'രാഹുലിന്റെ ജയത്തിന് പിന്നിൽ മുസ്ലീം വർഗീയ ചേരി, പ്രിയങ്കയുടെ ഘോഷയാത്രയിൽ ആരൊക്കെ?'; എ വിജയരാഘവൻ
വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രാഹുൽ ഗാന്ധിയുടെ ജയത്തെ വിമർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. മുസ്ലീം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണ് രാഹുൽ തിരഞ്ഞെടുപ്പിൽ ജയിച്ചതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. സിപിഎം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് വിജയരാഘവന്റെ പരാമർശം. രാഹുൽ ഗാന്ധിയുടെ ജയത്തെയാണ് വിജയരാഘവൻ രൂക്ഷമായി വിമർശിച്ചത്.
പ്രിയങ്കയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട ഘടകങ്ങളാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു. വയനാട്ടിൽ രണ്ട് പേർ ജയിച്ചു. ആരുടെ പിന്തുണയിലാണ് രാഹുൽ ഗാന്ധി ജയിച്ചത്? മുസ്ലീം വർഗീയ ചേരിയുടെ ദൃഢ പിന്തുണ ഇല്ലെങ്കിൽ രാഹുൽ ഇവിടെ നിന്ന് ഡൽഹിയിൽ എത്തുമോ? എന്നായിരുന്നു വിജയരാഘവൻ ചോദിച്ചത്.

കോൺഗ്രസിന്റെ ഏറ്റവും വലിയ നേതാവല്ലേ അദ്ദേഹം. പ്രിയങ്ക ഗാന്ധി ഇവിടെ വന്നപ്പോൾ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ആരെല്ലാമായിരുന്നു? ന്യൂനപക്ഷ വർഗീയതയിലെ ഏറ്റവും മോശപ്പെട്ട ഘടകങ്ങൾ, തീവ്രവാദ ഘടകങ്ങളും വർഗീയ ഘടകങ്ങളും അതിലുണ്ടായിരുന്നില്ലേ? എന്നും വിജയരാഘവൻ ചോദിച്ചു.
കേന്ദ്ര സർക്കാരിനെയും അദ്ദേഹം വിമർശിച്ചു. ദേശീയ സ്വാതന്ത്ര്യസമര മൂല്യങ്ങളുടെ അടിത്തറയിലുള്ള ഭരണ നേതൃത്വമുള്ള നാടല്ല ഇപ്പോഴിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില പരിക്കുകളോടെയാണെങ്കിലും ബിജെപി മൂന്നാമതും ഭരണത്തിൽ വന്നിട്ടുള്ള നാടാണ് ഇന്ത്യ. ബിജെപിയെ നിയന്ത്രിക്കുന്നത് ആർഎസ്എസാണ്. സങ്കീർണമായ വിദ്വേഷത നിറഞ്ഞ രാഷ്ട്രീയത്തെ ഉൾക്കൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് ആർഎസ്എസ് എന്നും അദ്ദേഹം ആരോപിച്ചു.
നേരത്തേ തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയതിനെ വിജയരാഘവന്‍ ന്യായീകരിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കാറില്‍ പോകേണ്ട കാര്യമുണ്ടോ നടന്നും പോകാമല്ലോ എന്നായിരുന്നു വിജയരാഘവന്‍ ചോദിച്ചത്. പാവങ്ങൾക്കും ജാഥ നടത്തണ്ടേ എന്നും സോഷ്യലിസം വരുമെന്നും വിജയരാഘവൻ പറഞ്ഞിരുന്നു.
അതേസമയം, ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നും യുപിയിലെ റായ്ബറേലിയിൽ നിന്നും രാഹുൽ ഗാന്ധി ഒരുമിച്ച് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് വയനാട് മണ്ഡലത്തിലെ എംപി സ്ഥാനം അദ്ദേഹം രാജി വയ്ക്കുകയായിരുന്നു. പിന്നീടാണ് ഉപതിരഞ്ഞെടുപ്പിൽ സഹോദരിയായ പ്രിയങ്ക മണ്ഡലത്തിൽ മത്സരിച്ചത്. രാഹുലിന്റെ ഭൂരിപക്ഷം മറികടന്നു കൊണ്ടായിരുന്നു പ്രിയങ്ക ഇവിടെ ജയിച്ചു കയറിയത്.












Click it and Unblock the Notifications