ഫേസ്ബുക്ക് പോസ്‌റ്റിന് താഴെ മോശം കമന്റുകൾ; നടി ഹണി റോസിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്
കൊച്ചി: ഫേസ്‌ബുക്ക് പോസ്‌റ്റിന് താഴെ മോശം കമന്റിട്ടവർക്ക് എതിരെ പരാതിയുമായി നടി ഹണി റോസ്. എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിലാണ് നടി ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയിരിക്കുന്നത്. 27 പേർക്കെതിരെയാണ് സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരിക്കുന്നത്. രാവിലെ ഇതേ വിഷയം പരാമർശിച്ചുകൊണ്ട് ഹണി റോസ് ഫേസ്‌ബുക്കിൽ ഒരു പോസ്‌റ്റ് പങ്കുവച്ചിരുന്നു. ഇതിലാണ് മോശം കമന്റുകൾ വന്നത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവർക്ക് നടി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹണി റോസ് രാവിലെയാണ് ഇത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്‌റ്റിട്ടത്. മാനസിക വൈകൃതം ഉള്ളവരുടെ പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും പക്ഷേ ഇനി നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞിരുന്നു.

എന്നാൽ ഇതിന് ശേഷവും മോശം കമന്റുകൾ വന്നതോടെയാണ് ഹണി റോസ് പോലീസിനെ സമീപിച്ചത്. നടിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായാണ് പോലീസ് അറിയിച്ചത്. മോശം കമന്റ് ഇട്ടവരുടെ വിശദാംശങ്ങളും നടി പരാതിക്കൊപ്പം കൈമാറിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അറസ്‌റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
അതേസമയം, ഒരു വ്യക്തി തന്നെ ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ മനപൂർവം അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് നടി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം പരാമർശങ്ങൾ ആസ്വദിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവർ ചോദിക്കുന്നുണ്ടെന്നും ഹണി പറഞ്ഞിരുന്നു.
പ്രസ്‌തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാൻ പോകുന്ന ചടങ്ങുകളിൽ മനപൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുവെന്നും ഹണി റോസ് ആരോപിച്ചിരുന്നു.
അതിനിടെ ഹണി റോസ് സൂചിപ്പിച്ചത് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ആണെന്ന് ഒരുവിഭാഗം സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം പങ്കുവച്ചിരുന്നു. ഹണി റോസ് തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ ആരോപിക്കുന്നത് പോലെയുള്ള പല ദ്വയാർത്ഥ കമന്റുകളും അടുത്തിടെ ബോബി ചെമ്മണ്ണൂർ നടത്തിയിരുന്നു എന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.
ഹണി റോസിനെ കുറിച്ച് മുൻപ് ബോബി ചെമ്മണ്ണൂർ നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരുന്നു. ഹണിയെ കാണാൻ പുരാണത്തിലെ കുന്തി ദേവിയെ പോലെയാണെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞിരുന്നു. കൂടാതെ ചെമ്മണ്ണൂർ ജ്വല്ലേഴ്‌സിന്റെ ചേർത്തല ബ്രാഞ്ചിന്റെ ഉദ്‌ഘാടനത്തിന്റെ വീഡിയോയും വൈറലായിരുന്നു. ഇതൊക്കെ ചേർത്താണ് പലരും ബോചെയെയാണ് ഹണി ഉദ്ദേശിച്ചതെന്ന് പറയുന്നത്. എന്നാൽ നടി ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ല.












Click it and Unblock the Notifications