'ജനവിധി അംഗീകരിക്കുന്നു, തിരുവനന്തപുരത്ത് തന്നെ തുടരും'; തോൽവിക്ക് പിന്നാലെ രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: നേരിട്ടത് കടുത്ത മത്സരമെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി മത്സരിച്ച കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മണ്ഡലത്തിലെ കന്നിയങ്കത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനോടാണ് രാജീവ് ചന്ദ്രശേഖർ പരാജയപ്പെട്ടത്.
'തിരുവനന്തപുരത്ത് നേരിട്ടത് കടുത്ത മത്സരമാണ്. ജനവിധി വിനയത്തോടെ തന്നെ അംഗീകരിക്കുന്നു. പോസിറ്റീവ് പ്രചരണമാണ് നടത്തിയത്. വോട്ട് വിഹിതം കൂട്ടാനായി. തിരുവനന്തപുരത്ത് തന്നെ തുടരും. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉണ്ടാകും' അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ തന്റെ നിലപാട് വ്യക്തമാക്കി.

തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിൽ രാജീവ് ചന്ദ്രശേഖർ സന്തോഷം അറിയിച്ചു. 'നിർണായക വിജയമാണ് തൃശൂരിലുണ്ടായത്. സുരേഷ് ഗോപി ജയിച്ചതിൽ സന്തോഷമുണ്ട്. ദേശീയതലത്തിൽ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള ജയം ഉണ്ടായില്ല. അതിന്റെ കാരണം പരിശോധിക്കും' രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
അതേസമയം, അട്ടിമറി ഉണ്ടാവുമോ എന്ന തോന്നലുണ്ടാക്കിയ ശേഷമാണ് തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ശശി തരൂരിനോട് കീഴടങ്ങിയത്. തുടക്കത്തിൽ കട്ടയ്ക്ക് നിന്ന ഇരുവരും പാതിവഴിയിൽ വച്ച് അന്തരം വർധിപ്പിച്ചിരുന്നു. ഈ സമയത്ത് രാജീവ് ചന്ദ്രശേഖർ ജയമുറപ്പിക്കുന്ന നിലയിലേക്ക് കുതിച്ചുകയറുകയും ചെയ്‌തിരുന്നു.
ഇതോടെ കേരളത്തിൽ റാൻഡ് സീറ്റ് എൻഡിഎ നേടുമെന്ന നിലയിൽ പ്രചരണം ശക്തമായിരുന്നു. ഒരു ഘട്ടത്തിൽ ഇരുപതിനായിരം വോട്ടുകളുടെ ലീഡ് വരെ രാജീവ് ചന്ദ്രശേഖർ കടന്നിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാൽ പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്ന തരൂർ അവസാന ലാപ്പിലാണ് ഓടി മുന്നിൽ കയറിയത്.
തീരദേശ വോട്ടുകള്‍ കൂടി എണ്ണിയതോടെയാണ് തരൂര്‍ വീണ്ടും ലീഡ് നില ഉയർത്തി കൊണ്ട് വന്നത്. നഗര മണ്ഡലങ്ങളിൽ ബിജെപിക്ക് പ്രതീക്ഷിച്ച വോട്ടുകൾ നേടാൻ കഴിയാതെ വന്നതാണ് മത്സരഫലത്തിന്റെ ഗതി നിർണയിച്ചത്. എന്നാൽ നാലാം തവണ ജനവിധി തേടുന്ന തരൂരിനെ കൈവിടാൻ തിരുവനന്തപുരത്തെ വോട്ടർമാർ തയ്യാറായിരുന്നില്ല.
എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനെ മണ്ഡലത്തിൽ കാര്യമായ റോൾ ഉണ്ടായിരുന്നില്ല. കൂടുതൽ സമയവും തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. ഇടയ്ക്ക് ഒന്ന് രണ്ട് തവണ രണ്ടാം സ്ഥാനത്തേക്ക് കയറിയതല്ലാതെ പന്ന്യൻ രവീന്ദ്രന് കാര്യമായ ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല.












Click it and Unblock the Notifications