ഇന്നലെ രാത്രി വരെ ലഭിച്ചത് 17 പരാതികൾ; പുറംലോകം അറിയാത്ത സംഭവങ്ങൾ വേറെ, ചുമതല പ്രത്യേക സംഘത്തിന്
കൊച്ചി: സിനിമാ മേഖലയിലെ പീഡനങ്ങളും ലൈംഗിക ചൂഷണങ്ങളും അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചതിന് പിന്നാലെ ഡിജിപിക്ക് ഉൾപ്പെടെ പരാതി പ്രവാഹം. ഇന്നലെ രാത്രി വരെ മാത്രം വിഷയത്തിൽ 17 പരാതികൾ ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തൽ നടത്തി പുറംലോകം അറിഞ്ഞ കേസുകൾ കൂടാതെ അതല്ലാത്ത പുതിയ പരാതികളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
രാത്രി വരെ മാത്രം 17 പരാതികൾ ലഭിച്ചെന്നും ഓരോ പരാതിയും അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ ഐജി സ്‌പർജൻ കുമാർ അറിയിച്ചിരുന്നു. മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ച ഭൂരിഭാഗം പേരും പോലീസിൽ നേരിട്ട് പരാതി നൽകി കഴിഞ്ഞു. അതിൽ ഏറെയും മുൻനിര താരങ്ങൾക്ക് എതിരെയാണെന്നതാണ് ശ്രദ്ധേയമായ കാര്യങ്ങളിൽ ഒന്ന്.

ജയസൂര്യ, മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നീ നടൻമാരും ഒരു പ്രൊഡക്ഷൻ കൺട്രോളറും ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് നടി മിനു മുനീർ പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘത്തിന് ഇമെയിൽ വഴിയായിരുന്നു ഇവർ പരാതി നൽകിയത്. ഓരോരുത്തർക്കും എതിരെ പ്രത്യേക പരാതിയാണ് നൽകിയത്.
ഇതിന് പുറമേ അമ്മയുടെ ജനറൽ സെക്രട്ടറി ആയിരുന്ന മുതിർന്ന നടൻ സിദ്ദിഖിനെതിരെ യുവനടി രേവതി സമ്പത്തും പരാതി നൽകിയിട്ടുണ്ട്. ഡിജിപിക്കാണ് അവർ പരാതി നൽകിയത്. ഇവർക്ക് പുറമെ ബാബുരാജിനും സംവിധായകൻ ശ്രീകുമാർ മേനോനും എതിരെ വെളിപ്പെടുത്തൽ നടത്തിയ ജൂനിയർ ആർട്ടിസ്‌റ്റും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇമെയിൽ മുഖേനയാണ് ഇവർ പരാതി സമർപ്പിച്ചത്.
അതേസമയം, സിനിമയിലെ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച് സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളിൽ രജിസ്‌റ്റർ ചെയ്യുന്ന എല്ലാ കേസുകളും ലഭിക്കുന്ന പരാതികളും പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുമെന്നാണ് അറിയിച്ചിട്ടുണ്ട്. സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി കൊച്ചി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും.
ഇതിനിടെ സെക്രട്ടറിയേറ്റിൽ വച്ച് നടന്ന പീഡന ആരോപണത്തിൽ അന്വേഷണം നടത്താൻ പ്രത്യേക അനുമതി വേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. അതിസുരക്ഷാ മേഖലയായി കണക്കാക്കുന്ന സെക്രട്ടറിയേറ്റിൽ കുറച്ചു കാലമായി സിനിമാ ചിത്രീകരണത്തിന് അനുമതി നൽകാറില്ല. നടി പരാതി നൽകിയില്ലെങ്കിലും സംഭവം നടന്ന സെക്രട്ടറിയേറ്റ് ആയതിനാൽ പോലീസ് അന്വേഷണം നടത്തിയേക്കും.












Click it and Unblock the Notifications