അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകൾ കാണാനില്ല; കുറ്റപത്രവും പോസ്‌റ്റുമോർട്ടം റിപ്പോർട്ടും നഷ്‌ടമായി
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ സുപ്രധാന രേഖകൾ കാണാനില്ല. എറണാകുളം സെൻട്രൽ പോലീസ് എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ച രേഖകളാണ് കാണാതായത്. കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകളാണ് കോടതിയിൽ നിന്ന് നഷ്‌ടമായത്. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകൾ കാണാതായ സംഭവം പുറത്തറിയുന്നത്.
രേഖകൾ കാണാതായത് സംബന്ധിച്ച് സെഷൻസ് കോടതി ജഡ്‌ജി തന്നെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ജഡ്‌ജി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചതെന്നാണ് റിപ്പോർട്ട്. തുടർന്ന് ഈ രേഖകൾ കണ്ടെത്താൻ ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു. കുറ്റപത്രവും പോസ്‌റ്റുമോർട്ടം റിപ്പോര്‍ട്ടും ഉള്‍പ്പെടെ 11 രേഖകളാണ് കാണാതായത്.

അന്വേഷണത്തിന് ഉത്തരവിടാതെ വിവരം ഹൈക്കോടതിയെ അറിയിക്കുക മാത്രമാണ് സെഷന്‍സ് കോടതി ചെയ്‌തത്. ഇതിനിടെയാണ് പുതിയ സംഭവ വികാസം. അന്വേഷണത്തിന് ഉത്തരവിടാതെ വിവരം ഹൈക്കോടതിയെ അറിയിക്കുക മാത്രമാണ് സെഷന്‍സ് കോടതി ചെയ്‌തത്.
അഭിമന്യു വധക്കേസില്‍ തുടക്കം മുതല്‍ തന്നെ സര്‍ക്കാരിനും പോലീസിനും ആത്മാര്‍ത്ഥ ഇല്ലെന്ന ആക്ഷേപം സജീവമാണ്. മുഖ്യപ്രതിയെ പിടികൂടാന്‍ ഉൾപ്പെടെ വൈകിയിരുന്നു. അഭിമന്യുവിനെ കുത്താന്‍ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. കോടതിയിലും കേസ് വിചാരണ തുടങ്ങാതെ ഏറെക്കാലമായി കെട്ടികിടക്കുകയായിരുന്നു.
അഭിമന്യുവിന്റെ വധക്കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടലുളവാക്കുന്നതാണെന്ന് എസ്എഫ്‌ഐ പറഞ്ഞു. കുറ്റപത്രം ഉള്‍പ്പെടെ കോടതിയില്‍ നിന്ന് നഷ്‌ടപ്പെട്ടു എന്നാണ് മനസിലാകുന്നത്. അഭിമന്യു വധക്കേസ് അട്ടിമറിക്കുന്നതിന് വേണ്ടി പോപ്പുലര്‍ ഫ്രണ്ട് മതതീവ്രവാദികളുടെ ഏജന്റുമാരായി കോടതിയില്‍ പ്രവര്‍ത്തിച്ചതാര് എന്നതിനെ സംബന്ധിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് തന്നെ നേരിട്ട് അന്വേഷിക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.
2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിൽ വച്ച് അഭിമന്യു കൊല്ലപ്പെടുന്നത്. എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്നു അഭിമന്യു. ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-ക്യാംപസ് ഫ്രണ്ട് തർക്കത്തെ തുടർന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു ആക്രമണം.
ആകെ 26 പ്രതികളും 125 സാക്ഷികളുമാണ് കേസിൽ ഉള്ളത്. സഹൽ ഹംസയാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ കാരണമായി രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളിൽ അഭിമന്യു കൊലക്കേസും ഉൾപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications