കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാന്‍ ഏല്‍പ്പിച്ച പണമാണ് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ മുക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.
പണം തട്ടിയെടുത്തവരെ തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പണം തട്ടിയെടുത്തവര്‍ ആരെയും വെറുതെ വിടില്ലെന്നും, നടപടിയെടുക്കുമെന്നുമായിരുന്നു ഡിസിസി ഓഫീസില്‍ നടന്ന പരിപാടിയില്‍ ഉണ്ണിത്താന്‍ പറഞ്ഞത്. പാര്‍ട്ടിക്കാര്‍ക്കെതിരെ ഉണ്ണിത്താന്‍ ആരോപണം ഉന്നയിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഈ വീഡിയോ ക്യാമറയില്‍ ചിത്രീകരിച്ചത്. പ്രസംഗത്തിനിടെ വീഡിയോ ചിത്രീകരിക്കുന്നത് കണ്ട ഉണ്ണിത്താന്‍ അത് നിര്‍ത്താനും ചിത്രീകരിച്ച ഭാഗം ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ബ്ലോക് കമ്മിറ്റിക്കും മണ്ഡലം കമ്മിറ്റിക്കും കൊടുക്കേണ്ട പൈസ കൃത്യമായി കൊടുത്തിരുന്നു.
യുഡിഎഫിനുള്ളതും ആവശ്യത്തിന് കൊടുത്തതാണ്. ബൂത്ത് കമ്മിറ്റികള്‍ക്ക് കൊടുക്കാന്‍ നല്‍കിയ പണമാണ് ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയത്. അവരെയെല്ലാം പിടിച്ചിട്ടുണ്ട്. ഇക്കാര്യം ഡിസിസി പ്രസിഡന്റിനും അറിയാം. ബൂത്തില്‍ കൊടുക്കാന്‍ തന്നെ പൈസ ബൂത്തിനുള്ളതാണ്. അതൊന്നും എടുത്ത് മാറ്റാന്‍ ആരെയും അനുവദിക്കില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീഡിയോയില്‍ പറയുന്നുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കാസര്‍കോട് കോണ്‍ഗ്രസില്‍ വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ നേരത്തെ രൂക്ഷമായിട്ടാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ വിമര്‍ശിച്ചത്.
കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ എംപി സംഭാഷണം നടത്തിയെന്നായിരുന്നു ബാലകൃഷ്ണന്‍ പെരിയയുടെ ആരോപണം. പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് അദ്ദഹം പിന്‍വലിച്ചിരുന്നു. ബാലകൃഷ്ണന്‍ ഉന്നയിച്ച ആരോപണം തെളിയിച്ചാല്‍ കോണ്‍ഗ്രസില്‍ നിന്ന് താന്‍ രാജിവെക്കുമെന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരപിച്ചത്.












Click it and Unblock the Notifications