അലന്‍സിയര്‍ സ്വഭാവ ദൂഷ്യം അലങ്കാരമാക്കി കൊണ്ടുനടക്കുന്നു.... തുറന്നടിച്ച് ആഷിഖ് അബു
കൊച്ചി: മീ ടു ആരോപണങ്ങളില്‍ കുടുങ്ങി നില്‍ക്കുന്ന നടന്‍ അലന്‍സിയറിനെതിരെ സംവിധായകന്‍ ആഷിഖ് അബു. അലന്‍സിയറുമായി ചില സിനിമകളില്‍ ഒരുമിച്ച് ജോലി ചെയ്യേണ്ടി വന്നതില്‍ ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നുവെന്ന് ആഷിക്ക് അബു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. നടന്‍ അലന്‍സിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്തുവന്നത്. ഇയാള്‍ തുടര്‍ച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെണ്‍കുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യപ്പെടുത്തുകയാണ്. സ്വാഭാവദൂഷ്യം അലങ്കാരമാക്കി കൊണ്ടുനടക്കുകയാണിയാള്‍.

ഇയാളുടെ തനിനിറം മനസ്സിലാക്കാതെയാണെങ്കിലും ചില സിനിമകളില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യേണ്ടി വന്നതില്‍ ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നു. ദിവ്യക്ക് അഭിവാദ്യങ്ങള്‍. എന്നായിരുന്നു ആഷിഖിന്റെ പോസ്റ്റ്. നേരത്തെ അലന്‍സിയറില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് നടി ദിവ്യ ഗോപിനാഥ് ആരോപിച്ചിരുന്നു. ആഭാസം സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു സംഭവമെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ദിവ്യയുടെ ആരോപണം ശരിവെച്ച് സംവിധായകന്‍ ജുബിത് നമ്രാടത്തും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ നിരവധി ആരോപണങ്ങള്‍ അലന്‍സിയറിനെതിരെ ഉണ്ടായിരുന്നു. മണ്‍സൂണ്‍ മാംഗോസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അമേരിക്കയില്‍ വെച്ചും അലന്‍സിയര്‍ മോശമായി പെരുമാറിയെന്ന് ആരോപണവും പിന്നാലെ എത്തിയിരുന്നു.












Click it and Unblock the Notifications