ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത; താരം ഹൈക്കോടതിയില്‍... കളമശേരിയില്‍ പോലീസ് യോഗം
കൊച്ചി: പുതിയ വെളിപ്പെടുത്തലുകള്‍ കൂടുതല്‍ കുരുക്കായ പശ്ചാത്തലത്തില്‍ നടന്‍ ദിലീപ് നിയമ നടപടികളിലേക്ക് കടന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് താരത്തിന്റെ നീക്കം. ദിലീപ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. തനിക്കെതിരെ കള്ളക്കഥയാണ് ഉയര്‍ന്നിട്ടുള്ളതെന്ന് ദിലീപ് പറയുന്നു.
Recommended Video
ദിലീപ് പ്രതിയായ രണ്ടു കേസുകളാണിപ്പോഴുള്ളത്. രണ്ടും അന്വേഷിക്കുന്നത് വ്യത്യസ്ത പോലീസ് സംഘമാണ്. രണ്ടു സംഘത്തിലെയും ഉദ്യോഗസ്ഥര്‍ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ യോഗം ചേര്‍ന്നു. താരത്തെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചനകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലാണ് ദിലീപിന്റെ അറസ്റ്റിലേക്ക് എത്തുന്നത്. മൂന്ന് പ്രധാന കാര്യങ്ങളാണ് സംവിധായകന്‍ ദിലീപിനെതിരെ വാര്‍ത്താ ചാനലിനോട് പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിചാരണ കോടതി നിര്‍ദേശിച്ചിരുന്നു. ഈ മാസം 20ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്.

ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ ബന്ധമുണ്ട്. നടി ആക്രമിക്കപ്പെട്ട വീഡിയോ ദിലീപ് വീട്ടില്‍വച്ച് കണ്ടു, അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടു എന്നിങ്ങനെയുള്ള വെളിപ്പെടുത്തലുകളാണ് ബാലചന്ദ്ര കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് നടത്തിയിരുന്നത്. ഇത് സംബന്ധിച്ചാണ് പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കുന്നത്.

പോലീസ് ഓഫീസര്‍ ബൈജു പൗലോസിന്റെ പരാതിയിലാണ് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്നാണ് പരാതി. ഈ കേസ് അന്വേഷിക്കുന്നത് എസ്പി മോഹന ചന്ദ്രനാണ്. മറ്റു വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്നത് എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള മറ്റൊരു പോലീസ് സംഘമാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ഈ കേസിന് പുറമെയാണ് അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന പുതിയ കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പുതിയ കേസെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അറസ്റ്റ് സാധ്യത കൂടുതലാണ് എന്ന് നിയമ വിദഗ്ധര്‍ പറയുന്നു. അറസ്റ്റ് സാധ്യത മുന്‍കൂട്ടി കണ്ടാണ് ദിലീപ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം പൂര്‍ത്തിയായി വിചാരണ തുടങ്ങിയ വേളയിലാണ് പുതിയ വെളിപ്പെടുത്തല്‍ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയത്. തുടര്‍ന്നാണ് ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചത്. കോടതി ഈ മാസം 20 വരെ സമയം നല്‍കിയിരിക്കെയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം കൂടുതല്‍ സമയം ചോദിച്ചേക്കും.

ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുള്‍പ്പെടെ ആറ് പേരാണ് കേസിലെ പ്രതികള്‍. എല്ലാവരും മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയിട്ടില്ല. വ്യാജ രേഖയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും ദിലീപ് പറയുന്നു. കെട്ടിച്ചമച്ച കേസാണിത്. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദീലീപ് പറയുന്നു.
ഉല്‍സവ ലഹരിയില്‍ എടപ്പാള്‍; ഇനി യാത്ര മുകളിലൂടെ... ആവേശം വിതറി നേതാക്കള്‍- ചിത്രങ്ങള്‍ കാണാം

29ന് ബൈജു പൗലോസിനെ വിസ്തരിക്കാനിരിക്കുകയാണ്. അതൊഴിവാക്കാനാണ് പുതിയ ശ്രമങ്ങള്‍. തനിക്കെതിരെ പോലീസ് ഗൂഢാലോചന നടത്തുന്നു എന്നും ദിലീപ് പറയുന്നു. അതേസമയം, ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ ശരിവച്ച് കേസിലെ പ്രതി പള്‍സര്‍ സുനിയും രംഗത്തുവന്നിട്ടുണ്ട്. ഇയാളുടെ ഫോണ്‍ സന്ദേശം പുറത്താകുകയായിരുന്നു. പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നതിന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പോലീസ് തീരുമാനിച്ചു. സുനിയുടെ അമ്മ ശോഭനയുടെ രഹസ്യമൊഴി എടുക്കാനും തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications