാപകമായി കള്ള വോട്ട് ചെയ്യുകയാണെന്നും ഇദ്ദേഹം വ്യക്തമാക്കി. ശാരീരികമായി തീരെ വയ്യാത്തവരെയാണ് ഓപ്പൺ ചെയ്യിക്കേണ്ടത്. എന്നാൽ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ വോട്ടു മറിച്ചു കുത്തുമെന്ന് സംശയമുള്ളവരെ കൊണ്ട് നിർബന്ധമായി വിരൽ പിടിച്ചു കുത്തിക്കുകയാണ്. ഓപ്പൺ വോട്ടുചെയ്യുന്നതിനായി വോട്ടർമാരോട് ശാരീരിക അവസ്ഥ വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദ്ദേശിക്കണമെന്ന് ഇലക്ഷൻ കമ്മിഷനോട് ആവശ്യപ്പെടുമെന്ന് സി.രഘുനാഥ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിയോജക മണ്ഡലമായ ധർമ്മടത്ത് ഏഴായിരത്തോളം ഇരട്ട വോട്ടുകളുണ്ടെന്ന് ഇദ്ദേഹം ചൂണ്ടികാട്ടി.
ഇവ തള്ളുന്നതിനായി ബി.എൽ. ഒമാരോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്ന് ഡി.സി. സി. ജനറൽ സെക്രട്ടറി കൂടിയായസി.രഘുനാഥൻ പറഞ്ഞു.. എന്നാൽ എൽ.ഡി എഫ് കൊടുത്ത അപേക്ഷയിൽ യു.ഡി.എഫിന്റെ വോട്ടുകൾ അതിവേഗം തള്ളുന്നുമുണ്ട്. എതിർ കക്ഷികൾക്ക് നോട്ടീസ് പോലും നൽകാതെയാണ് ബി.എൽ. ഒമാർ ഇങ്ങനെ വോട്ടു തള്ളുന്നത്. കണ്ണൂർ ജില്ലയിൽ നിയോറിക്കപ്പെട്ട ബി.എൽ ഒമാരിൽ തൊണ്ണുറ് ശതമാനവും സി.പി.എമ്മുകാരും ഇടതുപക്ഷ അനുഭാവികളുമാണ്. വ്യാജ വോട്ടുകളായി ചേർത്തവരിൽ നൂറ്റി അൻപതിലേറെ പേർ മരണമടഞ്ഞവരാണ്. വിദേശത്ത്ജോലി ചെയ്യുന്നവരും സ്ഥിരമായി നാട്ടിലില്ലാത്തവരും ഈ പട്ടികയിലുണ്ട്. വിവാഹം കഴിഞ്ഞ് നാട്ടിൽ നിന്ന് മാറി ഭർതൃ വീട്ടിൽ താമസിക്കുന്നവർക്കും വോട്ടു ചേർത്തിട്ടുണ്ട്.
ധർമ്മടം മണ്ഡലത്തിൽ തന്നെ ഇങ്ങനെ നിരവധിയാളുകൾക്ക് വോട്ടുകളുണ്ട്. ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള തഹസിൽദാരോട് ഈ വിഷയം ചുണ്ടിക്കാട്ടി പരാതി നൽകിയപ്പോൾ ജില്ലാ കലക്ടർക്ക് പരാതി നൽകാനാണ് പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ ഭൂരിപക്ഷം വർധിപ്പിക്കാൻ ജനാധിപത്യ പരമായി നടക്കേണ്ട തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് ചെയ്യുന്നത്. ഇതു സംബന്ധിച്ച് ഇരട്ട വോട്ടു കാരുടെയും വ്യാജ വോട്ടുകാരുടെയും പേർ വിവരങ്ങൾ സഹിതം ഇലക്ഷൻ കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. പരാതി. പരിഗണിച്ച് വ്യാജ വോട്ടുകൾ തള്ളിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് യു.ഡി.എഫ് ധർമ്മടം മണ്ഡലം കമ്മിറ്റി ചെയർമാൻ കെ.പി ജയാനന്ദനും അറിയിച്ചു. വ്യാജ വോട്ട് റദ്ദാക്കാൻ കലക്ടറുടെ അനുമതി വേണമെന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ പറയുന്നത് ശരിയല്ല..
ഇലക്ഷൻ കമ്മിഷണർ ടിക്കാറാം മീണ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് ഇരട്ട വോട്ടുകൾ ഒഴിവാക്കാൻ ഫോറം ഏഴു പ്രകാരം അപേക്ഷ കൊടുത്താൽ മതിയെന്നാണ്. വോട്ടർ പട്ടിക ശുദ്ധികരണമെന്ന പേരിൽ വോട്ടർ പട്ടിക പുതുക്കുന്നതിന് വേണ്ടി ചെലവാക്കുന്ന കോടിക്കണക്കിന് തുക ഒരു പ്രഹസനമായി മാറുകയാണ്.. ധർമ്മടം മണ്ഡലത്തിൽ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷവും പതിനായിരത്തോളം വോട്ടുകൾ പുതുതായി ചേർക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്..ഇതിൽ ഭൂരിഭാഗവും സി.പി.എം ചേർത്ത വ്യാജ വോട്ടുകളാണെന്നും ജയാനന്ദൻ ആരോപിച്ചു.
സി.പി.എം ശക്തികേന്ദ്രങ്ങളായ പയ്യന്നുരും ധർമ്മടത്തുമാണ് ഇരട്ട വോട്ട് വിവാദം കൂടുതലുയർന്നിരിക്കുന്നത് എന്നാൽ യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിലും ഇരട്ട വോട്ട് വ്യാപകമാണെന്നും കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞടുപ്പിൽ കള്ള വോട്ട് ചെയ്തതിന് മുസ്ലിം ലീഗ് പ്രവർത്തകനെ പോളിങ് ബുത്തിൽ നിന്നും പിടികൂടിയിട്ടുണ്ടെന്നും സി.പി.എം നേതൃത്വം ആരോപിച്ചു. വരുന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജയിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ വിജയത്തിന്റെ ശോഭ കെടുത്താൻ രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങൾ യു.ഡി.എഫ് ഉന്നയിക്കുകയാണെന്നാണ് സി.പി.എം നേതാക്കളുടെ ആരോപണം.












Click it and Unblock the Notifications