ലോക്‌സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
കാസർഗോഡ്: കേരളത്തിന്റെ വടക്കേ അറ്റത്തെ ലോക്‌സഭാ മണ്ഡലമായ കാസർഗോഡ് ഇക്കുറി തിരഞ്ഞെടുപ്പ് പോരാട്ടം കനത്ത ചൂടിലാണ്. ഇന്നലെ പരസ്യ പ്രചരണം അവസാനിച്ചപ്പോൾ മൂന്ന് മുന്നണികളും കൊട്ടിക്കലാശം പതിവിലും ഗംഭീരമാക്കി. വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പ് ആയതിനാൽ തന്നെ അതിന്റെ ഗൗരവം കാത്തുസൂക്ഷിക്കുന്ന പ്രതീതി തന്നെയായിരുന്നു മണ്ഡലത്തിൽ ഉടനീളം.
രാഷ്ട്രീയം പറഞ്ഞു തന്നെയാണ് മുന്നണികൾ പരസ്‌പരം ഒരു മാസത്തോളം നീണ്ട പ്രചരണം നടത്തിയത്. വികസനവും നേട്ടങ്ങളും മുരടിപ്പും ഒക്കെ ചർച്ചയായ ഒരു കാലയളവായിരുന്നു കടന്നുപോയത്. എന്നാൽ ഇത്രയും നാൾ നീണ്ടുനിന്ന പ്രചരണത്തിന് ഒടുവിൽ മത്സരം അവസാന ലാപ്പിൽ എത്തിയപ്പോൾ മുന്നണികൾ ഒക്കെയും ജയ പ്രതീക്ഷയിലാണ്.

കഴിഞ്ഞ ദിവസം നടന്ന കൊട്ടിക്കലാശം തന്നെ ഇതിന് ഉദാഹരണം. ഇതിന്റെ ആവേശം വിട്ടുമാറും മുൻപ് തന്നെ ജില്ലയിൽ നിരോധാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്. എന്തായാലും അവസാന മണിക്കൂറുകളോട് അടുക്കുമ്പോഴും മൂന്ന് മുന്നണികളുടെയും അണികൾ കടുത്ത ജയപ്രതീക്ഷ തന്നെ വച്ച് പുലർത്തുന്നുണ്ട്. ആർക്കും കൃത്യമായി മുൻതൂക്കം ഇക്കുറി അവകാശപ്പെടാൻ കഴിയില്ലെന്ന് ചുരുക്കം.
രാജ്‌മോഹൻ ഉണ്ണിത്താൻ-യുഡിഎഫ്
കഴിഞ്ഞ തവണ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ എത്തിയ ആളാണ് രാജ്‌മോഹൻ ഉണ്ണിത്താൻ, അതും അവസാന നിമിഷം. എന്നാൽ അങ്ങനെ വന്നത് കൊണ്ട് കാസർഗോഡുകാർ അദ്ദേഹത്തെ കൈവിട്ടില്ല. ഒടുവിൽ സിപിഎമ്മിന്റെ സതീഷ് ചന്ദ്രനെ തകർത്ത് ഉണ്ണിത്താൻ വിജയിച്ചപ്പോൾ അവർ ഉണ്ണിച്ച എന്ന വിളിപ്പേരും അദ്ദേഹത്തിന് സമ്മാനിച്ചു.
സിറ്റിങ് എംപിയായ ഉണ്ണിത്താന് കാര്യമായ എതിർപ്പ് മണ്ഡലത്തിൽ നിന്ന് ഇക്കുറി നേരിടേണ്ടി വന്നിട്ടില്ല എന്നതാണ് അദ്ദേഹത്തെ സംബന്ധിച്ച് പ്രതീക്ഷ ഉയർത്തുന്ന ഘടകം. എംപിയെന്ന നിലയിൽ ഉണ്ണിത്താന്റെ പ്രകടനത്തെ കുറിച്ച് വോട്ടർമാർ എങ്ങനെ കാണുന്നു എന്നത് കൃത്യമായി അറിയാൻ ജൂൺ നാല് വരെ കാത്തിരിക്കേണ്ടി വരും.
എംവി ബാലകൃഷ്‌ണൻ-എൽഡിഎഫ്
ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കണം എന്ന ഉറച്ച തീരുമാനവുമായാണ് ഇടത് മുന്നണി പാർട്ടിയുടെ നേതൃത്വത്തിൽ നിന്ന് തന്നെ ഒരാളെ രംഗത്ത് ഇറക്കുന്നത്. പാർട്ടി ജില്ലാ സെക്രട്ടറിയായ എംവി ബാലകൃഷ്‌ണൻ മാസ്‌റ്റർ മണ്ഡലത്തിലുള്ള ആളുകൾക്ക് അപരിചിതനല്ല. അതുകൊണ്ട് വോട്ടുകൾ കൂടുതൽ പെട്ടിയിലാക്കാം എന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. മണ്ഡലത്തിലെ പാർട്ടി വോട്ടുകൾ ഏകീകരിക്കുക എന്ന ഉദ്ദേശവും ഇതിന് പിന്നിലുണ്ട്.
കഴിഞ്ഞ ഇരു മാസത്തോളം സംഘടനാ സംവിധാനം മുഴുവൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാൻ കാരണം ജില്ലാ സെക്രട്ടറിയുടെ വരവാണ്. ഇതാണ് എൽഡിഎഫ് ജയം സ്വപ്‌നം കാണാൻ കാരണം. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം ഉണ്ണിത്താനിൽ നിന്ന് പിടിച്ചെടുക്കാൻ കഴിയുമെന്നാണ് എൽഡിഎഫ് ഉറച്ച് വിശ്വസിക്കുന്നത്.
എംഎൽ അശ്വിനി-എൻഡിഎ
മണ്ഡലത്തിൽ യഥാർത്ഥ അപ്രതീക്ഷിത സ്ഥാനാർത്ഥി എന്ന് വിളിക്കാവുന്ന ആളാണ് എംഎൽ അശ്വിനി. പ്രചരണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ വോട്ടർമാരെ കൈയിലെടുക്കാൻ അശ്വിനിക്ക് കഴിഞ്ഞുവെന്നതാണ് ബിജെപിയ്ക്ക് നൽകുന്ന പ്രതീക്ഷ. കൂടാതെ യുവാക്കളെ പ്രചരണത്തിന് കൂടുതൽ എത്തിക്കാൻ അശ്വിനിയുടെ വരവിന് കഴിഞ്ഞു എന്ന് വേണം കരുതാൻ.
വനിതാ മോർച്ചയുടെ നേതാവ് കൂടിയായ അശ്വിനി വന്നതോടെ പാർട്ടി കേന്ദ്രങ്ങൾ കൂടുതൽ സജീവമായി എന്നാണ് ബിജെപി കരുത്തുന്നത്. അതാണ് ഇന്നലത്തെ കൊട്ടിക്കലാശത്തിൽ പ്രതിഫലിച്ചതെന്നും അവർ വിലയിരുത്തുന്നു. ജയമില്ലെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ടുകൾ ബിജെപിക്ക് പിടിക്കാൻ കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications