'ഖേദം പ്രകടിപ്പിച്ചില്ല, ഉമ തോമസിനെ ഒന്ന് കാണാൻ പോലും തയ്യാറായില്ല'; ദിവ്യ ഉണ്ണിക്കെതിരെ ഗായത്രി വർഷ
കോട്ടയം: കലൂർ സ്‌റ്റേഡിയത്തിലെ അപകടത്തിൽ പരിക്കേറ്റ ഉമ തോമസ് എംഎൽഎയെ സന്ദർശിക്കാൻ പോലും തയ്യാറാവാത്ത സംഭവത്തിൽ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിക്കെതിരെ ആഞ്ഞടിച്ച് ഗായത്രി വർഷ. ഉമ തോമസിനെ ഒന്ന് കാണാൻ പോലും പരിപാടിയിലെ പ്രധാന നർത്തകിയായ ദിവ്യ ഉണ്ണി തയ്യാറായില്ലെന്നാണ് ഗായത്രി വർഷയുടെ ആരോപണം. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തിലാണ് ഗായത്രി വർഷ ദിവ്യ ഉണ്ണിയുടെ പേരെടുത്ത് വിമർശിച്ചത്.
ഇത്തരമൊരു സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ പോലും ദിവ്യ ഉണ്ണിക്ക് മനസുണ്ടായില്ല. ആദ്യഘട്ടത്തിൽ മാധ്യമങ്ങൾ സംഘാടകരുടെ പേരുവിവരങ്ങൾ മറച്ചുവച്ചു. കലാപ്രവർത്തനങ്ങൾ ഇപ്പോൾ കച്ചവട മാധ്യമങ്ങളായി മാറിയെന്നും ഗായത്രി വർഷ ആരോപിച്ചു. അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന ഗിന്നസ് പരിപാടിയെന്നും അവർ ചൂണ്ടിക്കാട്ടി.

സംഭവത്തോട് കേരളീയ സമൂഹവും സോഷ്യൽ മീഡിയ സമൂഹവും മൗനം പാലിച്ചുവെന്നും ഗായത്രി വർഷ പറയുന്നു. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവർത്തനത്തിന്റെ ഇരയായെന്നും നടി കൂട്ടിച്ചേർത്തു. ഉമ തോമസിന് അപകടമുണ്ടായ സംഭവത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറാവാത്ത ദിവ്യ ഉണ്ണിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ കടുത്ത വിമർശനമാണ് ഉയരുന്നത്.
അതിനിടയിലാണ് പ്രതികരണവുമായി ഗായത്രി വർഷയെ പോലെ സിനിമ പ്രവർത്തക തന്നെ രംഗത്ത് വന്നത്. ഉമ തോമസിന് അപകടം ഉണ്ടായ ശേഷവും പരിപാടി തുടർന്നതിലും നേരത്തെ കടുത്ത വിമർശനം ഉയർന്നിരുന്നു. മാത്രമല്ല സംഭവത്തിന് പിന്നാലെ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പെട്ടെന്ന് മടങ്ങിയതും ഏറെ പഴികേൾക്കാൻ കാരണമായി.
പരിപാടിയിലെ മുഖ്യ നർത്തകി എന്ന നിലയിൽ ദിവ്യ ഉണ്ണിക്കും ഉത്തരവാദിത്തം ഉണ്ടെന്നായിരുന്നു പ്രധാനമായും ഉയർന്ന വാദം. എന്നാൽ പോലീസ് മൊഴിയെടുക്കാൻ തീരുമാനിച്ചതിന് പിന്നാലെ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി പോവുകയായിരുന്നു. അപകടം പറ്റി ചികിത്സയിൽ കഴിയുന്ന ഉമ തോമസിനെ സന്ദർശിക്കാനോ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാനോ താരം തയ്യാറായിരുന്നില്ല.
അതിനിടെ പരിപാടിക്ക് വേണ്ടി ദിവ്യ ഉണ്ണി അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം. നൃത്ത പരിപാടിയിൽ മുഖ്യ നർത്തകിയായി പങ്കെടുക്കാൻ ദിവ്യ ഉണ്ണിക്ക് സംഘാടകർ അഞ്ച് ലക്ഷം രൂപ നൽകിയെന്നാണ് പോലീസ് കണ്ടെത്തൽ. പരിപാടിയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘാടകരുടെ അക്കൗണ്ട് പോലീസ് പരിശോധിച്ചിരുന്നു.












Click it and Unblock the Notifications