തൃക്കാക്കരയിൽ ട്വന്റി 20 പിന്തുണ കണ്ണുവെച്ച് ആം ആദ്മി; കോൺഗ്രസിന് നെഞ്ചിടിപ്പ്
കൊച്ചി; പഞ്ചാബിൽ അധികാരത്തിലേറിയതിന്റെ ആവേശത്തിൽ രാജ്യത്തൊട്ടാകെ ശക്തമായ സാന്നിധ്യമായി മാറാനുള്ള നീക്കത്തിലാണ് ആം ആദ്മി പാർട്ടി. ഇതിന്റെ ഭാഗമായി കേരളത്തിൽ വേരുറപ്പിക്കാനുള്ള ശ്രമം പാർട്ടി നടത്തുന്നുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനത്തിനായി കൊച്ചിയിൽ പുതിയ ഓഫീസ് അടക്കം തുടങ്ങി നടപടികൾ പാർട്ടി ശക്തമാക്കി കഴിഞ്ഞു.
'പൊന്നു ഭാവന ഇങ്ങനെ ചിരിക്കല്ലേ'...ഭാവനയുടെ കിടിലൻ ഫോട്ടോകൾ..ഏറ്റെടുത്ത് ആരാധകർ
തൃക്കാക്കര ഉപതിരഞ്ഞെടുപ്പാണ് കേരളത്തിൽ ആം ആദ്മിയുടെ ആദ്യ ലക്ഷ്യം. ഇത്തവണ ട്വന്റി 20യുടെ പിന്തുണയോടെ മണ്ഡലത്തിൽ സ്ഥാനാർത്ഥികളെ നിർത്താനുള്ള ആലോചനകളാണ് പാർട്ടി നടത്തുന്നത്.

തൃക്കാക്കരയിൽ ഇക്കുറി സ്ഥാനാർത്ഥിയെ നിർത്തണമെന്ന ആവശ്യം ആം ആദ്മിയിൽ ശക്തമാണ്. പാർട്ടിക്ക് വളരാൻ കിട്ടുന്ന അവസരം പാഴാക്കരുതെന്നാണ് നേതാക്കളുടെ അഭിപ്രായം. എന്നാൽ മുഖം മിനുക്കിയെത്തിയ പാർട്ടിക്ക് തനിച്ചുള്ള പോരാട്ടം എത്രത്തോളം വെല്ലുവിളിയാണെന്നത് നേതൃത്വത്തിന് അറിയാം. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിലെ നിർണായക സാന്നിധ്യമായ ട്വന്റി 20 വോട്ടിൽ ആം ആദ്മി കണ്ണുവെയ്ക്കുന്നത്.
ഇത്തവണ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യത്തിൽ ട്വന്റി 20 ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആം ആദ്മി പിന്തുണ തേടിയാൽ ട്വന്റി 20 അനൂകല നിലപാട് സ്വീകരിച്ചേക്കുമെന്ന് തന്നെയാണ് നേതൃത്വം കരുതുന്നത്.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ വലിയ മുന്നേറ്റം ട്വന്റ 20 കാഴ്ച വെച്ചിരുന്നു. പാർട്ടി സ്ഥാനാർത്ഥിയായെത്തിയ ഡോ ടെറി തോമസിന് 13 ,897 വോട്ടുകളായിരുന്നു മണ്ഡലത്തിൽ ലഭിച്ചത്. അതായത് പോൾ ചെയ്ത വോട്ടിന്റെ 10.25 ശതമാനം. മണ്ഡലത്തിൽ ബി ജെ പി നേടിയത് 11.32 ശതമാനം വോട്ടായിരുന്നു. ട്വന്റി 20 വോട്ടുകളും ഒപ്പം ആം ആദ്മി വോട്ടുകളും നേടാനായാൽ സംസ്ഥാനത്ത് വരവറിയിക്കാൻ സാധിക്കുമെന്നതാണ് ആം ആദ്മി കരുതുന്നത്.

'മത്സരിക്കുന്നെങ്കിൽ ആം ആദ്മി സ്ഥാനാർഥിയാകും മത്സരിക്കുക. അക്കാര്യത്തിൽ സംശയമൊന്നുമില്ല. ട്വന്‍റി 20യുടെ നേതാക്കൾ ആ വിധത്തിലുള്ള സൂചനകൾ നൽകിയിട്ടുണ്ട്. നമ്മൾ മത്സരിച്ചാൽ അവരുടെ പിന്തുണ ഉറപ്പാണെന്നുള്ള രീതിയിലുള്ള സൂചനകൾ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് വേറെ പൊതുസ്ഥാനാർഥി എന്ന ചർച്ചയുടെ ആവശ്യമില്ലെന്നും ആം ആദ്മി സംസ്ഥാന കൺവീനർ പിസി സിറിയക് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അനൂകൂല സാഹചര്യം ഒരുങ്ങിയാൽ ദില്ലിയിൽ പ്രവർത്തിക്കുന്ന മലയാളി വിൻസെന്റ് ഫിലിപ്പിനെയാകും പാർട്ടി സ്ഥാനാർത്ഥിയാക്കിയേക്കുക. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. എറണാകുളം ജില്ലയിൽ നിന്ന് തന്നെയുള്ളവർ മത്സരിക്കണമെന്ന നിർദ്ദേശവും ഉയരുന്നുണ്ട്.പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തമിഴ്‌നാട് സ്വദേശി എം. രാജയെ കേരള നിരീക്ഷകനായി ആം ആദ്മി നിയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ വൈകാതെ യോഗം ചേർന്ന് നിലപാട് തീരുമാനിക്കുമെന്നും സിറിയക് പ്രതികരിച്ചു.

അതേസമയം ആം ആദ്മി സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ അത് തങ്ങളുടെ വോട്ടുബാങ്കിൽ വിള്ളൽ വീഴിത്തിയേക്കുമോയെന്നാണ് കോൺഗ്രസ് ആശങ്ക. കോൺഗ്രസ് വോട്ടുകൾ ഇക്കുറി മുഴുവനായും പെട്ടിയിലാക്കിയില്ലേങ്കിൽ ആം ആദ്മിയുടെ വരവ് കോൺഗ്രസിന് തിരിച്ചടിയാണ്. പ്രത്യേകിച്ച് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ. ഇടഞ്ഞ് നിൽക്കുന്ന കെ വി തോമസും ഇക്കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ നിലപാടുമെല്ലാം ആശ്രയിച്ചായിരിക്കും കോൺഗ്രസിന്റെ വിജയ സാധ്യത വിലയിരുത്തപ്പെടുക.
അതേമയം എല്ലാം കൊണ്ടും തങ്ങൾക്ക് അനുകൂലമാണ് സാഹചര്യം എന്നാണ് സി പി എം കരുതുന്നത്. കെ വി തോമസിനെതിരെ പാർട്ടി കടുത്ത നടപടി സ്വീകരിച്ചാൽ തിരഞ്ഞെടുപ്പിൽ ചിത്രം മാറുമെന്ന് സി പി എം കരുതുന്നുണ്ട്. സാഹചര്യം മുതലെടുക്കാൻ കെ വി തോമസിന്റെ മകൾ രേഖ തോമസിനെ സിപിഎം സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യതയും ഉണ്ട്.












Click it and Unblock the Notifications