തൃശൂരിൽ യുവാവിനെ ഭാര്യയുടെ മുന്നിൽ വച്ച് വെട്ടിക്കൊന്നു; കാരണം കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കം
തൃശൂർ: പെരുമ്പിലാവിൽ ലഹരി മാഫിയ സംഘം യുവാവിനെ സുഹൃത്തിന്റെ വീട്ടിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി. മരത്തംകോട് സ്വദേശി അക്ഷയ് (27) ആണ് മരിച്ചത്. സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. സംഘർഷത്തിനിടെ പരുക്കേറ്റ ബാദുഷയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കടവല്ലൂർ സ്വദേശിയും നിലവിൽ മരത്തംകോട് വാടകയ്ക്ക് താമസിക്കുന്നയാളുമാണ് കൊല്ലപ്പെട്ട അക്ഷയ് എന്ന ചെറുപ്പക്കാരൻ. അക്ഷയും ഭാര്യയും ലിഷോയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായതും ഇത് കൊലപാതകത്തിലേക്ക് നയിച്ചതും. അക്ഷയുടെ സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവർ ഇവിടെ ഉണ്ടായിരുന്നു. അവരാണ് ആക്രമണം അഴിച്ചുവിട്ടത്.

അക്ഷയുടെ മൃതദേഹം തൃശൂർ കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവർ മൂന്നുപേരും നിരവധി കേസുകളിൽ പ്രതികളാണെന്നാണ് പോലീസ് പറയുന്നത്. അക്ഷയും അയാളെ ആക്രമിച്ച ലിഷോയ്, ബാദുഷ എന്നിവരും ലഹരി കച്ചവടത്തിൽ പങ്കാളിലായിരുന്നു എന്നാണ് ലഭ്യമായ വിവരം. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ഒരാളുടെ ജീവനെടുത്തത്.
ആക്രമണം ഉണ്ടായതോടെ അക്ഷയുടെ ഭാര്യ ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കൊലപാതക ശേഷം ലിഷോയ് ഒളിവിൽ പോയിരിക്കുകയാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മറ്റൊരു പ്രതിയായ ബാദുഷയാവട്ടെ ഗുരുവായൂർ ക്ഷേത്രത്തിലെ റൗഡി ലിസ്‌റ്റിൽ ഉൾപ്പെട്ടയാളാണ്. ലിഷോയ്ക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
അതിനിടെ കൊല്ലപ്പെട്ട അക്ഷയെ അനുകൂലിക്കുന്ന ലഹരി മാഫിയ സംഘത്തിലെ ആളുകൾ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌തിരുന്നു. ഇവിടെയാണ് അക്ഷയെ ആക്രമിച്ച ബാദുഷ ചികിത്സയിൽ കഴിയുന്നത്. തുടർ സംഘർഷങ്ങൾ കണക്കിലെടുത്തത് പോലീസ് സ്ഥലത്തെത്തി നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications