പീഡന കേസിൽ സിദ്ദിഖ് കുറ്റക്കാരനെന്ന് പോലീസ്; 'യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത് ദുരുദ്ദേശ്യത്തോടെ'
തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ പ്രമുഖ നടൻ സിദ്ദിഖ് കുറ്റക്കാരനാണെന്ന് ആവർത്തിച്ച് പോലീസ്. നടനെതിരായ കേസിലെ കുറ്റപത്രത്തിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സിനിമാ ചർച്ചയ്ക്കെന്ന പേരിൽ തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് താരം യുവതിയെ വിളിച്ചുവരുത്തിയത് ദുരുദ്ദേശ്യത്തോടെയാണെന്ന് കുറ്റപത്രത്തിൽ പറയുന്നതായാണ് സൂചന.
ഹോട്ടലിലേക്ക് യുവതിയെ വിളിച്ചുവരുത്തിയ സിദ്ദിഖ് അവിടെവച്ച് അവരെ ബലാത്സംഗം ചെയ്‌തുവെന്ന് നേരത്തെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പോലീസ് പറഞ്ഞിരുന്നു. ഇക്കാര്യം തന്നെയാണ് കുറ്റപത്രത്തിലുമുള്ളത്. മലയാള സിനിമയെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് തന്നെ നടി പീഡനം വെളിപ്പെടുത്തിയതിന് സാക്ഷികളുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം അറിയിക്കുന്നു.

സംഭവം പുറത്ത് പറയുമെന്നു നടി പറഞ്ഞപ്പോൾ താരം പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും പോലീസ് ആരോപിക്കുന്നുണ്ട്. സിനിമാ മേഖലയിൽ ഒരു പ്രൊഫൈലും ഇല്ലാത്തതിനാൽ അവരെ ആരും വിശ്വസിക്കില്ലെന്നും താനുമായി താരതമ്യപ്പെടുത്തുമ്പോൾ അവരുടെ നില പൂജ്യമാണെന്നും പറഞ്ഞ് സിദ്ദിഖ് നടിയെ ഭീഷണിപ്പെടുത്തിയെന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്.
ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം കോടതിയില്‍ സമർപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. കേസിന്റെ തുടക്കം മുതൽ തന്നെ സിദ്ദിഖിനെ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു അന്വേഷണ സംഘം. ഇതോടെ താരം അഴിയെണ്ണുമോ എന്നാണ് ഉയരുന്ന ചോദ്യം.
പീഡന പരാതിയെ തുടർന്ന് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. 2016 ജനുവരി 28നായിരുന്നു പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു. ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയ നടിയെ സിദ്ദിഖ് ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. പ്രിവ്യൂ കാണാൻ നടിയെയും കുടുംബത്തെയും സിദ്ദിഖ് ക്ഷണിച്ചതിനും നടി ഹോട്ടലിൽ എത്തിയതിനും സിദ്ദിഖ് അന്ന് അവിടെ താമസിച്ചിരുന്നതിനും സാക്ഷിമൊഴികളും ഡിജിറ്റൽ തെളിവുകളുമുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
പീഡനത്തിന് പിന്നാലെ യുവതി കൊച്ചിയിൽ ചികിത്സ തേടിയിരുന്നു. ഈ ഡോക്‌ടറോട് അന്നുതന്നെ യുവതി പീഡനവിവരം വെളിപ്പെടുത്തിയിരുന്നു എന്നാണ് സൂചന. കേസിൽ ഡോക്‌ടർ മൊഴി നൽകിയെന്നും അന്വേഷണ സംഘം പറയുന്നു. ശക്തമായ തെളിവുകൾ സിദ്ദിഖിനെതിരെ ഉണ്ടെന്ന സൂചനയാണ് അന്വേഷണ സംഘത്തിന്റെ നടപടികളിൽ നിന്ന് വ്യക്തമാവുന്നത്.
മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമാണ് സിദ്ദിഖ് അടക്കമുള്ള പ്രമുഖർക്ക് എതിരെ പരാതി വന്നത്. സിദ്ദിഖിന് പുറമേ മണിയൻപിള്ള രാജു, എംഎൽഎ കൂടിയായ മുകേഷ്, ബാബുരാജ്, ഇടവേള ബാബു, ജയസൂര്യ എന്നിവർക്ക് എതിരെയും സംവിധായകരായ രഞ്ജിത്, വികെ പ്രകാശ്, ബാലചന്ദ്ര മേനോൻ എന്നിവർക്ക് എതിരെയും പരാതി ഉയർന്നിരുന്നു.












Click it and Unblock the Notifications