'ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ല, എനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്'; അൻസിബ ഹസൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കടുത്ത നിലപാടുകളുമായി കൂടുതൽ താരങ്ങൾ രംഗത്ത്. റിപ്പോർട്ടിൽ പേരുള്ള വേട്ടക്കാർ ആരായാലും അവരെ പുറംലോകം അറിയണമെന്നും അഴിക്കുള്ളിൽ ആവണമെന്നും അമ്മ എക്‌സിക്യൂട്ടീവ് മെമ്പർ കൂടിയായ അൻസിബ ഹസൻ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു താരത്തിന്റെ പ്രതികരണം. തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് അൻസിബ പറയുകയുണ്ടായി.
ഇതോടെ അമ്മയിൽ ഭിന്നത ഇല്ലെന്ന ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ വാദം പൂർണമായും തള്ളപ്പെടുകയാണ്. പ്രമുഖ ബംഗാളി നടി ശ്രീലേഖ മിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ രഞ്ജിത്തിനെതിരെ നടത്തിയ ആരോപണങ്ങളിലും താരം തന്റെ നിലപാട് അറിയിച്ചു. ഈ സംഭവത്തിൽ താൻ ഇരയ്‌ക്കൊപ്പം നിൽക്കുകയാണെന്നായിരുന്നു അൻസിബ എടുത്ത നിലപാട്.

ഈ ആരോപണത്തിൽ തെളിവുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി എടുക്കണമെന്ന് അൻസിബ ഹസൻ ആവശ്യപ്പെട്ടു. കൃത്യമായ തെളിവുണ്ടെങ്കിൽ ആർക്കെതിരെ ആണെങ്കിലും ശക്തമായ നടപടിയെടുക്കണമെന്നും താരം ആവർത്തിച്ചു.
സിദ്ദിഖിന്റെ നിലപാടിനെ തള്ളിയ താരം ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കൂട്ടിച്ചേർത്തു. ഇത്രയും സ്ത്രീകൾ പരാതി പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ തീർച്ചയായും വസ്‌തുത ഉണ്ടാവും. റിപ്പോർട്ട് ഗൗരവത്തോടെയാണ് കാണുന്നത്. ഉത്തരവാദിത്തപ്പെട്ട ആളുകൾ വേട്ടക്കാരുടെ പേരുകൾ പുറത്തുവിടണമെന്നും അൻസിബ ഹസൻ ആവശ്യപ്പെട്ടു.
തനിക്കും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അൻസിബ ചൂണ്ടിക്കാട്ടി. മോശം മെസേജ് അയച്ചൊരാൾക്ക് കൃത്യമായ മറുപടി കൊടുത്തിരുന്നു. എങ്കിലും മറുപടിയിൽ വിഷയം അവസാനിപ്പിച്ചുവെന്നും പിന്നീട് ഇക്കാര്യത്തിൽ കൂടുതൽ പരാതിപ്പെടാൻ പോയില്ലെന്നും അൻസിബ പറഞ്ഞു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിലപാടുകളുമായി ബന്ധപ്പെട്ട് അമ്മയിൽ ഭിന്നത പുകയുന്നുവെന്നാണ് സൂചന. കഴിഞ്ഞ ദിവസം വിഷയത്തിൽ സംഘടനയുടെ വൈസ് പ്രസിഡന്റും പ്രമുഖ നടനുമായ ജഗദീഷിന്റെ നിലപാടിന് പിന്തുണയേറുന്നു എന്നാണ് ലഭ്യമായ വിവരം. കൂടുതൽ താരങ്ങൾ ജഗദീഷിന്റെ നിലപാടിന് അനുകൂലമായി നിൽക്കുന്നു എന്നാണ് സൂചന.
അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് എന്നായിരുന്നു, പക്ഷേ ഈ നിലപാടിനെ പൂർണമായും തള്ളിക്കൊണ്ടാണ് ജഗദീഷ് കഴിഞ്ഞ ദിവസം തന്റെ അഭിപ്രായം പങ്കുവച്ചത്. അങ്ങനെ പറയുന്നത് രക്ഷപ്പെടലാണ് എന്നായിരുന്നു ജഗദീഷിന്റെ നിലപാട്.
കോടതി അനുവദിക്കുമെങ്കില്‍ വേട്ടക്കാരുടെ പേര് പുറത്തുവരണം. അവരുടെ പേര് പുറത്തുവരേണ്ട എന്നാരും പറഞ്ഞിട്ടില്ല. കേസെടുക്കാന്‍ കോടതി പറയുകയാണെങ്കിൽ അവര്‍ക്കെതിരെ അമ്മ നടപടിയെടുക്കും. ഡബ്ല്യുസിസി ഞങ്ങളുടെ ശത്രുക്കള്‍ അല്ലെന്നും അവര്‍ പറഞ്ഞ കാര്യങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ജഗദീഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അൻസിബ ഉൾപ്പെടെയുള്ള കൂടുതൽ താരങ്ങൾ സമാനമായ നിലപാടുമായി രംഗത്ത് വരുന്നത്.












Click it and Unblock the Notifications