ആക്രമിക്കപ്പെട്ട നടി സുഹൃത്താണ്, ഒരു ബില്‍ഡിങില്‍ താമസിച്ചവരാണ്; പക്ഷേ... വിജയ് ബാബു പറയുന്നു
കൊച്ചി: മലയാളികളെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസ്. ക്വട്ടേഷന്‍ സംഘങ്ങളാണ് പിന്നിലെന്ന് ആദ്യം കരുതിയ കേസില്‍ അന്വേഷണം പുരോഗമിക്കവെ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ബന്ധമുണ്ട് എന്ന ആരോപണം ഉയര്‍ന്നു. വിവധ ഘട്ടങ്ങളില്‍ ചോദ്യം ചെയ്ത ശേഷം ദിലീപിനെ അറസ്റ്റ് ചെയ്തു. മൂന്ന് മാസത്തെ ജയില്‍ ജീവിതത്തിന് ശേഷം താരം പുറത്തിറങ്ങിയെങ്കിലും സിനിമാ മേഖലയില്‍ ഭിന്നത രൂക്ഷമാകുന്നതും പ്രകടമായി. നടിയെ പിന്തുണച്ചും ദിലീപിനെ പിന്തുണച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.
സിനിമാ രംഗത്തെ വനിതാ കൂട്ടായ്മ രൂപപ്പെടുന്നതിലേക്കും സംഭവം നയിച്ചു. ഇക്കാര്യത്തില്‍ താരസംഘടനയായ അമ്മയുടെ നിലപാട് എനിക്കറിയില്ല എന്നാണ് നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ പ്രതികരണം. അഴിമുഖം പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പ്രതികരിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ...
നിമിഷ പ്രിയ തൂക്കുകയറില് നിന്ന് രക്ഷപ്പെടുമോ? അന്തിമ വിധി ജനുവരി 3ന്, ആ കേസ് ഇങ്ങനെ

2017 ഫെബ്രുവരി 17നായിരുന്നു നടുക്കുന്ന സംഭവമുണ്ടായത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. വഴിമധ്യേ നടിയുടെ കാറിലേക്ക് അതിക്രമിച്ച് കടന്നവര്‍ ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അവര്‍ പകര്‍ത്തുകയും ചെയ്തു. ദിവസങ്ങള്‍ക്കകം തന്നെ പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ അറസ്റ്റിലായി.

സിനിമാ മേഖലയിലുള്ളവരുമായി ബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു പള്‍സര്‍ സുനി. മാസങ്ങള്‍ക്ക് ശേഷമാണ് ദിലീപ് കേസില്‍ അറസ്റ്റിലയതും റിമാന്റ് ചെയ്യപ്പെട്ടതും. പള്‍സര്‍ സുനിക്ക് ദിലീപുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം ആരോപിച്ചിരുന്നു. പ്രതികള്‍ ജയിലില്‍ നിന്ന് അയച്ച കത്തും കേസില്‍ വലിയ തെളിവായി. വിചാരണയക്ക് പ്രത്യേക കോടതി അനുവദിക്കുകയും വിചാരണ അന്തിമഘട്ടത്തിലെത്തുകയും ചെയ്തിരിക്കുന്നു.

സിനിമാ മേഖലയിലുള്ളവര്‍ രണ്ടു തട്ടിലായ സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. നടിയെ പിന്തുണച്ച് ഒരു വിഭാഗവും ദിലീപിനെ പിന്തുണച്ച് മറ്റൊരു വിഭാഗവും രംഗത്തുവന്നു. അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ് ആയിരുന്നു ആ വേളയില്‍. വിഷയം കോടതിയിലെത്തിയതോടെ പല സാക്ഷികളും കൂറുമാറുന്ന വാര്‍ത്തകളും വന്നു.

സിനിമാ മേഖലയില്‍ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി രൂപം കൊള്ളുന്നതിലേക്ക് നയിച്ചതും ഈ സംഭവമായിരുന്നു. ഡബ്ല്യുസിസിയില്‍ അംഗമല്ലാത്ത വനിതാ താരങ്ങളും നിരവധിയാണ്. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ താരസംഘടനയായ അമ്മ പക്ഷപാതപരമായി പെരുമാറി എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. സംഘടനയുടെ ഭാരവാഹികള്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.
എന്താണ് ദിലീപിന് അയച്ച സന്ദേശം; നികേഷിന്റെ ചോദ്യത്തിന് ബാലചന്ദ്രയുടെ മറുപടി, ദിലീപ് തേടിയെത്തി

നടി ആക്രമിക്കപ്പെട്ട വിഷയം വണ്‍ ഓഫ് ദ ഇന്‍സിഡന്റ് ആണ് എന്നാണ് വിജയ് ബാബു അഴിമുഖത്തോട് പ്രതികരിച്ചത്. കോടതിയുടെ പരിഗണനയിലുള്ള കേസാണത്. അമ്മയെ ബാധിച്ചിട്ടില്ല. ഞാന്‍ അമ്മയില്‍ എത്തിയിട്ട് ആറ് വര്‍ഷമേ ആയിട്ടുള്ളൂ. പുതിയ അംഗമെന്ന നിലയില്‍ ഇത്തരം വിഷയങ്ങളെ കുറിച്ചൊന്നും പറയേണ്ടതില്ല. അമ്മയ്ക്ക് അകത്തെ കാര്യങ്ങള്‍ കുറിച്ച് ചോദിക്കാന്‍ ഞാന്‍ റോങ് പേഴ്‌സണ്‍ ആണെന്നും വിജയ് ബാബു പ്രതികരിച്ചു.

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ അമ്മയുടെ നിലപാട് എന്തായിരുന്നു എന്ന് എനിക്കറിയില്ല. ആക്രമിക്കപ്പെട്ട നടി എന്റെ സുഹൃത്താണ്. ഒരു ബില്‍ഡിങിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. എല്ലാവരും സുഹൃത്തുക്കളാണ്. അമ്മയുടെ ഭാരവാഹി എന്ന നിലയില്‍ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും എനിക്കതിന് ഉത്തരം പറയാന്‍ സാധിക്കില്ല. നടിയുമായി ഇപ്പോഴും കോണ്ടാക്ടുണ്ടെന്നും വിജയ് ബാബു പ്രതികരിച്ചു.

അമ്മയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിന് പുറത്ത് നിന്ന് മല്‍സരിച്ച വ്യക്തിയാണ് വിജയ് ബാബു. അദ്ദേഹം എക്‌സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തികഞ്ഞ സൗഹൃദ അന്തരീക്ഷമാണ് സംഘടനയിലുള്ളതെന്നും എന്നെ അറിയുന്നതു കൊണ്ടാകാം അംഗങ്ങള്‍ പരിഗണിച്ചതെന്നും വിജയ് ബാബു പറയുന്നു. പുതിയതായി എന്തെങ്കിലും ചെയ്യണമെന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.