പോരാട്ട ഭൂമിയായി കാസർഗോഡ്; ഉണ്ണിച്ചയ്ക്ക് കാര്യങ്ങൾ എളുപ്പമല്ല, അശ്വിനി കളംപിടിക്കുമോ? ജയംതേടി സിപിഎമ്മും
കാസർഗോഡ്: ഓരോ തിരഞ്ഞെടുപ്പും ഓരോ പാഠപുസ്‌തകങ്ങളാണ് എന്നാരോ പറഞ്ഞു കേട്ടിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കും, വോട്ടർമാർക്കും ശരിക്കും അതൊരു പാഠം തന്നെയാണ്. ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്തതിലേക്ക് നീങ്ങുന്ന കാലയളവ് തിരിച്ചറിവുകളുടേത് ആയിരിക്കും. മാറ്റങ്ങളുടേതും ആയിരിക്കും. ഇന്നിതാ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം കാലെടുത്ത് വയ്ക്കുമ്പോൾ അവിടെ പ്രവചനങ്ങൾക്ക് അതീതമായി എന്തും സംഭവിക്കാനിടയുള്ള മണ്ഡലങ്ങളുടെ പട്ടികയിൽ വടക്കേ അറ്റത്തെ കാസർഗോഡും ഉണ്ട്.
കഴിഞ്ഞ തവണ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി കാസർഗോഡേക്ക് വണ്ടി കയറിയ രാജ്‌മോഹൻ ഉണ്ണിത്താൻ പിന്നീട് തലസ്ഥാനത്തേക്ക് വന്നിട്ടില്ല. ഇടക്കാലത്ത് കാസർഗോഡുകാരുടെ ഉണ്ണിച്ച എന്ന വിളിപ്പേരും സ്വന്തമാക്കി ഉണ്ണിത്താൻ ഒരു അങ്കത്തിന് കൂടി തയ്യാറെടുക്കുമ്പോൾ ഇക്കുറി കാര്യങ്ങൾ പഴയത് പോലെ ഒട്ടും എളുപ്പമാവില്ല എന്നുറപ്പാണ്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി സൃഷ്‌ടിച്ച സുനാമിയിൽ കടപുഴകിയ ഇടത് കോട്ടയ്ക്ക് തിരിച്ചുപോകാനുള്ള വ്യഗ്രത ഉണ്ടാവുമെന്ന് ഉണ്ണിത്താനും അറിയാം.

ഇക്കാലമത്രയും പുറത്തുനിന്ന് കളി കണ്ട ബിജെപി ഇത്തവണ നേരിട്ട് കളത്തിൽ ഇറങ്ങിയതാവട്ടെ സർപ്രൈസ് സ്ഥാനാർത്ഥിയിലൂടെ ആയിരുന്നു. സിപിഎം രംഗത്തിറക്കുന്നത് പാർട്ടിയുടെ ജില്ലയിലെ ചോദ്യം ചെയ്യപ്പെടാനാവാത്ത, അനിഷേധ്യനായ നേതാക്കളിൽ ഒരാളെയുമാണ്. സിറ്റിങ് എംപിയെന്ന പേരിൽ വെറുതെ ഇരുന്നാൽ ജയം തീണ്ടാപ്പാട് അകലെയാവും എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ടാവണം ഉണ്ണിത്താൻ പ്രചാരണം ഒന്നുകൂടി ശക്തമാക്കുന്നത്.
സ്ഥാനാർത്ഥികൾ
ഒരിക്കൽ കൂടി ഇവിടെ കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ തന്നെയാണ് യുഡിഎഫിനായി മത്സര രംഗത്തുള്ളത്. സിറ്റിങ് എംപിമാർക്ക് നറുക്ക് വീണപ്പോൾ അതിൽ ഒരാളായി ഉണ്ണിത്താനും ഇടംപിടിച്ചു. സിപിഎം ആവട്ടെ ജില്ലാ സെക്രട്ടറി ആയിരുന്നു എംവി ബാലകൃഷ്‌ണനെയാണ് ഇറക്കുന്നത്. പാർട്ടിയുടെ പ്രാദേശിക തലം മുതൽ ജില്ലാ കമ്മിറ്റിവരെ ശക്തമായ പ്രവർത്തനം ഇതിലൂടെ അവർ ലക്ഷ്യമിടുന്നു. കൂട്ടത്തിൽ ജൂനിയറും എന്നാൽ യുവ ശബ്‌ദവുമായ എൽഎൽ അശ്വിനി തികഞ്ഞ ആത്മവിശ്വാത്തിലാണ് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
2019 തിരഞ്ഞെടുപ്പ്
എംപിയായി മൂന്ന് വട്ടം തികച്ച പി കരുണാകരനെ മാറ്റിയാണ് കഴിഞ്ഞ തവണ സിപിഎം കെപി സതീഷ് ചന്ദ്രനെ മത്സരത്തിന് ഇറക്കിയത്. ഒരുപാട് അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും ഒക്കെ ഒടുവിൽ അവസാന നിമിഷം രാജ്‌മോഹൻ ഉണ്ണിത്താന് യുഡിഎഫിൽ നറുക്ക് വീണു. ബിജെപിക് വേണ്ടി രവീശതന്ത്രിയും കളത്തിൽ ഇറങ്ങി. ഇടതുമുന്നണിയുടെ മുഴുവൻ പ്രതീക്ഷകളെയും അസ്ഥാനത്താക്കി ഒടുവിൽ ഉണ്ണിത്താൻ അല്ലെങ്കിൽ കാസർഗോഡുകാരുടെ ഉണ്ണിച്ച ഇവിടെ ജയിച്ചുകയറി. 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഉണ്ണിത്താന്റെ ജയം.
നിലവിലെ രാഷ്ട്രീയ സാഹചര്യം
ഇവിടെ കോൺഗ്രസിന് പറയത്തക്ക പ്രശ്‌നങ്ങൾ ഒന്നും നിലവിലില്ല. സിറ്റിങ് എംപിയെന്ന നിലയിൽ രാജ്‌മോഹൻ ഉണ്ണിത്താനെ മോശമായി കാണുന്ന നിലയും മണ്ഡലത്തിൽ ഇല്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാൽ കഴിഞ്ഞ തവണ കൈവിട്ട ചെങ്കോട്ട തിരിച്ചുപിടിക്കാൻ ഏത് വിധേനയും ഇടതുപക്ഷം ശ്രമിക്കും എന്നത് മത്സരത്തിന്റെ വീറും വാശിയും വർധിപ്പിക്കും. മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ സ്വാധീനമുള്ള വനിതാ മോർച്ച നേതാവ് കൂടിയായ അശ്വിനിയുടെ പ്രകടനവും നിർണായകമാവും എന്നാണ് വിലയിരുത്തൽ.
സാധ്യത ആർക്ക്?
പൂർണമായും ഏതെങ്കിലും ഒരു മുന്നണിക്ക് ഇവിടെ ജയസാധ്യത ജനങ്ങൾ കൽപിച്ചു കൊടുക്കുന്നില്ല എന്നതാണ് മണ്ഡലത്തിന്റെ പൊതുചിത്രം. വളരെക്കാലം ഇടതു കോട്ടയായ മണ്ഡലം ആയതിനാൽ തന്നെ അവർക്ക് ഏത് നിമിഷവും ഒരു തിരിച്ചുവരവ് നടത്താൻ കഴിയും. മണ്ഡലത്തിൽ ഏറ്റവും നിർണ്ണായകമാവുക ന്യൂനപക്ഷ വോട്ടുകൾ തന്നെയാണ്.
മുസ്ലീം ലീഗിന് ഉൾപ്പെടെ സ്വാധീനമുള്ള മേഖകളിൽ ഇതിൽ ഉൾപ്പെടുന്നുണ്ട്. മുസ്ലീം വോട്ടുകൾ പലവഴിക്ക് പിരിയാതെ പെട്ടിയിലാക്കാൻ കഴിഞ്ഞാൽ ഉണ്ണിത്താന് ഗുണം ചെയ്‌തേക്കും. പാർട്ടിയുടെ ഉറച്ച വോട്ടുകളിൽ കണ്ണ് വെച്ചാണ് എംവി ബാലകൃഷ്‌ണൻ പ്രചാരണം നടത്തുന്നത്. അശ്വിനി എത്ര വോട്ടുകൾ പിടിക്കുമെന്നതും മണ്ഡലത്തിന്റെ വിധി നിർണയത്തിൽ സുപ്രധാന ഘടകമാവും.












Click it and Unblock the Notifications