നടാല്‍ റെയില്‍വേഗേറ്റിനു സമീപം ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹം ബാര്‍ജീവനക്കാരന്റേത്
കണ്ണൂര്‍: എടക്കാട് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ നടാല്‍ റെയില്‍വേഗേറ്റിനു സമീപം കണ്ടല്‍ക്കാട്ടിലെ ചതുപ്പില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ ഇതരസംസ്ഥാനതൊഴിലാളിയുടെ മരണത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടം നടത്തിയതിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
അസം മര്‍ഗരിദ ജില്ലയിലെ ദിനൂദ് നായിക്കിന്റെ (28) മൃതദേഹമാണ് കണ്ടെത്തിയത്. നടാലിലെ ബാറില്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. ചതുപ്പില്‍ കെട്ടിക്കിടന്ന വെളളത്തില്‍ കമിഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹം.ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്നുണ്ടായ പരിശോധനയെ തുടര്‍ന്നാണ് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്.

എടക്കാട് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷമാണ് മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു.
യുവാവിന്റെ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മൃതദഹേം അഴുകുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നുണ്ട്. റെയില്‍വെ ട്രാക്കിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയതിനാല്‍ ട്രെയിന്‍തട്ടിയതാണോയെന്നു പൊലിസ് സംശയിക്കുന്നുണ്ട്. മൃതദേഹം കണ്ടസ്ഥലത്തേക്ക് കണ്ടല്‍ക്കാടുകള്‍ വെട്ടിതെളിച്ചാണ് പൊലിസിന് പ്രവേശിക്കാന്‍ കഴിഞ്ഞത്.
ബാറില്‍ നിന്നും കഴിഞ്ഞ 25ന് ഇയാള്‍ അവധിയെടുത്തിരുന്നു. നാട്ടിലേക്ക് പോകുന്നില്ലെന്നും സുഹൃത്തിന് കാണാനാണ് പോകുന്നതെന്നും ബാര്‍ അധികൃതരോട് പറഞ്ഞതായി വിവരമുണ്ട്. തിരിച്ചെത്തുമെന്നു പറഞ്ഞദിവസം ദിവസം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് ബാര്‍ അധികൃതര്‍ എടക്കാട് പൊലിസില്‍ പരാതി നല്‍കിയിരുന്നു.
മൃതദേഹം കണ്ടെത്തുമ്പോള്‍ പാന്റ്സും ഷര്‍ട്ടുമാണ് വേഷം. ഈയാളുടെ കൂടെ മറ്റാരെങ്കിലുമുണ്ടായിരുന്നുവെന്നു അറിയുന്നതിനായി പ്രദേശത്തെ സി.സി.ടി.വിക്യാമറകള്‍ പൊലിസ് പരിശോധിച്ചുവരികയാണ്. എന്നാല്‍ സംഭവം കൊലപാതകമാണെന്നു ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് പൊലിസിന്റെ നിലപാട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമാണ് അനന്തര നടപടികള്‍ സ്വീകരിക്കുക.












Click it and Unblock the Notifications