എറണാകുളത്ത് റോഡിലൂടെ പാറിപറന്ന് അഞ്ഞൂറിന്റെ നോട്ടുകൾ; അമ്പരപ്പ്, പിന്നെ വാരിയെടുക്കാനുള്ള ധൃതി, സംഭവം ഇങ്ങനെ
എറണാകുളം: ഓർക്കാപ്പുറത്ത് നിങ്ങളുടെ കണ്മുന്നിൽ ഒരുപാട് പണം വന്ന് നിറഞ്ഞാൽ നിങ്ങൾ എന്താവും തൊട്ടടുത്ത നിമിഷം ചെയ്യുക, തീർച്ചയായും ആ കാഴ്‌ച കണ്ടാൽ നിങ്ങൾ അൽപനേരം സ്‌തബ്‌ധിച്ചു പോവുമെന്ന് ഉറപ്പാണ്. അത് തന്നെയാണ് ഇന്നലെ എറണാകുളം-ആലുവ ദേശീയപാതയ്ക്ക് അരികിൽ ചൂർണിക്കരയ്ക്ക് അടുത്ത് സംഭവിച്ചത്.
ഒട്ടും പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു സാധാരണ ചൂടേറിയ പ്രഭാതം ഇങ്ങനെ മുന്നോട്ട് പോകവെയാണ് പൊടുന്നനെ അത് സംഭവിച്ചത്. റോഡിലും വായുവിലും ഒക്കെ അഞ്ഞൂറിന്റെ നോട്ടുകൾ പറന്നൊഴുകുന്നു. ആദ്യം കണ്ടപ്പോൾ പലർക്കും വിശ്വാസമായില്ല. ആരെയും കുറ്റം പറയാൻ പറ്റില്ലാലോ, ഇത് ചെറുപ്പക്കാരുടെ പ്രങ്കുകളുടെ കാലമല്ലേ? എന്നാൽ ചിലരൊക്കെ അതിവേഗം പ്രതികരിക്കാൻ തുടങ്ങി.

റോഡിൽ നിറയെ അഞ്ഞൂറിന്റെ നോട്ടുകൾ തലങ്ങും വിലങ്ങും കിടക്കുന്ന കാഴ്‌ച കണ്ടതോടെ കുറെ പേർ ഞെട്ടലിലായി. സ്വാബോധം വീണ്ടെടുത്ത ഒരാൾ അടുത്തുള്ള ലോട്ടറി കടയിൽ കൊണ്ട് പോയി നോട്ട് മാറി ലോട്ടറി വാങ്ങിച്ചതോടെയാണ് എല്ലാവരും ഉണർന്നത്. പിന്നെ നോട്ടുകൾ വാരി കൂട്ടാനുള്ള തിരക്കായിരുന്നു ആളുകളുടെ.
കള്ളനോട്ട് ആകുമെന്ന ചിന്തയിലായിരുന്ന ചിലർ തുടക്കത്തിൽ മാറി നിന്നെങ്കിലും പിന്നെ അവരും വാരിക്കൂട്ടാൻ ഒപ്പം ചേർന്നു. ഒടുവിൽ സ്ഥാനത്തെത്തിയ ഒരു പ്രാദേശിക കോൺഗ്രസ് നേതാവ് പോലീസിൽ വിവരം അറിയിച്ചതോടെയാണ് അവർ സ്ഥലത്തെത്തിയത്. പണത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് ഇതുവരെ ആരുംതന്നെ രംഗത്ത് വന്നിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
ചൂർണിക്കര കമ്പനിപ്പടിയിൽ ഇന്നലെ നോട്ട് മഴ പെയ്‌തതോടെ വാർത്തകളിൽ നിറയുകയും ചെയ്‌തു. എന്നാൽ സംഭവത്തിൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനത്തിൽ നിന്ന് അറിയാതെ തെറിച്ചു പോയതാണോ, അതല്ലെങ്കിൽ മനപൂർവം ആരെങ്കിലും ഈ പണം ഉപേക്ഷിച്ചതാണോ എന്നതുൾപ്പടെ പോലീസ് പരിശോധിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.












Click it and Unblock the Notifications