നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിലെ പുനരന്വേഷണ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്‌ജി പിന്മാറി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തിൽ അതിജീവിത സമർപ്പിച്ച പുനരന്വേഷണ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറി ജഡ്‌ജി. കേസ് പരിഗണിക്കേണ്ടിയിരുന്ന ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് പിന്മാറിയത്. ജഡ്‌ജി പിന്മാറിയതോടെ മറ്റൊരു ബെഞ്ച് നടിയുടെ അപേക്ഷ പരിഗണിക്കും. കേസിൽ വിധി വന്നതിന് ശേഷമാണ് കഴിഞ്ഞ ദിവസം നടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
മെമ്മറി കാർഡ് ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണം വേണമെന്നായിരുന്നു അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടത്. നേരത്തെ സമാനമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നോ എന്ന് ഹൈക്കോടതി ചോദിച്ചു. ഹർജി വിശദമായി കേൾക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്‌റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പിന്മാറിയ സാഹചര്യത്തിൽ പകരം ആരാവും ഹർജി പരിഗണിക്കുക എന്ന കാര്യം വ്യക്തമല്ല.

അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിലും വിചാരണയിലും സുപ്രധാന സ്ഥാനമുള്ള മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണം ഉയർത്തി അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചത് കഴിഞ്ഞ ദിവസമാണ്. കേസിൽ വിധി വന്ന് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് അതിജീവിതയുടെ നീക്കം.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്‌റ്റഡിയിലായിരിക്കെ അനുമതിയില്ലാതെ പരിശോധിക്കപ്പെട്ടതായും അതിലെ വിവരങ്ങൾ പുറത്തേക്ക് പോയിരിക്കാമെന്നുമുള്ള ആശങ്കകളാണ് പുതിയ ഹർജിയുടെ കേന്ദ്രബിന്ദു. ഡിജിറ്റൽ തെളിവുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഉണ്ടായ വീഴ്‌ചകൾ കേസിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്നാണ് അതിജീവിതയുടെ വാദം.
മെമ്മറി കാർഡിനെക്കുറിച്ച് നേരത്തെ നടന്ന ഫോറൻസിക് പരിശോധനകളിൽ നിരവധി അസ്വാഭാവികതകൾ കണ്ടെത്തിയിരുന്നു. കോടതിയുടെ കസ്‌റ്റഡിയിലായിരുന്ന കാലയളവിൽ കാർഡ് ഒന്നിലധികം തവണ ആക്‌സസ് ചെയ്‌തതായാണ് പരിശോധനാ റിപ്പോർട്ടുകൾ വ്യക്തമാക്കിയത്. സാധാരണ സാഹചര്യങ്ങളിൽ കർശന സുരക്ഷയിൽ സൂക്ഷിക്കപ്പെടേണ്ട ഡിജിറ്റൽ തെളിവിൽ ഇത്തരത്തിലുള്ള ഇടപെടലുകൾ നടന്നത് അന്വേഷണ ഏജൻസികളെയും നിയമവിദഗ്‌ധരെയും പൊതുജനങ്ങളെയും ആശങ്കയിലാഴ്ത്തിയിരുന്നു.
ഇതോടൊപ്പം, ഡിജിറ്റൽ തെളിവുകളുടെ യഥാർത്ഥ അവസ്ഥയും സമഗ്രതയും പരിശോധിക്കാൻ ഉപയോഗിക്കുന്ന 'ഹാഷ് വാല്യൂ'യിൽ മാറ്റം കണ്ടെത്തിയതും വിവാദങ്ങൾക്ക് കാരണമായി. ഒരു ഡിജിറ്റൽ ഫയലിൽ ചെറിയ മാറ്റം പോലും സംഭവിച്ചാൽ ഹാഷ് വാല്യൂയിൽ വ്യത്യാസം പ്രകടമാകാറുണ്ട്. അതിനാൽ തന്നെ ഹാഷ് വാല്യൂ മാറിയെന്ന കണ്ടെത്തൽ തെളിവിന്റെ സുരക്ഷ സംബന്ധിച്ച കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു.
മെമ്മറി കാർഡിലേക്ക് ആരൊക്കെയാണ് പ്രവേശനം നേടിയത്, ഏത് സാഹചര്യത്തിലാണ് അത് തുറന്നത്, അതിലെ ദൃശ്യങ്ങൾ മറ്റാരുടെയെങ്കിലും കൈകളിലെത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ശാസ്ത്രീയവും സ്വതന്ത്രവുമായ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നാണ് അതിജീവിതയുടെ ആവശ്യം. നിലവിലുള്ള അന്വേഷണങ്ങൾ ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ നൽകുന്നില്ലെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
നേരത്തെ ഹൈക്കോടതിയുടെ നിർദേശപ്രകാരം നടന്ന വസ്‌തുതാന്വേഷണത്തിൽ മെമ്മറി കാർഡ് മൂന്ന് തവണ പരിശോധിക്കപ്പെട്ടതായും ഹാഷ് വാല്യൂയിൽ മാറ്റം സംഭവിച്ചതായും കണ്ടെത്തിയിരുന്നു. എന്നാൽ, ഈ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ ആഴത്തിലുള്ള അന്വേഷണം ആവശ്യമുണ്ടായിരുന്നുവെന്നാണ് അതിജീവിതയുടെ നിലപാട്.
ഈ വിഷയത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന ആവശ്യം അതിജീവിത മുൻപ് ഉന്നയിച്ചിരുന്നു. എന്നാൽ 2024 ഒക്ടോബറിൽ ഹൈക്കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ഇതിനകം തീർപ്പാക്കിയ വിഷയങ്ങളിൽ വീണ്ടും അതേ ആവശ്യങ്ങൾ ഉന്നയിക്കാൻ കഴിയില്ലെന്നും മറ്റ് നിയമപരമായ മാർഗങ്ങൾ സ്വീകരിക്കാമെന്നും കോടതി അന്ന് വ്യക്തമാക്കുകയായിരുന്നു.












Click it and Unblock the Notifications