നടിയുടെ പീഡന പരാതി; മുകേഷിനും ജയസൂര്യക്കും എതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു
തിരുവനന്തപുരം: നടിയുടെ പീഡന പരാതിയിൽ നടൻ ജയസൂര്യക്ക് എതിരെയും എംഎൽഎ കൂടിയായ മുകേഷിനെതിരെയും കേസെടുത്ത് പോലീസ്. കൊച്ചിയിലെ നടിയുടെ പരാതിയിലാണ് തിരുവനന്തപുരം കന്റോന്‍മെന്റ് പോലീസ് ജയസൂര്യക്ക് എതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചേർത്താണ് കേസെടുത്തിരിക്കുന്നത്. സെക്ഷന്‍ 354,354 എ, 509 എന്നീ വകുപ്പുകള്‍ നടനെതിരെ ചുമത്തിയിട്ടുണ്ട്.
തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ നടനെതിരെ ചുമത്തിയിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് മുകേഷിനെതിരെ മരട് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് നടനെതിരെയും പോലീസ് കേസെടുത്തത്. സിപിഎം എംഎൽഎ കൂടിയായ മുകേഷിന്റെ രാജി ആവശ്യം ശക്തമാവുന്ന വേളയിലാണ് ഗുരുതര വകുപ്പുകൾ കൂടി ചുമത്തി പോലീസ് കേസെടുത്തിരിക്കുന്നത്.
ഏഴ് പേർക്ക് എതിരെയാണ് ഈ നടി പീഡന പരാതി നൽകിയത്. ഇതിൽ രജിസ്‌റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിത്. ഇതിൽ നാലെണ്ണവും ജയസൂര്യ അടക്കമുള്ള പ്രധാന നടൻമാർക്ക് എതിരെയാണ്. ജയസൂര്യക്ക് പുറമേ മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവർക്ക് എതിരെയും നടി പീഡന പരാതി നൽകിയിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് നടിയുടെ മൊഴി ഇന്നലെ പ്രത്യേക അന്വേഷണ സംഘം നേരിട്ടെത്തി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്കും മുകേഷിനും എതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. നടിയുടെ വീട്ടിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഡിഐജി അജിതാ ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവർ മൊഴിയെടുത്തത്.
നടിയുടെ പരാതിയിൽ ജയസൂര്യക്ക് പുറമേ മറ്റ് നടന്മാരായ മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്ക് എതിരെയും വൈകാതെ കേസെടുത്തേക്കും എന്നാണ് ലഭ്യമായ വിവരം. ഇവർക്കതിരെയുള്ള പരാതിയിലും നടിയുടെ മൊഴിയെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ന് തന്നെ പോലീസ് കേസെടുക്കാനാണ് സാധ്യത.
പ്രമുഖ നടന്മാർക്ക് പുറമേ ലോയേഴ്‌സ് കോൺഗ്രസ് നേതാവ് അഡ്വ. വിഎസ് ചന്ദ്രശേഖരൻ, കാസ്റ്റിങ് ഡയറക്‌ടർ വിച്ചു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ തുടങ്ങിയവർക്കെതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്. ഇതിൽ ജയസൂര്യക്ക് എതിരെയാണ് നിലവിൽ കേസെടുത്തത്. ഓരോ പരാതിയിലും പ്രത്യേകം കേസുകൾ എടുത്തേക്കും.
നടിയുടെ മണിയൻപിള്ള രാജു ഇടവേള ബാബു എന്നിവർക്ക് എതിരെ കൊച്ചിയിലുമാവും കേസെടുക്കുക. അതത് പോലീസ് സ്‌റ്റേഷൻ പരിധികളിൽ രജിസ്‌റ്റർ ചെയ്യുന്ന കേസുകൾ പ്രത്യേക അന്വേഷണ സംഘത്തിനാവും കൈമാറുക. എന്നാൽ ആരോപണങ്ങൾ പലതും വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവവുമായി ബന്ധപ്പെട്ടതായതിനാൽ തെളിവ് കണ്ടെത്തുക എന്നതുൾപ്പെടെ കടുത്ത വെല്ലുവിളിയാണ്.












Click it and Unblock the Notifications