പോലീസിനെ സഹായിക്കുന്ന തടവുപുള്ളി, കാര്‍ത്തിയുടെ കൈദി കോപ്പിയടിച്ചത് തന്നെ, തെളിവുമായി കൊല്ലം സ്വദേശി
കൊല്ലം: പത്ത് വര്‍ഷം ഉള്ളൈ താന്‍ ഇരുന്ത സാര്‍, അനാ ഉള്ളൈ എന്ന താന്‍ പണ്ണിയിറുക്ക് എന്ന് ഉങ്കള്‍ക്ക് തെരിയാത്. കാര്‍ത്തി നായകനായ കൈദിയിലെ പ്രശസ്തമായ ഡയലോഗ് ആണിത്. എന്നാല്‍ ചിത്രം വലിയ കോപ്പിയടി വിവാദത്തില്‍ വീണിരിക്കുകയാണ്. കോടതി ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെയും റീമേക്കിന്റെയും ഷൂട്ടിംഗ് അടക്കം തടഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ തെളിവ് സഹിതം അക്കാര്യം പറയുകയാണ്. കൊല്ലം മുഖത്തല സ്വദേശി രാജീവ്. തന്റെ കഥയാണ് കൈദിയെന്ന് അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്. അറിയാം രാജീവ് പറഞ്ഞ കാര്യങ്ങളെ കുറിച്ച്.

കൈദി ഇറങ്ങി ഒരു വര്‍ഷത്തോളം കഴിഞ്ഞ് അത് ടിവിയില്‍ കണ്ടപ്പോള്‍ മാത്രമാണ് തന്റെ കഥ സിനിമയായെന്ന് മനസ്സിലായതെന്ന് രാജീവ് ഫെര്‍ണാണ്ടസ് പറയുന്നു. ഇതോടെയാണ് കേസ് കൊടുക്കാന്‍ നിര്‍ബിന്ധിതനായത്. ടൂറിസം സംരംഭകന്‍ കൂടിയാണ് രാജീവ്. സിനിമയുടെ രണ്ടാം ഭാഗം അടക്കം വരുന്നത് കണ്ട് തടയുകയായിരുന്നു കേസിന്റെ ലക്ഷ്യം. കൈദിയുടെ മൂലകഥ താന്‍ എഴുതിയതാണെന്നതിന് തെളിവുകള്‍ കൈവശം ഉണ്ടെന്നും രാജീവ് പറയുന്നു.

2004ല്‍ ചെന്നൈ സെന്‍ട്രല്‍ ജയിലില്‍ രാജീവ് വിചാരണത്തടവുകാരനായി കിടന്നിരുന്നു. രണ്ട് മാസത്തോളമായിരുന്നു ഇത്. ആ സമയത്താണ് കൈദിയുടെ കഥ മനസ്സില്‍ വരുന്നതെന്ന് രാജീവ് വ്യക്തമാക്കി. താന്‍ ജയിലില്‍ വരുന്നതിന് മുമ്പ് അവിടെ വലിയൊരു കലാപം നടന്നിരുന്നു. അതില്‍ ഉദ്യോഗസ്ഥരും തടവുകാരുമെല്ലാം കൊല്ലപ്പെട്ടു. താന്‍ സഹതടവുകാരില്‍ നിന്ന് ആ കഥയൊക്കെ കേട്ടറിഞ്ഞിരുന്നുവെന്ന് രാജീവ് പറയുന്നു.

ആ കേസില്‍ എന്നെ വെറുതെ വിടുകയായിരുന്നു. ജയിലില്‍ വെച്ചുള്ള അനുഭവങ്ങള്‍ക്കൊപ്പം കുറച്ച് ഭാവനയും ചേര്‍ത്താണ് താന്‍ കഥയെഴുതിയത്. ജീവഗന്ധി എന്നായിരുന്നു പേര്. സിനിമാക്കാരുടെ കേന്ദ്രമായിരുന്ന ഒരു ഹോട്ടലിലാണ് പിന്നീട് താന്‍ ജോലി ചെയ്തതെന്ന് രാജീവ് പറയുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ചിട്ടുള്ളത് കൊണ്ട് കൊച്ചിയിലെ ഹോട്ടലില്‍ മാനേജരായിട്ടായിരുന്നു ജോലി. അന്ന് ഒരു പ്രമുഖനായ നിര്‍മാതാവിന് ജീവഗന്ധി എന്ന കഥ വായിക്കാന്‍ കൊടുത്തിരുന്നുവെന്ന് രാജീവ് വ്യക്തമാക്കി.

ആ കഥയ്ക്ക് ഒരു തമിഴ് സിനിമയ്ക്ക് സ്‌കോപ്പുണ്ടെന്ന് ആ നിര്‍മാതാവാണ് പറയുന്നത്. അദ്ദേഹം തന്നെ ഒരു തമിഴ് നിര്‍മാതാവിനെയും പരിചയപ്പെടുത്തി. അന്ന് ഹോട്ടലില്‍ നിന്ന് അവധിയെടുത്താണ് കൈദിയുടെ കഥ ചെന്നൈയില്‍ എത്തി പറയുന്നു. അന്ന് ആ നിര്‍മാതാവിനൊപ്പം കൈദിയുടെ നിര്‍മാതാവ് എസ്ആര്‍ പ്രഭുവും ഉണ്ടായിരുന്നു. ആ കഥ ഇഷ്ടപ്പെട്ട് പതിനായിരം രൂപ അഡ്വാന്‍സ് തന്നിരുന്നു. ആ സംഭവം 2007ലായിരുന്നു. എന്നാല്‍ സിനിമ റിലീസാകുന്നത് 12 വര്‍ഷം കഴിഞ്ഞാണ്. താന്‍ പോലും അത് അറിഞ്ഞിരുന്നില്ലെന്ന് രാജീവ് പറഞ്ഞു.

ഒരു കൊലക്കേസില്‍ വിചാരണ തടവുകാരനായിട്ടാണ് രാജീവ് ജയിലിലെത്തുന്നത്. തന്റെ സുഹൃത്തും മറ്റൊരാളും തമ്മിലുള്ള തര്‍ക്കമാണ് അങ്ങനെ സംഭവിക്കാന്‍ കാരണം. രാജീവും സംഭവത്തില്‍ പ്രതിയായി. കോടതി ഒടുവില്‍ രാജീവിനെ വെറുതെ വിട്ടു. താന്‍ കിടന്നിരുന്ന ജയിലില്‍ ടാഡ തടവുകാര്‍ ഉണ്ടായിരുന്നു. ഒരു ബസില്‍ ഇവര്‍ക്കൊപ്പമാണ് രാജീവിനെയും കോടതിയില്‍ കൊണ്ടുപോയിരുന്നത്. അന്ന് അവര്‍ രക്ഷപ്പെടാന്‍ പ്ലാന്‍ ചെയ്യുകയായിരുന്നു. കൂടെ വരുന്നോ എന്ന് അതിലെ പ്രധാന എന്നോട് ചോദിച്ചു. ഞാന്‍ അവര്‍ തമാശ പറയുകയാണെന്നാണ് കരുതിയത്.

കോടതിയില്‍ വലിയൊരു ആള്‍ക്കൂട്ടമുണ്ടായിരുന്നു. ജയിലിന് സമീപത്തടക്കം ഇവര്‍ സംഘടിച്ചിട്ടുണ്ടായിരുന്നു. കോടതിയില്‍ നിന്ന് മടങ്ങുമ്പോള്‍ രക്ഷപ്പെടാനായിരുന്നു പദ്ധതി. കാവലും ഇവര്‍ക്ക് കുറവായിരുന്നു. ഇവരുടെ പദ്ധതി താന്‍ പോലീസുകാരെ അറിയിച്ചു. അവര്‍ കൂടുതല്‍ ഫോഴ്‌സിനെ നിയമിച്ച് ഈ നീക്കം തടഞ്ഞു. പോലീസുകാരെ സഹായിക്കുന്ന പ്രതി എന്ന പ്ലോട്ട് അങ്ങനെയാണ് സിനിമയ്ക്കുള്ള കഥയാക്കിയത്. തമിഴ് സിനിമയുടെ ഫോര്‍മാറ്റില്‍ കുറച്ച് ആക്ഷനും ഞാന്‍ ചേര്‍ത്തു. ഈ കഥയുടെ അവസാന ഭാഗമാണ് കൈദിയില്‍ ഉപയോഗിച്ചിരിക്കുന്നത്.

തെളിവുകളൊക്കെ തന്റെ കൈവശമുണ്ടെന്ന് രാജീവ് പറയുന്നു. ബാങ്കില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഫോണ്‍ ബില്ലെല്ലാം ഇ മെയിലിലായിരുന്നു ലഭിച്ചത്. നിര്‍മാതാക്കളുമായുള്ള ഫോണ്‍ വിളികള്‍ക്ക് ഇത് രേഖയായി. ജീവഗന്ധി പഴയൊരു നോട്ടുബുക്കിലായിരുന്നു ആദ്യ എഴുതിയത്. അതും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അത് പകര്‍ത്തി എഴുതിയാണ് നിര്‍മാതാക്കള്‍ക്ക് നല്‍കിയത്. കൈദിക്ക് ക്രെഡിറ്റ് നല്‍കാത്തതല്ല പ്രശ്‌നം, തന്റെ ജീവിത കഥയാണെന്ന് അറിഞ്ഞിട്ടും തന്നെ അറിയിക്കാതെ സിനിമയാക്കിയതാണ് പ്രശ്‌നം. അത് വിശ്വാസ വഞ്ചനയാണെന്നും രാജീവ് പറഞ്ഞു.
ഗ്ലാമറസ് ലുക്കിൽ കുടുംബവിളക്ക് താരം; ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications