ബൈക്കില്‍ ഇന്ധനമില്ലാത്തതിന് 250 രൂപ പിഴയോ; സത്യാവസ്ഥ എന്താണ്, വിശദീകരണവുമായി പൊലീസ്
കൊച്ചി: വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരില്‍ പോലീസ് പിഴ ചുമത്തിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്ന് വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. വാഹനം ഓടിക്കുന്നവര്‍ ഫുള്‍ ടാങ്ക് പെട്രോള്‍/ഡീസല്‍ അടിച്ച് വെക്കാന്‍ മറക്കരുത് അല്ലെങ്കില്‍ പോലീസ് അതിനും പിഴ ഇടാക്കി സര്‍ക്കാര്‍ ഖജനാവ് നിറയ്ക്കും എന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നത്. സംഭവം വിവാദമായതോടെ ഇപ്പോഴിതാ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പൊലീസ്.

ചെല്ലാന്‍ മെഷീനില്‍ പിഴ സംബന്ധിച്ച കുറ്റകൃത്യത്തിന്റെ കോഡ് നമ്പര്‍ സെലക്ട് ചെയ്തപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന് സംഭവിച്ച അബദ്ധമാണ് ഇതെന്ന് കേരള പൊലീസ് സോഷ്യല്‍ മീഡിയ പേജിലൂടെ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 46 (2) ആണ് ചെലാനില്‍ വന്ന കുറ്റകൃത്യം. ടാക്‌സി ഉള്‍പ്പടെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ മതിയായ ഇന്ധനമില്ലാത്തതിനെതിരെ ചുമത്തുന്ന വകുപ്പാണതെന്നും പൊലീസ് പറയുന്നു.

യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ നിയമം രൂപവത്കരിച്ചിട്ടുള്ളത്. അമിത പ്രകാശ പരത്തുന്ന ലൈറ്റുകള്‍ ഘടിപ്പിച്ച ബൈക്കില്‍ വണ്‍വേ തെറ്റിച്ച വന്ന യുവാവിന് പിഴ നല്‍കിയപ്പോഴാണ് കോഡ് നമ്പര്‍ തെറ്റായിപ്പയതെന്നും പൊലീസ് വിശദീകരണ കുറിപ്പില്‍ പറയുന്നു. പൊലീസിന്റെ വിശദീകരണ കുറിപ്പ് ഇങ്ങനെ,

വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരില്‍ പോലീസ് പിഴ ചുമത്തിയെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതിനു പിന്നിലെ വാസ്തവമിതാണ്. എറണാകുളം ഇടത്തല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ജൂലൈ 22നാണ് സംഭവം. അമിതപ്രകാശം പരത്തുന്ന ലൈറ്റുകള്‍ ഘടിപ്പിച്ച ബൈക്കുമായി വണ്‍വേ തെറ്റിച്ചു വന്ന യുവാവിനെ പോലീസ് തടയുകയും പിഴ അടക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

പിഴ തുകയായ 250 രൂപ (അനുവദനീയമല്ലാത്ത ലൈറ്റ് ഘടിപ്പിച്ചതിന്) ഒടുക്കാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ചെല്ലാന്‍ മെഷീനില്‍ പിഴ സംബന്ധിച്ച കുറ്റകൃത്യത്തിന്റെ കോഡ് നമ്പര്‍ സെലക്ട് ചെയ്തപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന് അബദ്ധം സംഭവിക്കുകയും Kerala Motor Vehicle Rules സെക്ഷന്‍ 46(2)e ത സെലക്ട് ആവുകയും ചെയ്തു.

പിഴ അടച്ച ചെല്ലാനില്‍ സൂചിപ്പിച്ചിരിക്കുന്ന കുറ്റകൃത്യം കൗതുകമായി തോന്നിയ യുവാവ് ഈ ചെലാന്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്യുകയും ആയത് ലേശം കൗതുകം കൂടുതലുള്ള മറ്റാരോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. അബദ്ധം മനസിലാക്കിയ പോലീസ് യുവാവിനെ ബന്ധപ്പെട്ട് ഇക്കാര്യം ബോധ്യപ്പെടുത്തുകയും പുതിയ ചെലാന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ട്രാഫിക് നിയമങ്ങള്‍ സംബന്ധിച്ച പുതിയ അറിവ് കിട്ടിയതിലും തന്റെ അനുഭവം വൈറല്‍ ആയതിലും യുവാവ് ഇപ്പോള്‍ ഹാപ്പിയാണ്.
ഹിമാചലില്‍ ന്യൂ ജനറേഷന്‍ ഫ്രീക്കത്തിയായി അനശ്വര; ചിത്രങ്ങള്‍ പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications