'ഇനി തൊട്ട് നിനക്ക് അപ്പയില്ല, മകളോട് തർക്കിക്കുന്ന ഒരു അച്ഛൻ ആണല്ല'; പാപ്പുവിന് മറുപടിയുമായി നടൻ ബാല
കൊച്ചി: അച്ഛൻ പറയുന്നത് പച്ചക്കള്ളമാണെന്ന മകളുടെ ആരോപണത്തോട് പ്രതികരിച്ച് നടൻ ബാല രംഗത്ത്. ബാല പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയിലാണ് മകളായ പാപ്പുവിന്റെ ആരോപണങ്ങളിൽ പ്രതികരണം അറിയിച്ചത്. വിശദമായ പ്രതികരണം നടത്താൻ താരം തയ്യാറായില്ലെങ്കിലും മകൾക്ക് ഇനി താൻ ഒരിക്കലും തടസമാവില്ലെന്ന് താരം വീഡിയോയിൽ പറയുന്നുണ്ട്. മകളോട് തർക്കിക്കാൻ ഇല്ലെന്നും ബാല പറയുന്നത് കേൾക്കാം. താരത്തിന്റെ വാക്കുകൾ കേൾക്കാം.
'പാപ്പു സംസാരിച്ച വീഡിയോ ഞാൻ കണ്ടിരുന്നു. ആദ്യമായി ഒരു പോസിറ്റീവ് കാര്യം പറയാം. മൈ ഫാദർ എന്ന് പറഞ്ഞു, അതിന് താങ്ക് യു. നിന്നോട് തർക്കിക്കാൻ അപ്പയില്ല. മകളോട് തർക്കിക്കുകയാണെങ്കിൽ ഒരു അപ്പൻ ആണേയല്ല. എന്നെ വിട്ട് പാപ്പു രണ്ടര മൂന്ന് വയസിലാണ് പോയത്. മൂന്ന് വയസാകുമ്പോൾ എന്നെ വിട്ട് നീ അകന്ന് പോയി' ബാല പറയുന്നു.

'ഞാനിത് തകർക്കിക്കാൻ അല്ല പറയുന്നത്. അഞ്ച് ദിവസം വീട്ടിലിരുന്നു, ഭക്ഷണം കൊടുത്തില്ല എന്നൊക്കെ പറയുന്നു. തർക്കിച്ചാൽ ജയിക്കാൻ പറ്റും, പക്ഷേ ഇന്ന് ഞാൻ തോറ്റ് കൊടുക്കുകയാണ്. നീ ജയിക്കണം. വാക്ക് വാക്കായിരിക്കും പാപ്പു. നിന്റെ വീഡിയോ മുഴുവൻ ഞാൻ കണ്ടു. നിന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഇനി നിന്നോടും നിന്റെ കുടുംബത്തോടും ബന്ധപെടല്ലേ എന്ന് പറഞ്ഞു. ഞാനും നിന്റെ കുടുംബം ആണെന്നാണ് വിചാരിച്ചത്' ബാല വീഡിയോയിൽ പറയുന്നു.
'ഞാൻ അന്യനായി പോയി നിനക്ക്. ഒരു വാക്ക് മാത്രം ഞാൻ ഇന്ന് പറയാം. ഇനി തൊട്ട് ഞാൻ വരില്ല. ഞാൻ ഹോസ്‌പിറ്റലിൽ മരിക്കാൻ കിടന്നപ്പോൾ നീ വന്നത് കൊണ്ടാണ് ഞാൻ തിരിച്ചു വന്നതെന്ന് ഞാൻ കരുതി. പക്ഷേ നിർബന്ധത്തിന്റെ പേരിലാണ് നീ വന്നതെന്ന് നീ പറഞ്ഞു. അത് അന്ന് തന്നെ എന്റെടുത്ത് മുഖത്ത് നോക്കി പറഞ്ഞിരുന്നെങ്കിൽ ഈ അച്ഛൻ ഇപ്പൊ നിന്റെയടുത്ത് സംസാരിക്കാൻ ഉണ്ടാവില്ലായിരുന്നു.' ബാല പറഞ്ഞു.
'നീ കാരണമാണ് പപ്പ ഇന്ന് ഇവിടെ ഇരിക്കുന്നത്. എന്റെ മകൾക്ക് എല്ലാ ഐശ്വര്യവും ഉണ്ടാവും. നന്നായി പഠിക്കണം നീ. നന്നായി വളരണം. നിന്നോട് മത്സരിച്ചു ജയിക്കാൻ ഒരിക്കലും എനിക്ക് പറ്റില്ല. നീ എന്റെ ദൈവമാടാ കണ്ണാ.. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ' എന്ന് കൂടി പറഞ്ഞാണ് ബാല തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.
അതേസമയം, വിവാഹ മോചന ശേഷം നിരന്തരം തന്നെ മകളിൽ നിന്ന് അകറ്റാൻ അമൃത സുരേഷ് ശ്രമിക്കുന്നു എന്ന ആരോപണം ബാല ഉന്നയിച്ചിരുന്നു. തന്റെ മകളെ കാണാൻ പോലും അമൃത അനുവദിക്കുന്നില്ല എന്നായിരുന്നു നടൻ പറഞ്ഞിരുന്നത്. അതിനിടയിലാണ് മകൾ അവന്തിക (പാപ്പു) ബാലക്കെതിരെ വിമർശനവുമായി രംഗത്ത് വന്നത്.
ബാല പറയുന്നത് മുഴുവൻ കള്ളമാണ് എന്നായിരുന്നു പാപ്പു പറഞ്ഞിരുന്നത്. താൻ കുഞ്ഞായിരുന്നപ്പോൾ അച്ഛൻ കുടിച്ചിട്ട് വന്ന് അമ്മയെ തല്ലുമായിരുന്നു. എന്റെ കുടുംബം തന്നെ നന്നായി നോക്കുന്നുണ്ട്, എല്ലാ പിന്തുണയും നൽകുന്നുണ്ട്.ഒരിക്കൽ കോടതിയിൽ വച്ച് തന്നെ വലിച്ചിഴച്ചു ചെന്നൈയിലേക്ക് കൊണ്ട് പോയിട്ടുണ്ടെന്നും മകൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാലയുടെ മറുപടി.












Click it and Unblock the Notifications