'ജാതീയ സലാം,ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ഛരിക്കാനുള്ള യോഗ്യത നഷ്ടപ്പെട്ടു'; ഹരീഷ് പേരടി
തിരുവനന്തപുരം: സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ പ്രശംസിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി.
ചെത്തുകാരൻ കോരന്റെ മകനെ ജാതിയമായി അധിക്ഷേപിച്ചപ്പോൾ കൂടെ നിന്ന മലയാളികളുടെ മുഖത്ത് നോക്കിയാണ് നിങ്ങൾ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റ്യൂട്ടിലെ ജീവനക്കാരെയും വിദ്യാർത്ഥികളെയും ജാതിയമായി അധിക്ഷേപിച്ചവരെ ന്യായികരിച്ച അടൂരിനെ വിശുദ്ധനാക്കുന്നതെന്ന് ഹരീഷ് പേരടി കുറ്റപ്പെടുത്തി. ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ചരിക്കാനുള്ള യോഗ്യതയാണ് ഈ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി നഷ്ടപ്പെടുത്തിയതെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'ചെത്ത്കാരൻ കോരന്റെ മകനെ എന്ന് നിങ്ങളെ ജാതിയമായി അധിക്ഷേപിച്ചപ്പോൾ കൂടെ നിന്നവരാണ് ഈ കേരളത്തിലെ അരിയാഹാരം കഴിക്കുന്ന മനുഷ്യർ ...അതെ മനുഷ്യരുടെ മുഖത്ത് നോക്കിയാണ് K.R.നാരായണൻ ഫിലിം ഇൻസ്റ്റ്യൂട്ടിലെ ജീവനക്കാരെയും വിദ്യാർത്ഥികളെയും ജാതിയമായി അധിക്ഷേപിച്ചവരെ ന്യായികരിക്കുന്ന അടൂരിനെ നിങ്ങൾ വിശുദ്ധനാക്കുന്നത്...സത്യത്തിൽ നിങ്ങൾ ദേശാഭിമാനി പോലും വായിക്കാറില്ലെ?..സങ്കടത്തോടെ പറയട്ടെ ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ചരിക്കാനുള്ള യോഗ്യതയാണ് ഈ പ്രസ്താവനയിലൂടെ നിങ്ങൾ നഷ്ടപ്പെടുത്തിയത്..ജാതീയ സലാം', പോസ്റ്റിൽ ഹരീഷ് പേരടി പറഞ്ഞു.

സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഇതിഹാസ തുല്യനാണെന്നും മലയാള ചലച്ചിത്ര ശാഖയുടെ യശസ്സ് ലോകത്ത് എത്തിച്ച വ്യക്തിയാണെന്നുമായിരുന്നു പുണറായി വിജയന്റെ പ്രശംസ. അദ്ദേഹത്തിന്റെ ഇരിപ്പിടം ഒഴുക്കിനെതിരെ നീന്തി നവ ഭാവുകത്വം നേടിയവരുടെ കൂട്ടത്തിലാണ. പുത്തൻ സിനിമാ സങ്കൽപ്പത്തിന് നിലനിൽപ്പ് നേടിക്കൊടുക്കുകയാണ് അടൂർ ചെയ്തത്. അന്തർ ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാൻഡ് അംബാസിഡറാണ് അദ്ദേഹമെന്നും പിണറായി പറഞ്ഞിരുന്നു.

അതേസമയം കെആർ ഇൻസ്റ്റിറ്റ്യൂറ്റ് വിഷയത്തിൽ വിദ്യാർത്ഥികളെ വിമർശിച്ച അടൂരിനെ പല കോണുകളിൽ നിന്നും വിമർശനം രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം നടൻ ജോയ് മാത്യുവും അടൂരിനെതിരെ രംഗത്തെത്തിയിരുന്നു. വിദ്യാർത്ഥി സമരം അവസാനിപ്പിക്കാൻ ആകെ വേണ്ടത് അടൂർ സ്ഥാനം ഒഴിയുകയാണെന്നായിരുന്നു നടൻ ജോയ് മാത്യു പറഞ്ഞത്. അടൂർ ഒഴിയുമ്പോൾ ഡയറക്ടർ ശങ്കർ മോഹനേയും കൂടെ കൂട്ടുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജോയ് മാത്യു പരിഹസിച്ചിരുന്നു.

ജോയ് മാത്യുവിന്റെ വാക്കുകൾ ഇങ്ങനെ-'കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി സമരം അവസാനിപ്പിക്കാൻ ആകെ ചെയ്യേണ്ടത്മലയാള സിനിമയുടെ അഭിമാനമായ അടൂർജി ഇതൊരു ആനക്കാര്യമല്ലെന്ന് മനസ്സിലാക്കി കൂളായി സ്ഥാനം ഒഴിഞ്ഞേക്കുക. കൂടെ തന്റെ ആത്മസുഹൃത്തിന്റെ മകനും ഫിലിം ഫെസ്റ്റിവൽ ജീവി മാത്രവുമായ ശങ്കർ മോഹനെയും കൂട്ടിക്കൊണ്ട് പോവുക -നല്ല പടം പിടിച്ചു വീണ്ടും പ്രശസ്തനാകുക'

'വിദ്യാർത്ഥികളോട് പറയാനുള്ളത് :
പാർശ്വവൽക്കരിക്കപ്പെട്ടവരോടും ദളിതരോടും ആദിവാസികളോടുമൊപ്പമാണ് തങ്ങളെന്ന കപട നാട്യവുമായി വിദ്യാർത്ഥികളെ പറ്റിച്ചുകൊണ്ടിരിക്കുന്ന ഇടത്പച്ച സർക്കാർ
അടൂരിനെയോ അദ്ദേഹത്തിന്റെ അടരായ ശങ്കർ മോഹന ദേഹത്തെയോ പുറത്താക്കുമെന്ന
സ്വപ്നം കാണുകയേ വേണ്ട. എന്തുതന്നെയായാലും ഞാൻ വിദ്യാർഥികളോടൊപ്പമാണ്
#solidarity വാലിന്റെ തുമ്പ് : പണ്ട് "മുഖാമുഖം "എന്ന അടൂരിന്റെ മികച്ച ഒരു സിനിമയെ കമ്മ്യൂണിസ്റ്റ് വിരുദ്ധം എന്ന് പറഞ്ഞു നഖശിഖാന്തം എതിർത്തവരാണ് ഈ ഇടത് പച്ചം എന്നോർക്കുമ്പോൾ ചിരിയല്ല കരച്ചിലാണ് വരുന്നത്'












Click it and Unblock the Notifications