25 കോടി രൂപ പിഴയടച്ചത് ഞാനല്ല, വ്യാജവാര്‍ത്തകള്‍ക്കെതിരെ ഉറപ്പായും നിയമനടപടി; പൃഥ്വിരാജ് സുകുമാരന്‍
കൊച്ചി: മലയാള സിനിമയിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് ഒരു നിര്‍മാതാവില്‍ നിന്ന് 25 കോടി രൂപ ഈടാക്കി എന്ന വാര്‍ത്തയിലെ ആള്‍ താനല്ല എന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. തന്റെ പേര് ചേര്‍ത്ത് ഇത്തരം വാര്‍ത്ത പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നും പൃഥ്വിരാജ് സുകുമാരന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.
നേരത്തെ മലയാള സിനിമയിലെ ഒരു നടന്‍ കൂടിയായ നിര്‍മാതാവില്‍ നിന്ന് വിദേശത്ത് നിന്ന് കള്ളപ്പണം സ്വീകരിച്ചതിന്റെ പേരില്‍ 25 കോടി രൂപ പിഴയീടാക്കി എന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ഈ നിര്‍മാതാവായ നടന്‍ പൃഥ്വിരാജാണ് എന്ന തരത്തില്‍ ചില യൂട്യൂബ് ചാനലുകള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി പൃഥ്വിരാജ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.

വര്‍ത്തമാനകാലത്ത് മാധ്യമ ധാര്‍മികത എന്നത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്ന് പൃഥ്വിരാജ് പറഞ്ഞു. സാധാരണഗതിയില്‍ ഇത്തരം വ്യാജ ആരോപണങ്ങളേ താന്‍ തള്ളിക്കളയാറുണ്ട് എന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തീര്‍ത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു 'കള്ളം', വാര്‍ത്ത എന്ന പേരില്‍ പടച്ചുവിടുന്നത് എല്ലാ മാധ്യമധര്‍മത്തിന്റേയും പരിധികള്‍ ലംഘിക്കുന്നതാണ് എന്ന് പൃഥ്വിരാജ് ചൂണ്ടിക്കാട്ടി.
അതിനാല്‍ ഈ വിഷയത്തില്‍ എല്ലാ തരത്തിലുള്ള നിയമനടപടികളും സ്വീകരിക്കും എന്നും പൃഥ്വിരാജ് സുകുമാരന്‍ വ്യക്തമാക്കി. താന്‍ ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പിഴയും അടച്ചിട്ടില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ഈ വിഷയത്തില്‍ നിയമത്തിന്റെ ഏതറ്റം വരെ പോകാനും താന്‍ ഒരുക്കമാണ് എന്നും പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.
തന്റെ പേരില്‍ 25 കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിഴയായി അടച്ചു എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ ആരോപണം തീര്‍ത്തും അസത്യവവും അടിസ്ഥാനരഹിതവുമാണ് അധിക്ഷേപകരവുമാണ് എന്നും പൃഥ്വിരാജ് സുകുമാരന്‍ പ്രസ്താവനയില്‍ പറഞ്ഞു. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...
വര്‍ത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാര്‍മികത എന്നതിനാല്‍ സാധാരണഗതിയില്‍ ഇത്തരം വ്യാജആരോപണങ്ങളേയും വാര്‍ത്തകളേയും ഞാന്‍ അത് അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാല്‍ തീര്‍ത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു 'കള്ളം', വാര്‍ത്ത എന്ന പേരില്‍ പടച്ചുവിടുന്നത് എല്ലാ മാധ്യമധര്‍മത്തിന്റേയും പരിധികള്‍ ലംഘിക്കുന്നതാണ്.
ഈ വിഷയത്തില്‍ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാന്‍ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും
PS: ഇനിയും വ്യക്തത വേണ്ടവര്‍ക്ക്: ഞാന്‍ ഈ കാര്യത്തില്‍ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല.












Click it and Unblock the Notifications