അബ്‌ദുൾ റഹീമിന്റെ മോചനത്തിന് ഇനിയും കാത്തിരിക്കണം; വിധി പ്രഖ്യാപനം വീണ്ടും നീട്ടിവച്ച് കോടതി
റിയാദ്: സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൾ റഹീമിന്റെ മോചനം അനന്തമായി നീളുന്നു. മോചനവുമായി ബന്ധപ്പെട്ട് വിധി പറയുന്നത് റിയാദ് കോടതി വീണ്ടും നീട്ടി വച്ചതോടെയാണ് നടപടിക്രമങ്ങൾ നീളുന്നത്. ഇത് പതിനൊന്നാം തവണയാണ് റിയാദ് കോടതി കേസ് നീട്ടി വെക്കുന്നത്. റിയാദിലുള്ള നിയമസഹായ സമിതിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേസിൽ ഉടൻ ഉത്തരവ് വരുമെന്നായിരുന്നു കുടുംബം പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ ഈ പ്രതീക്ഷകൾ അസ്ഥാനത്താക്കി കൊണ്ടാണ് വീണ്ടും കോടതി വിധി പറയുന്നത് മാറ്റിവച്ചത്. ഓൺലൈനായിട്ടാണ് ഇന്ന് കേസ് പരിഗണിച്ചത്. മോചനത്തിന് തടസങ്ങളില്ലെന്നാണ് നിയമ സഹായസമിതി അറിയിച്ചതെങ്കിലും അന്തിമ ഉത്തരവ് ഇതുവരെയും ഉണ്ടായിട്ടില്ല. കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ട രേഖകളെല്ലാം തന്നെ നിയമസഹായ സമിതി സമർപ്പിച്ചിരുന്നു.

എന്നിട്ടും കേസ് നീട്ടി വെക്കുകയായിരുന്നു റിയാദിലെ കോടതി. ഇതിന് പുറമെ കേസിൽ റഹീമിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചില്ല. കേസ് നീട്ടിവെച്ചതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. നിലവിൽ മറ്റ് അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ എട്ടേമുപ്പതോടെയാണ് സിറ്റിങ് ആരംഭിച്ചത്, ശേഷം മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
2006 നവംബറിലാണ് അബ്‌ദുൾ റഹീം സൗദിയിലെ റിയാദിൽ എത്തിയത്, ആ വർഷം ഡിസംബർ 24ന് ഉണ്ടായ സംഭവത്തിലാണ് റഹീം ജയിലിലടയ്‌ക്കപ്പെടുന്നത്. ശേഷം കഴിഞ്ഞ 19 വർഷമായി ജയിലിലാണ്. ജോലിക്കിടെ സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽ ശഹ്‌രിയുടെ 15 വയസുകാരനായ മകൻ മരിച്ച കേസിലാണ് റഹീമിനെ അറസ്‌റ്റ് ചെയ്‌തതും ജയിലിൽ അടച്ചതും.
കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. അബ്‌ദുൾ റഹീമിന്റെ കൂടെ ജിഎംസി വാനിൽ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ച സംഭവത്തിൽ പങ്കുണ്ടെന്ന് കാട്ടി റഹീമിനെ കോടതി വധശിക്ഷയ്ക്ക് വിധിയ്ക്കുകയായിരുന്നു.
കേസ് ഫയലിന്റെ ഹാർഡ് കോപ്പി കോടതി ആവശ്യപ്പെട്ടിരുന്നു. മന്ത്രാലയത്തിൽ നിന്നും ഇത് ലഭിച്ചിട്ടില്ലെന്നു കാണിച്ചാണ് കേസ് മാറ്റിയതെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ദയാധനം സ്വീകരിച്ച് മാപ്പ് നൽകാൻ കൊല്ലപ്പെട്ട ബാലന്റെ കുടുംബം നേരത്തെ തയ്യാറായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റഹീമിനെ മോചിപ്പിക്കാനുള്ള നടപടികൾ തുടങ്ങിയത്.
ഇതിനായി സൗദിയിലെ റിയാദിൽ നിയമസഹായ സമിതി ഉൾപ്പെടെ രൂപീകരിച്ചിരുന്നു. ദയധനമായി ഏതാണ്ട് മുപ്പത്തിനാല് കോടി രൂപയായിരുന്നു കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം റംസാൻ മാസത്തിന്റെ അവസാനത്തിലാണ് 34 കോടിയെന്ന വലിയ തുക സമാഹരിക്കാൻ തുടങ്ങിയത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ തുക സമാഹരിക്കുകയും റഹീമിന്റെ മോചനത്തിനുള്ള നടപടികൾ തുടങ്ങുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications