നടിയുടെ ലൈംഗികാതിക്രമ പരാതി; മണിയൻപിള്ള രാജുവിനെതിരെ സാഹചര്യത്തെളിവുകൾ, കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: നടിയുടെ പരാതിയിൽ മണിയൻപിള്ള രാജുവിനെതിരെ എടുത്ത കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. പ്രത്യേകത അന്വേഷണ സംഘമാണ് കുറ്റപത്രം എറണാകുളം ഫസ്‌റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. നടനെതിരെ സാഹചര്യത്തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ആലുവ സ്വദേശിനിയായ നടിയാണ് മണിയൻപിള്ള രാജുവിനെതിരെ പരാതി നൽകിയത്.
2009ല്‍ കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് മണിയന്‍പിള്ള രാജുവിനൊപ്പം കാറില്‍ പോകുന്നതിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും തന്നെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്‌തുവെന്നുമായിരുന്നു നടിയുടെ പരാതിയിൽ പറയുന്നത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുക്കുകയായിരുന്നു.

ഇതേ നടിയുടെ പരാതിയില്‍ നടന്മാരായ മുകേഷ്, ഇടവേള ബാബു, അഡ്വ. വിഎസ് ചന്ദ്രശേഖരന്‍ എന്നിവരുടെ പേരില്‍ ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തിരുന്നു. ഇതിന് പുറമെയാണ് നടന്‍ മണിയന്‍പിള്ള രാജു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ വിച്ചു, നോബിള്‍ എന്നിവരുടെ പേരിലും കേസ് രജിസ്‌റ്റർ ചെയ്‌തത്.
മുകേഷിനെതിരായ പരാതിയിൽ രജിസ്‌റ്റർ ചെയ്‌ത കേസിലും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. നടിയുടെ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. മരടിലെ വില്ലയില്‍ വെച്ച് നടിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് എംഎൽഎ കൂടിയായ മുകേഷിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
നടനെതിരെ ഡിജിറ്റൽ തെളിവുകളും വാട്‍സ് ആപ്പ് ചാറ്റുകളും ഉൾപ്പെടെ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌തും അമ്മയില്‍ അംഗത്വം നല്‍കാമെന്ന് ഉറപ്പുനല്‍കിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ് മുകേഷിനെതിരായ നടിയുടെ ആരോപണം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് മലയാളത്തിലെ മുൻനിര നടൻമാർക്കും സംവിധായകർക്കും എതിരെ പരാതിയുമായി നടിമാർ രംഗത്ത് വന്നത്. മുകേഷ്, സിദ്ദിഖ്, ബാബുരാജ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നീ നടന്മാർക്ക് എതിരെയും ബാലചന്ദ്ര മേനോൻ, രഞ്ജിത്ത്, വികെ പ്രകാശ് എന്നീ സംവിധായകർക്ക് എതിരെയും ആരോപണം ഉയർന്നിരുന്നു.
തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച ശേഷം ഇവർക്ക് കേസുകൾ കൈമാറുകയായിരുന്നു. അതിലാണ് ഇപ്പോൾ മുകേഷിന്റെയും മണിയൻപിള്ള രാജുവിന്റെയും കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നിലവിൽ എംഎൽഎ സ്ഥാനം വഹിക്കുന്ന വ്യക്തി കൂടിയാണ് ഇതിൽ മുകേഷ്. അതിനാൽ തന്നെ അദ്ദേഹം രാജിവയ്ക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications