'രാജി കഷ്‌ടമായിപ്പോയി, ഹേമ കമ്മിറ്റി റിപ്പോർട്ട് കണ്ടിട്ട് പോലുമില്ല'; അമ്മയിലെ പ്രതിസന്ധിയിൽ ഭീമൻ രഘു
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളുടെ കൂട്ട രാജിയിൽ പ്രതികരിച്ച് നടൻ ഭീമൻ രഘു. അംഗങ്ങളുടെ കൂട്ടരാജി പ്രയാസമുണ്ടാക്കുന്ന തീരുമാനമാണ് എന്നായിരുന്നു ഭീമൻ രഘു വൺഇന്ത്യ മലയാളത്തോട് പറഞ്ഞത്. താൻ സംഘടനയിലെ സാധാരണ അംഗം മാത്രമാണെന്നും ഭാരവാഹിത്വം ഒന്നും വഹിക്കുന്നില്ലെന്നും പറഞ്ഞ നടൻ മാധ്യമങ്ങളിലൂടെയാണ് രാജി വാർത്ത താൻ അറിഞ്ഞതെന്നും വ്യക്തമാക്കി.
'എന്തായാലും രാജി തീരുമാനം വല്ലാത്ത കഷ്‌ടമായിപ്പോയി. ഞാൻ അമ്മയിലെ സാധാരണ ഒരു മെമ്പർ മാത്രമാണ്, ഭാരവാഹിത്വം ഒന്നുമില്ല. മാധ്യമങ്ങളിലൂടെയാണ് കൂട്ടരാജി സംബന്ധിച്ച വാർത്ത ഞാനും അറിഞ്ഞത്. ഓൺലൈൻ യോഗമായിരുന്നു എന്ന് തോന്നുന്നു. സംഘടനയുടെ തുടർപ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല' ഭീമൻ രഘു വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാൻ സമയം ആയിട്ടില്ലെന്നും നടൻ പറഞ്ഞു. താൻ ഇതുവരെ ആ റിപ്പോർട്ട് വായിച്ചിട്ടില്ലെന്നും അത് കണ്ടിട്ട് പോലുമില്ലെന്നും ഭീമൻ രഘു വ്യക്തമാക്കി.' ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് ഉള്ളതെന്ന് എനിക്ക് അറിയില്ല, കാരണം ഞാനത് കണ്ടിട്ടില്ല വായിച്ചിട്ടുമില്ല. അടുത്ത മാസം വിഷയം കോടതി പരിഗണിക്കുന്നുണ്ട്. അതിന് ശേഷം മാധ്യമങ്ങളെ തീർച്ചയായും കാണും' അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ് ഹേമ കമ്മിറ്റിയുടെ സമ്പൂർണ റിപ്പോർട്ടിന്റെ പകർപ്പ് മുദ്രവച്ച കവറിൽ ഹാജരാക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചത്. കൂടാതെ റിപ്പോർട്ട് പ്രകാരം സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ആരംഭിച്ച വെളിപ്പെടുത്തലുകളിൽ മലയാള സിനിമയിൽ മുൻനിര താരങ്ങൾ വരെ ഉൾപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയിൽ കൂട്ടരാജി ഉണ്ടായിരിക്കുന്നത്. പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ പതിനേഴംഗ എക്‌സിക്യൂട്ടീവിലെ മുഴുവൻ പേരും രാജിവയ്ക്കുകയായിരുന്നു. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിന് ശേഷമായിരുന്നു അംഗങ്ങളുടെ രാജിപ്രഖ്യാപനം വന്നത്.
നേരത്തെ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ്, ജോയിന്റ് സെക്രട്ടറി ബാബു രാജ്, മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, മുതിർന്ന അംഗങ്ങളായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടിമാർ രംഗത്ത് വന്നിരുന്നു. ഇതോടെ സംഘടനയ്ക്ക് എതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ശക്തമായിരുന്നു. ഇതോടെ 'അമ്മ' പ്രതിരോധത്തിൽ ആയിരുന്നു, തുടർന്നാണ് ഭരണസമിതി ഉൾപ്പെടെ പിരിച്ചുവിട്ടത്.












Click it and Unblock the Notifications