മൂന്ന് രീതിയില്‍ ചോദ്യം ചെയ്യലിന് ശേഷം ദിലീപ് മടങ്ങി; നാളെ രാവിലെ വീണ്ടുമെത്തും
കൊച്ചി: നടന്‍ ദിലീപിനെ 11 മണിക്കൂര്‍ ചോദ്യം ചെയ്തു. ഹൈക്കോടതി അനുവദിച്ച മൂന്ന് ദിവസത്തില്‍ ആദ്യദിന ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. രാവിലെ ഒമ്പതിന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി എട്ട് മണിയോടെയാണ് അവസാനിച്ചത്. ഇന്ന് മൂന്ന് രീതിയിലാണ് അഞ്ച് പ്രതികളെയും പോലീസ് ചോദ്യം ചെയ്തത്. ഓരോരുത്തരെയായി ആദ്യം ചോദ്യം ചെയ്തു. ശേഷം എല്ലാവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. കൂടാതെ ദിലീപിനെ എഡിജിപി എസ് ശ്രീജിത്ത് പ്രത്യേകം ചോദ്യം ചെയ്തു. പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് വിവരം.
ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ദിലീപ് ചെയ്തത്. അഞ്ച് പേരും നല്‍കിയ മൊഴികളില്‍ പൊരുത്തക്കേണ്ടുണ്ട് എന്നാണ് വിവരം. സംശയങ്ങള്‍ ദൂരീകരിക്കാന്‍ നാളെയും ചോദ്യം ചെയ്യും. തങ്ങള്‍ക്ക് ലഭിച്ച മൊഴികള്‍, തെളിവുകള്‍ എന്നിവ അന്വേഷണ സംഘം ദിലീപിനെ കാണിച്ചുവെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ശേഷം അഞ്ചു പേരും ഒരുമിച്ചാണ് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്ന് മടങ്ങിയത്.

അതിനിടെ, ദിലീപ് ഇന്ന് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നീട്ടരുത് എന്നാണ് ആവശ്യം. സമയം നീട്ടി നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് എതിര്‍ത്താണ് ദിലീപിന്റെ ഹര്‍ജി. എത്രയും വേഗം വിചാരണ അവസാനിപ്പിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. വിചാരണ കോടതി ജഡ്ജിയെ മാറ്റാനാണ് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടുന്നത്. ഇനി തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ദിലീപ് എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ചോദ്യം ചെയ്യലിന് ഹാജരായത്. അതേസമയം, കേസില്‍ വിവാദമായ വിഐപി ആരെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിന്റെ സുഹൃത്ത് ശരത്ത് ആണ് വിഐപി എന്ന മട്ടില്‍ ചില പ്രചാരണങ്ങളുണ്ടായിരുന്നു. കോട്ടയത്തെ പ്രവാസി വ്യവസായി വിഐപിയാണ് എന്ന രീതിയിലും പ്രചാരണങ്ങളുണ്ടായി. എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരണം നല്‍കിയിരുന്നില്ല.
നടന്‍ അനൂപ് കൃഷ്ണന്‍ വിവാഹിതനായി; താലികെട്ട് ഗുരുവായൂരില്‍... ചിത്രങ്ങള്‍ കാണാം
സാക്ഷികള്‍ കൂറുമാറിയത് പരിശോധിക്കും. ആവശ്യത്തിന് തെളിവുകള്‍ കൈവശമുണ്ട്. കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി വരികയാണ്. കോടതി നിര്‍ദേശ പ്രകാരമാണ് മുന്നോട്ട് പോകുന്നത്. പ്രതികള്‍ ചോദ്യം ചെയ്യലില്‍ സഹകരിച്ചില്ലെങ്കില്‍ കോടതിയെ അറിയിക്കുമെന്നും എസ് ശ്രീജിത്ത് പറഞ്ഞു. പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച വേളയില്‍ ഹൈക്കോടതിയാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെ ചോദ്യം ചെയ്യാമെന്നാണ് കോടതി അറിയിച്ചത്. വ്യാഴാഴ്ച ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications