'ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന നടപടി'; പ്രോ ടേം സ്‌പീക്കർ വിവാദത്തിൽ കൊടിക്കുന്നിൽ
തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലെ പ്രോ ടേം സ്‌പീക്കറായി ബിജെപി എംപി ഭര്‍തൃഹരി മഹ്താബിനെ തിരഞ്ഞെടുത്തതിന് പിന്നാലെ സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മാവേലിക്കര എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കൊടിക്കുന്നിൽ സുരേഷ്. ബിജെപി സർക്കാർ ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാക്കുന്നുവെന്നും കീഴ്വഴക്കം ലംഘിച്ചുവെന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിക്കുന്നു.
'ഇത് നമ്മുടെ പാർലമെന്ററി ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന നടപടിയാണ്. ഒരിക്കലും പാര്ലമെന്റിന്റെയോ ലോക്‌സഭയുടെയോ ചരിത്രത്തിൽ ഇങ്ങനെയൊരു കീഴ്വഴക്കം ഉണ്ടായിട്ടില്ല. മോദി സർക്കാർ കഴിഞ്ഞ രണ്ട് തവണയും പാർലമെന്റ് നടപടികളെ ഏതെല്ലാം തരത്തിൽ അവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ഉപയോഗിച്ചോ, അത് തന്നെയാവും തുടർന്നും ഉണ്ടാവുക എന്നതിന്റെ സൂചനയാണ് ഇത്' കൊടിക്കുന്നിൽ പറഞ്ഞു.

'പ്രതിപക്ഷത്തെ അവഗണിക്കുക, പ്രതിപക്ഷത്തിന്റെ അവസരങ്ങൾ ഇല്ലാതാക്കുക, ഞങ്ങൾക്ക് കിട്ടേണ്ട അംഗീകാരങ്ങൾ കൊടുക്കാതിരിക്കുക എന്നിവയാണ് കഴിഞ്ഞ പതിനേഴാം ലോക്‌സഭയിലും പതിനാറാം ലോക്‌സഭയിലും ബിജെപി സ്വീകരിച്ചത്. അന്നവർക്ക് പാർലമെന്റിൽ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്നു. ഇന്ന് സഖ്യ കക്ഷികളുടെ സഹായത്തോടെയാണ് അവർ ഭരിക്കുന്നത്. ഈ സമയത്തെങ്കിലും പാർലമെന്റിന്റെ ഉന്നത മൂല്യങ്ങൾ കാത്തുസൂക്ഷിക്കേണ്ട ബിജെപിയും കേന്ദ്രസർക്കാരും വീണ്ടും പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കുകയാണ്' കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടി.
ഇത്തവണ താ താനും ബിജെപി എംപി വീരേന്ദ്ര കുമാറും ആയിരുന്നു സഭയിലെ മുതിർന്ന അംഗങ്ങൾ എന്നും എന്നാൽ വീരേന്ദ്ര കുമാർ കേന്ദ്രമന്ത്രി ആയതിനാൽ തനിക്കായിരുന്നു അവസരം കിട്ടേണ്ടതെന്നും കൊടിക്കുന്നിൽ സുരേഷ് പറയുന്നു. കഴിഞ്ഞ തവണ മനേകാ ഗാന്ധിക്കായിരുന്നു അവസരമെങ്കിലും അവർ അതിൽ താൽപര്യം കാട്ടാതിരുന്നപ്പോൾ പിന്നെ തനിക്കും വീരേന്ദ്ര കുമാറിനും ഒരുപോലെ സാധ്യത ഉണ്ടായെങ്കിലും തഴഞ്ഞെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
അതേസമയം, ഒഡീഷയിലെ കട്ടക്കില്‍ നിന്നുള്ള ബിജെപി എംപി ഭര്‍തൃഹരി മഹ്താബിനെയാണ് 18-ാം ലോക്‌സഭയിലെ പ്രോ ടേം സ്‌പീക്കറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കഴിഞ്ഞ ദിവസം നിയമിച്ചത്. ഏഴ് തവണ എംപിയായ മഹ്താബിനെക്കാളും കൂടുതൽ കാലം എംപിയായത് കൊടിക്കുന്നിൽ സുരേഷ് ആയിരുന്നു. എട്ടാം തവണയാണ് കോൺഗ്രസ് നേതാവ് പാർലമെന്റിൽ എത്തുന്നത്. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
സാധാരണ ഗതിയിൽ സഭയിൽ ഏറ്റവും കൂടുതൽ കാലം സേവനം അനുഷ്‌ഠിച്ച ആളെയാണ് പ്രോ ടേം സ്‌പീക്കറായി നിയമിക്കുക. എന്നാൽ ഈ കീഴ്വഴക്കം ലംഘിച്ചു കൊണ്ടാണ് ബിജെപി കൊടിക്കുന്നിലിനെ തഴഞ്ഞതെന്നാണ് കോൺഗ്രസിന്റെ ആരോപണം. ജൂണ്‍ 24 മുതല്‍ ജൂലായ് മൂന്നുവരെയാണ് 18-ാമത് ലോക്‌സഭയുടെ ആദ്യസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ പ്രോ ടേം സ്‌പീക്കര്‍ക്ക് മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റെടുക്കുക.












Click it and Unblock the Notifications