25 ലക്ഷം രൂപയ്ക്ക് ഒരു കടുവക്കുഞ്ഞ്: പൂച്ചയെ പെയിന്റടിച്ച് വില്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
മറയൂർ: വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മറ്റേത് ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ് കേരളമെങ്കിലും വേഗത്തില്‍ തന്നെ പറ്റിക്കാനും സാധിക്കുന്ന ഒരു ജനവിഭാഗമാണ് മലയാളികളെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. ആട്, മാട്, തേക്ക്, ഒഞ്ചിയം കഥമുതല്‍ മോണ്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിന് വരെ തലവെച്ചുകൊടുത്തവരാണ് മലയാളികള്‍. ഒരോ തട്ടിപ്പികളിലും പെട്ട് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടാലും അതൊന്നും കാര്യമാക്കാതെ അടുത്ത തട്ടിപ്പില്‍ കൊണ്ടുപോയി തലവെച്ചുകൊടുക്കുകയും ചെയ്യും.
തട്ടിപ്പ് നടത്തുന്നവരാവട്ടെ ഒന്ന് പിടിക്കപ്പെട്ടാല്‍ അടുത്ത തട്ടിപ്പുമായി രംഗത്ത് ഇറങ്ങുകയും ചെയ്യും. അത്തരത്തില്‍ ഒരു തട്ടിപ്പിന്റെ രസകരമായ വാർത്തയാണ് മറയൂരില്‍ നിന്നും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പക്ഷെ ആളുകളെ പറ്റിച്ച് കാശ് പോക്കറ്റിലാക്കുന്നതിന് മുമ്പ് തന്നെ തട്ടിപ്പ് വീരന്‍ പോലീസിന്റെ പിടിയിലാവുകയും ചെയ്തു.

പൂച്ചക്കുഞ്ഞുങ്ങളെ പെയിന്റടിച്ച് കടുവക്കുഞ്ഞുങ്ങളെന്ന വ്യാജേന വില്‍പ്പനയ്ക്ക് ശ്രമിച്ച യുവാവാണ് പിടിയിലായിരിക്കുന്നത്. കടുവക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്കെന്ന് വാട്സാപ്പില്‍ അറിയിപ്പിട്ട തിരുവണ്ണാമല ആരണി സ്വദേശി പാർഥിപൻ (24) ആണു വനം വകുപ്പിന്റെ പിടിയിലായത്. മറയൂരിന് അടുത്തുള്ള അതിർത്തി ഗ്രാമത്തിലാണ് സംഭവം.

3 കടുവക്കുഞ്ഞുങ്ങള്‍ സ്റ്റീല്‍ പാത്രത്തില്‍ ആഹാരം നല്‍ക്കുന്ന ചിത്രം സഹിതമായിരുന്നു പാർഥിപന്‍ ഞായറാഴ്ച വാട്സാപ്പില്‍ സ്റ്റാറ്റസ് ഇട്ടത്. കടുവ കുഞ്ഞിന് 3 മാസം പ്രായമായെന്നും ഒന്നിന് 25 ലക്ഷം രൂപയാണ് വിലയെന്നുമായിരുന്നു പാർത്ഥിപന്റെ അറിയിപ്പ്. പണം നല്‍കിയാല്‍ 10 ദിവസത്തിനകം ആവശ്യക്കാർക്ക് കടുവ കുഞ്ഞുങ്ങളെ എത്തിച്ച് നല്‍കുമെന്ന് അറിയിച്ചിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇതോടെ പാർത്ഥിപന്‍ ഒളിവില്‍ പോയി. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വീടും പരിസരവും പരിശോധിച്ചെങ്കിലും കടുവകുഞ്ഞുങ്ങളെ കണ്ടെത്താന്‍ സാധിച്ചില്ല. അന്വേഷണം തുടരുന്നതിനിടയിലാണ് വെല്ലൂർ ചർപ്പണേടില്‍ നിന്നും പാർത്ഥിപന്‍ അറസ്റ്റിലായത്.

കടുവക്കുഞ്ഞുങ്ങളുടെ ചിത്രം അമ്പത്തൂർ സ്വദേശിയായ സുഹൃത്താണ് ഇയാൾക്കു നൽകിയതെന്നാണു വിവരം. കടുവ കുഞ്ഞുങ്ങളെ ആരെങ്കിലും അന്വേഷിച്ച് എത്തിയാല്‍ പൂച്ചക്കുട്ടികളെ കടുവയുടെ ചായം പൂശി കൊടുക്കാനായിരുന്നു പദ്ധതിയെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പടേയുള്ളവരെയായിരുന്നു തട്ടിപ്പിലൂടെ പ്രതി ലക്ഷ്യമിട്ടത്.

അതേസമയം, ഓണ്‍ലൈനായി പൂച്ചക്കുഞ്ഞുങ്ങളെ വാങ്ങിയ ദമ്പതികള്‍ക്ക് കടുവക്കുഞ്ഞിനെ വാങ്ങിയ വാർത്തയും നേരത്തെ പുറത്ത് വന്നിരുന്നു. ഫ്രാന്‍സിലായിരുന്നു ആ സംഭവം. നോർമാണ്ടിയിലെ തുറമുഖ നഗരമായലെ ഹാവ്രെയിലെ ദമ്പതികളാണ് ഓണ്‍ലൈനിലൂടെ വിലപേശി സാവന്ന വിഭാഗത്തിലെ പൂച്ചക്കുഞ്ഞുങ്ങളെ വാങ്ങിയത്. 6000 രൂപയ്ക്കായിരുന്നു പൂച്ചയെ വാങ്ങിയത്. പിന്നീട് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് വാങ്ങിയത് കടുവ കുഞ്ഞുങ്ങളെയാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ ചിലരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.












Click it and Unblock the Notifications