'പോലീസ് നിരന്തരം പിന്തുടരുന്നു, സ്വൈര്യജീവിതം തടസപ്പെടുത്തുന്നു'; ആരോപണവുമായി സിദ്ദിഖ്, ഡിജിപിക്ക് പരാതി
കൊച്ചി: യുവനടിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട പരാതിയിൽ എടുത്ത കേസിൽ തന്നെ പോലീസ് മനപൂർവം ബുദ്ധിമുട്ടിക്കുകയാണെന്ന ആരോപണവുമായി നടൻ സിദ്ദിഖ് രംഗത്ത്. പോലീസ് തന്നെ അനാവശ്യമായി പിന്തുടരുകയാണെന്നും തന്റെ സ്വൈര്യജീവിതം തകർക്കുന്നു എന്നുകാട്ടി നടൻ ഡിജിപിക്ക് പരാതിയും നൽകിയിട്ടുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ഉൾപ്പെടെ പോലീസ് പിന്തുടരുകയാണെന്ന് പരാതിയിൽ പറയുന്നു.
മാധ്യമങ്ങൾക്ക് പോലീസ് തന്നെയാണ് വാർത്ത ചോർത്തികൊടുക്കുന്നതെന്നും സിദ്ദിഖ് ആരോപിക്കുന്നു. യൂണിഫോമിൽ അല്ലാതെ സാധാരണക്കാരുടെ വേഷത്തിലാണ് തന്നെ പോലീസ് പിൻതുടരുന്നത്. ഇതിന് പിന്നാലെ സിദ്ദിഖ് നൽകിയ പരാതി ഡിജിപി എറണാകുളം സെൻട്രൽ എസിപിക്ക് കൈമാറുകയും ചെയ്‌തിട്ടുണ്ട്. വീടുകളിലും സിനിമ സെറ്റിലും ഉൾപ്പെടെ തന്നെ അനാവശ്യമായി പോലീസുകാർ പിന്തുടരുകയാണെന്നും നസീർ പറയുന്നു.

സിദ്ദിഖ് സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്യരുത് എന്ന ഉദ്ദേശത്തോട് കൂടിയാണ് പിന്തുടരുന്നത് എന്നതാണ് ഇക്കാര്യത്തിൽ പോലീസ് നൽകുന്ന മറുപടി. സിദ്ദിഖിന്റെ പരാതിയിൽ അന്വേഷണം നടത്തിയേക്കും. അതേസമയം, ഇന്നും യുവനടി നൽകിയ പീഡന പരാതിയിൽ സിദ്ദിഖിനെ പോലീസ് ചോദ്യം ചെയ്‌തിരുന്നു.
സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പോലീസ് ആരോപിക്കുന്നത്. ആവശ്യപ്പെട്ട തെളിവുകൾ ഉൾപ്പെടെയുള്ളവ നൽകാൻ സിദ്ദിഖ് തയ്യാറായിരുന്നില്ല. കേസിന് ആധാരമായ സംഭവം നടന്ന 2016ൽ ഉപയോഗിച്ചിരുന്ന ഐപാഡ്, ഫോൺ എന്നിവ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും നടൻ തയ്യാറായിരുന്നില്ല.
ഈ സമയത്തെ ഡിജിറ്റൽ ഉപകരണങ്ങൾ ഇപ്പോൾ കൈവശമില്ലെന്നാണ് സിദ്ദിഖ് നൽകിയ മറുപടി. ഈ സാഹചര്യത്തിൽ കൂടുതൽ ചോദ്യം ചെയ്യലിന് ഇനി പോലീസ് നിൽക്കില്ലെന്നാണ് ലഭ്യമായ വിവരം. സിദ്ദിഖിനെ ഇനി വിളിപ്പിച്ചേക്കില്ല. അതിന് പകരം കോടതിയിൽ ഇക്കാര്യം ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി നടന്മാർക്ക് എതിരെ ഗുരുതര ആരോപണവുമായി സിനിമയിലെ സ്ത്രീകൾ രംഗത്ത് വന്നിരുന്നു. അതിൽ പ്രധാന ഒരു ആരോപണ വിധേയനായിരുന്നു സിദ്ദിഖ്. യുവനടിയാണ് സിദ്ദിഖിനെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ചത്. അമ്മ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖ് ആരോപണത്തിന് പിന്നാലെ രാജിപ്രഖ്യാപനം നടത്തിയിരുന്നു.
ഇതിന് പിന്നാലെ ബാബുരാജ്, ജയസൂര്യ, മണിയൻപിള്ള രാജു, മുകേഷ്, ഇടവേള ബാബു എന്നിവർക്ക് എതിരെയും സമാനമായ ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു.ഇവർക്കെതിരായ പരാതികളിൽ അന്വേഷണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications