യൂത്ത് കോണ്‍ഗ്രസെന്താ പോഷക സംഘടനയല്ലേ... സതീശന്‍പാച്ചേനിയെ രൂക്ഷമായി വിമര്‍ശിച്ച് മാക്കുറ്റി
കണ്ണൂര്‍: ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ സതീശന്‍ പാച്ചേനിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍മാക്കുറ്റി. യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലയിലെ പരിപാടികള്‍ക്ക് ഡിസിസി പ്രസിഡന്റ് 'ഊരുവിലക്ക്' കല്‍പ്പിക്കുന്നതായി ആരോപിച്ച് കണ്ണൂര്‍ ലോക്‌സഭ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുടെ പോസ്റ്റാണ് വിവാദമായിരിക്കുന്നത്. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള വാട്‌സ്ആപ് ഗ്രൂപ്പിലാണ് പ്രസിഡന്റിനെ പരോക്ഷമായി വിമര്‍ശിച്ച് കുറിപ്പ് വന്നത്.
സതീശന്‍ പാച്ചേനി ഏത് വേദിയിലും യൂത്ത് കോണ്‍ഗ്രസിനെ സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിക്കുന്നതായും മഹിളാ കോണ്‍ഗ്രസ് മാത്രമല്ല പോഷക സംഘടനയെന്നും മാക്കുറ്റി കുറിപ്പില്‍ വിമര്‍ശിക്കുന്നു. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 28ന് യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഗാന്ധി ദിനാചരണ പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനായി ആലത്തൂര്‍ എം പി രമ്യ ഹരിദാസിനെയായിരുന്നു നിശ്ചയിച്ചത്. ഉച്ചയ്ക്കു രണ്ടോടെയാണ് രമ്യ ഹരിദാസ് എത്തേണ്ടത്. എന്നാല്‍ ഇതിനിടയില്‍ ഡിസിസി പ്രസിഡന്റ് ഇടപെട്ട് പരിപാടി മാറ്റിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

വൈകുന്നേരം നടക്കുന്ന ഡിസിസി പരിപാടിക്കു മുന്‍പേ ഇത്തരത്തില്‍ ഒരു ദിനാചരണം നടത്താന്‍ പാടില്ലെന്നായിരുന്നു പ്രസിഡന്റിന്റെ വിലക്ക്. എന്നാല്‍ അതിനു സമ്മതിക്കാതെ മാക്കുറ്റിയുടെ നേതൃത്വത്തില്‍ പരിപാടിയുമായി നേതാക്കള്‍ മുന്നോട്ടുപോയി. രമ്യ ഹരിദാസിനെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ലെന്നായി പിന്നീടുള്ള നടപടി. എന്നാല്‍ കെ സുധാകരന്‍ ഇടപെട്ട് രമ്യയെ യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടിക്ക് വിടണമെന്ന് പാച്ചേനിയെ അറിയിക്കുകയായിരുന്നു.
ഇതിനിടയില്‍ രമ്യ ഹരിദാസിനെയും കൂട്ടി ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മട്ടന്നൂരിലെ രക്തസാക്ഷി ഷുഹൈബിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ രണ്ട് സംസ്ഥാന ഭാരവാഹികളെ പോലും അറിയിക്കാതെയാണ് സന്ദര്‍ശനം നടത്തിയത്. ഈ വിഷയവും റിജില്‍ മാക്കുറ്റി തന്റെ കുറിപ്പി ല്‍ എടുത്തു പറയുന്നുണ്ട്. ചാനലിലും പത്രങ്ങളിലും മുഖംവരാനെല്ല യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ കൂടിയായ രമ്യ സന്ദര്‍ശിക്കുമ്പോള്‍ തങ്ങളെ അറിയിക്കാത്തതില്‍ വിഷമമുണ്ടെന്നും മാക്കുറ്റി കുറിച്ചു.
യൂത്ത് കോണ്‍ഗ്രസും പോഷക സംഘടന തന്നെയാണെന്നും ഏത് വേദിയിലും യൂത്ത് കോണ്‍ഗ്രസിനെ സ്ഥാനത്തും അസ്ഥാനത്തും പ്രസിഡന്റ് വിമര്‍ശിക്കാറുള്ളതും മാക്കുറ്റി ചൂണ്ടിക്കാട്ടി. ഡിസിസി തീരുമാനിച്ച പരിപാടി യൂത്ത് കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്യുന്നുവെന്ന തരത്തിലും അഭിപ്രായങ്ങളുമുണ്ടായി. എന്നാല്‍ അത് നേരെ മറിച്ചാണ് സംഭവിക്കുന്നത്. ആന്തൂരിലെ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പരിപാടി വച്ചപ്പോഴും മോശം പ്രതികരണം പ്രസിഡന്റില്‍ നിന്നുണ്ടായി. ഏഴുവര്‍ഷമായി പുനസംഘടിപ്പിക്കാത്ത കമ്മിറ്റിയാണ് ഞങ്ങളുടെത്. ഞങ്ങളുടെ പരിമിതിയില്‍ നിന്ന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യുന്നുണ്ട്. ഇനി യൂത്ത് കോണ്‍ഗ്രസ്സ് ഏതൊക്കെ കാര്യക്കളില്‍ ഇടപെടണം ഇടപെടരുതെന്ന് ഡിസിസി നിര്‍ദ്ദേശം തന്നാല്‍ ആ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും പോസ്റ്റില്‍ പരിഹസിക്കുന്നുണ്ട്.












Click it and Unblock the Notifications