അഭിഭാഷക ഉറങ്ങുകയായിരുന്നുവെന്ന പരാമർശം, ടിബി മിനിക്ക് തിരിച്ചടി, ജഡ്ജിക്കെതിരായ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന് എതിരെ അതിജീവിതയുടെ അഭിഭാഷക ടിബി മിനിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി. കേസിന്റെ വാദം നടക്കുമ്പോള്‍ അതിജീവിതയുടെ അഭിഭാഷക ഉറങ്ങുകയായിരുന്നു എന്നുളള ജഡ്ജിയുടെ പരാമര്‍ശത്തിന് എതിരെയായിരുന്നു ടിബി മിനിയുടെ ഹര്‍ജി.
ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ടിബി മിനിയുടെ ഹര്‍ജിയില്‍ വിശദമായ വാദം കേട്ടതിന് ശേഷമാണ് തള്ളിയത്. ജസ്റ്റിസ് ഹണി എം വര്‍ഗീസിന് എതിരെ കോടതിയലക്ഷ്യ നടപടി വേണം എന്നായിരുന്നു ടിബി മിനിയുടെ ഹര്‍ജിയിലെ ആവശ്യം.
കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതി ജഡ്ജിക്കെതിരെ ടിബി മിനി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിചാരണക്കോടതി ജഡ്ജി അഭിഭാഷകയ്ക്ക് നേരെ പരസ്യ വിമര്‍ശനം ഉന്നയിച്ചത്. അതിജീവിതയുടെ അഭിഭാഷക കേസിന്റെ വിചാരണ സമയത്ത് ആകെ പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് കോടതിയില്‍ വന്നത് എന്നും അരമണിക്കൂര്‍ മാത്രമാണ് കോടതിയില്‍ ഉണ്ടാകാറുളളത് എന്നും കോടതി വിമര്‍ശിച്ചിരുന്നു.

മാത്രമല്ല കോടതിയില്‍ ഉള്ളപ്പോള്‍ തന്നെ അഭിഭാഷക ഉറങ്ങാറാണ് പതിവെന്നും കോടതിയെ വിശ്രമ സ്ഥലം ആയിട്ടാണ് കാണുന്നതെന്നും ഹണി എം വര്‍ഗീസ് കുറ്റപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കവേയാണ് അതിജീവിതയുടെ അഭിഭാഷകയ്ക്ക് എതിരെ വിചാരണ കോടതി വിമര്‍ശനം ഉന്നയിച്ചത്.
ഇതിന് പിന്നാലെയാണ് വിചാരണ കോടതി ജഡ്ജി പരസ്യമായി അപമാനിച്ചുവെന്ന് ആരോപിച്ച് ടിബി മിനി ഹൈക്കോടതിയെ സമീപിച്ചത്. ഹണി എം വര്‍ഗീസ് തന്നെക്കുറിച്ച് പറഞ്ഞത് കള്ളമാണെന്നും ഒന്നരവര്‍ഷക്കാലം താന്‍ വിചാരണക്കോടതിയില്‍ ഉണ്ടായിരുന്നുവെന്നും ടിബി മിനി പറഞ്ഞിരുന്നു.
ഹണി എം വര്‍ഗീസിന് എതിരെ അഡ്വക്കേറ്റ് ജനറലിനും ടിബി മിനി പരാതി നല്‍കിയിരുന്നു. എന്നാല്‍ കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ ഈ പരാതി വരില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കി. ഇതോടെയാണ് ടിബി മിനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.



Click it and Unblock the Notifications
