നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്‌ടിച്ചയാൾ പിടിയിൽ; പിന്നാലെ പുറത്തുവന്നത് മോഷണ പരമ്പര
തിരുവനന്തപുരം: നടി അനുശ്രീയുടെ പിതാവ് ഉപയോഗിച്ചിരുന്ന കാർ മോഷ്‌ടിച്ച് പലയിടങ്ങളിലായി കറങ്ങിയ പ്രതിയെ പിടികൂടി പോലീസ്. തിരുവനന്തപുരം നെടുമങ്ങാട് തെന്നൂർ നരിക്കൽ പ്രബിനാണ് പിടിയിലായത്. പ്രതിയിൽ നിന്ന് 94,000 രൂപയും മോഷണത്തിന് ഉപയോഗിക്കുന്ന സാധന സാമഗ്രികളും ഉൾപ്പെടെ കണ്ടെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾക്കെതിരെ മോഷണകേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഡിസംബര്‍ ഏഴിയിരുന്നു അനുശ്രീയുടെ കാര്‍ ഇഞ്ചക്കാട് പേ ആന്റ് പാര്‍ക്കില്‍ നിന്നും പ്രബിൻ മോഷ്‌ടിച്ചത്. മറ്റൊരു വാഹനത്തില്‍ നിന്നും ഇളക്കിയെടുത്ത നമ്പര്‍ പ്ലേറ്റ് ഈ കാറിലേക്ക് മാറ്റി സ്ഥാപിച്ച ശേഷമാണ് ഇയാൾ കടന്നുകളഞ്ഞത്.

കടയ്ക്കലിൽ വച്ചായിരുന്നു മറ്റൊരു വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഇളക്കിയെടുത്ത് ഇതിൽ ഒട്ടിച്ചത്. ശേഷം വലിയ മോഷണ പരമ്പര തന്നെയാണ് ഇയാൾ നടത്തിയതെന്ന് പോലീസ് പറയുന്നു. തിരുവനന്തപുരം വെള്ളറടയിൽ റബർ വ്യാപാര സ്ഥാപനത്തിൽ നിന്ന് 5000 കിലോയിലേറെ റബർ ഷീറ്റും 7000 രൂപയും ഇയാൾ മോഷ്‌ടിച്ചിരുന്നു.
ശേഷം ഇത് മറ്റൊരിടത്ത് കൊണ്ട് പോയി വിൽക്കുകയും ചെയ്‌തു. അതിന് ശേഷം വാഹനവുമായി പത്തനംതിട്ട പെരിനാട്ടെലെത്തിയ പ്രബിൻ അവിടെയും മോഷണം നടത്തി. അവിടെയുള്ള വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 400 കിലോയിലേറെ റബർ ഷീറ്റ് മോഷ്‌ടിക്കുകയും ചെയ്‌തു. ഇത് പൊൻകുന്നത്ത് വിൽക്കുകയായിരുന്നു.
ഈ പണവുമായി കോഴിക്കോട്ടെ പെൺസുഹൃത്തിന്റെ അടുത്തേക്ക് പോവുന്നതിനിടെ പോകുന്നതിനിടെ കാര്‍ പാലായില്‍ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതോടെ ഇയാളുടെ പദ്ധതികൾ എല്ലാം പൊളിയുകയായിരുന്നു. ഇതോടെ കാര്‍ അവിടെ തന്നെ ഉപേക്ഷിച്ച് പ്രബിന്‍ അവിടെ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചു പോവുകയായിരുന്നു.
ഈ സമയം മുഴുവന്‍ പോലീസ് ഇയാളെ പിടികൂടാനായി ശ്രമം നടത്തുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും ബൈക്കില്‍ കോഴിക്കോട്ടേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊട്ടാരക്കരയില്‍ വച്ച് പ്രബിന്‍ പിടിയിലായത്. വാഹന മോഷണം ഇയാളുടെ സ്ഥിരം രീതി ആണെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് ഇന്ധനവും പതിവായി ഇയാൾ മോഷ്‌ടിക്കാറുണ്ട്.
ഇയാളെ കാപ്പ ലിസ്‌റ്റിൽ ഉൾപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം, ഇതിന്റെ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. മൂന്ന് ജില്ലകളിലെ സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും പിന്തുടർന്നു നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ കണ്ടെത്താൻ പോലീസിന് സാധിച്ചത്.












Click it and Unblock the Notifications