നടിയുടെ ലൈംഗിക പീഡന പരാതി; രഞ്ജിത്തിനെ പോലീസ് ചോദ്യം ചെയ്‌തു, പ്രതികരിക്കാതെ സംവിധായകൻ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തു. കൊച്ചിയിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. ചോദ്യം ചെയ്യലിന് ശേഷം സംവിധായകൻ പക്ഷേ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. രണ്ട് കേസുകളാണ് നിലവിൽ രഞ്ജിത്തിനെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
കൊച്ചി മറൈന്‍ ഡ്രൈവിലുള്ള തീരദേശ ഐജി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് രഞ്ജിത്തിനെ വിട്ടയച്ചത്. ബംഗാളി നടിയുടെ ലൈംഗിക അതിക്രമ പരാതിക്ക് പുറമേ കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പീഡന പരാതിയും രഞ്ജിത്തിനെതിരെയുണ്ട്.

ഈ രണ്ട് പരാതികളിലും രഞ്ജിത്തിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിനാണ് ഇവയുടെ ചുമതല. എന്നാൽ കഴിഞ്ഞ ദിവസം രണ്ട് കേസുകളിലും രഞ്ജിത്തിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംവിധായകൻ ചോദ്യം ചെയ്യലിന് ഹാജരായത്. ഇതിന്റെ മറ്റ് വിശദാംശങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല.
പാലേരി മാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനായി വിളിച്ചുവരുത്തുകയും ശേഷം കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ച് ബംഗാളി നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നുമാണ് ഒരു കേസ്. സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌ത് ബെംഗളൂരുവിലെ ആഡംബര ഹോട്ടലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവാവിന്റെ പരാതി.
നേരത്തെ യുവാവിന്റെ പരാതിയിൽ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. പരാതി മുഴുവനായും വിശ്വസനീയമല്ല എന്നായിരുന്നു കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിരീക്ഷണം. പത്ത് വർഷം മുൻപ് നടന്ന സംഭവത്തിൽ പരാതി നൽകാൻ വൈകിയതിന് മതിയായ കാരണം യുവാവിന് ബോധിപ്പിക്കാൻ കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
അതേസമയം, പീഡന പരാതിയിൽ നടൻ ജയസൂര്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇനി സെപ്റ്റംബർ 23നാണ് ഹർജി പരിഗണിക്കുക. പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളിൽ ഉൾപ്പെടെ വൈരുധ്യമുണ്ടെന്ന് ഹർജിയിൽ ജയസൂര്യ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെയാണ് മുൻനിര താരങ്ങൾക്കും സംവിധായകർക്കും ഉൾപ്പെടെ എതിരെ ഗുരുതരമായ ലൈംഗിക പീഡന പരാതികൾ ഉയർന്നുവന്നത്. നടന്മാരായ സിദ്ദിഖ്, മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, ബാബുരാജ്, സംവിധായകൻ വികെ പ്രകാശ് എന്നിവർക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.












Click it and Unblock the Notifications