'ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട്'; പീഡന ആരോപണത്തിൽ ഡിജിപിക്ക് പരാതി നൽകി നടൻ നിവിൻ പോളി
തിരുവനന്തപുരം: സിനിമയിൽ അവസരം നൽകാമെന്ന വ്യാജേന വിദേശത്ത് വച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് പ്രാഥമിക പരാതി നടൻ നിവിൻ പോളി. യുവതിയുടേത് വ്യാജ ആരോപണം ആണെന്നും ഗൂഢാലോചന ഉണ്ടെന്നും ആരോപിച്ച താരം തന്റെ പരാതി കൂടി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. എഫ്ഐആറിന്റെ കോപ്പി കിട്ടിയശേഷം വിശദമായ പരാതി എഴുതി നൽകുമെന്നാണ് നിവിൻ അറിയിച്ചത്.
തന്റെ പരാതി കൂടി പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്നാണ് നിവിൻ പോളി ആവശ്യപ്പെട്ടിരിക്കുന്നത്. പോലീസിന്റെ തുടർനടപടി നടപടി അറിഞ്ഞതിന് ശേഷമാവും മുൻകൂർ ജാമ്യം തേടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നടൻ കടക്കുക എന്നാണ് ലഭ്യമായ വിവരം. നേരത്തെ യുവതിയുടെ പരാതിയിൽ നിവിൻ പോളി ഉൾപ്പെടെയുള്ളവർക്ക് എതിരെ പോലീസ് കേസെടുത്തിരുന്നു.

അതേസമയം, എറണാകുളം ഊന്നുകൽ പോലീസാണ് യുവതിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം താരത്തിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം മറ്റ് ആറ് പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. ഊന്നുകൽ സ്വദേശിയാണ് പരാതിക്കാരിയായ യുവതി.
കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം നവംബർ ഒന്ന് മുതൽ ഡിസംബർ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് യുവതി തന്റെ പരാതിയിൽ ആരോപിക്കുന്നത്. എന്നാൽ നിവിൻ പോളിയ്ക്ക് എതിരെ തന്റെ കൈയിൽ തെളിവുകൾ ഒന്നുമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞത്.
പരാതിക്ക് ആധാരമായ സംഭവം നടക്കുന്ന സമയത്ത് താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നിവിൻ പോളിയുടെ കൈവശമാണ് ഉള്ളതെന്നും അതുകൊണ്ടാണ് നടൻ ഇക്കാര്യത്തിൽ ധൈര്യമായി രംഗത്ത് വരുന്നതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. എങ്കിലും സത്യം തെളിയുമെന്ന ആത്മവിശ്വാസമുണ്ടെന്ന് പരാതിക്കാരി പറയുന്നു.
എന്നാൽ പരാതിക്കാരിയായ പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്‌തിട്ടില്ലെന്നായിരുന്നു നിവിൻ പോളി മാധ്യമങ്ങളോട് പറഞ്ഞത്. ആരോപണം അടിസ്ഥാന രഹിതമാണെന്നും താരം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ താരത്തിന് പിന്തുണയുമായി ബാല ഉൾപ്പെടെയുള്ള നടൻമാർ രംഗത്ത് വരികയും ചെയ്‌തിരുന്നു. നിവിൻ ഒളിച്ചോടിയില്ലെന്നും ആരോപണത്തെ നേരിടാൻ തീരുമാനിച്ചെന്നും ബാല ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications