നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെസി വേണുഗോപാലുമായി ചർച്ച നടത്തി, മറ്റൊരു 'വിസ്‌മയം' കൂടി!
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടത് പാർട്ടികളിൽ നിന്നും സഹയാത്രികരായ ആളുകളെയും കൂടെ ചേർക്കാനുള്ള കോൺഗ്രസ് ശ്രമത്തിൽ പുതിയ വഴിത്തിരിവ്. പ്രമുഖ നടനും സിപിഐ നേതാവും കൂടിയായ ജയൻ ചേർത്തലയാണ് ഇക്കൂട്ടത്തിൽ ഏറ്റവും അവസാനം ഉയർന്നു കേൾക്കുന്ന പേര്. ജയൻ ചേർത്തല കോൺഗ്രസിലേക്ക് പോവാനുള്ള സാധ്യതകൾ ഉണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമാവുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായി ജയൻ ചേർത്തല ചർച്ച നടത്തിയിരുന്നു. നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായിരുന്ന പ്രേം കുമാറിന് പിന്നാലെയാണ് നടൻ ജയൻ ചേർത്തലയും മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തുന്നത്. വിവധ മേഖലയിൽ നിന്നുള്ള പരമാവധി പ്രമുഖരെ പാർട്ടിയിലേക്ക് എത്തിക്കുകയെന്ന കോൺഗ്രസ് നീക്കത്തിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് വിവരം.

എന്നാൽ ജയൻ ചേർത്തല ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിന് തയ്യാറായിട്ടില്ല. ഇന്ന് രാവിലെയോടെയാണ് ജയന്‍ ചേര്‍ത്തല കെസി വേണുഗോപാലിന്റെ വസതിയിൽ എത്തി നേരിട്ട് കണ്ടത്. തന്റെ മണ്ഡലത്തിലെ എംപിയാണല്ലോ കെസി വേണുഗോപാൽ എന്നും അതുകൊണ്ട് ആലപ്പുഴയിലെ ചില വിഷയങ്ങള്‍ പറയാന്‍ എത്തിയതാണെന്നുമായിരുന്നു ജയന്‍ ചേര്‍ത്തല ഇതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചത്.
നിലവിൽ ആശയപരമായി ഇടതുപക്ഷത്തോട് വിയോജിപ്പുകളുണ്ടെന്ന് ജയൻ ചേർത്തല പരസ്യമായി പറയുകയും പാർട്ടി പരിപാടികളിൽ നിന്ന് മാറി നിൽക്കുകയും ഒക്കെ ചെയ്‌തിരുന്നു. മാത്രമല്ല ഇതിന് ശേഷം കോൺഗ്രസിന്റെ വിവിധ സാംസ്‌കാരിക സംഘടനകൾ നടത്തുന്ന പരിപാടികളിൽ ജയൻ ചേർത്തല സാന്നിധ്യമായിരുന്നു. അന്ന് തന്നെ ജയൻ ചേർത്തലയുടെ കോൺഗ്രസ് പ്രവേശനത്തെ കുറിച്ചുള്ള ചർച്ചകൾ വന്നിരുന്നു.
ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് മോഹന്‍ലാലിനെ ആദരിക്കുന്ന ചടങ്ങിന് 'മലയാളം വാനോളം ലാല്‍സലാം' എന്ന പേര് നല്‍കിയതിനെതിരെ പരസ്യമായി രംഗത്ത് വന്നയാൾ കൂടിയാണ് ജയൻ ചേർത്തല. താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ ജയന്‍ ചേര്‍ത്തല ഇക്കാര്യത്തിൽ സർക്കാരിനെ നിശിതമായി വിമർശിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരമാവധി പ്രമുഖരെ ഒപ്പം ചേർക്കാൻ, പ്രത്യേകിച്ച് ഇടത് അനുഭാവികളും സഹയാത്രികരും ആയവരെ പാർട്ടിയിൽ എത്തിക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് കോൺഗ്രസ്. അതിൽ പലർക്കും നിയമസഭാ സീറ്റ് അടക്കമുള്ള കാര്യങ്ങളും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. പികെ ശശി, നടൻ പ്രേംകുമാർ എന്നിങ്ങനെ പലരുടെയും പേരുകൾ ഇക്കൂട്ടത്തിൽ പറഞ്ഞു കേൾക്കുന്നുണ്ട്. അതിൽ ഒടുവിലത്തേത് ആണ് ജയൻ ചേർത്തലയുടേത്.












Click it and Unblock the Notifications