അമ്മയല്ല എഎംഎംഎ മാത്രമാണ്, സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കുന്നത് ചാരിറ്റി പോലെയാണെന്ന് പാര്‍വതി
കൊച്ചി: താരസംഘടന അമ്മയ്ക്കെതിരായ വിമര്‍ശനങ്ങള്‍ വീണ്ടും കടുപ്പിച്ച് നടിയും ഡബ്ല്യുസിസി അംഗവുമായ പാര്‍വതി തിരുവോത്ത്. ഒരിക്കലും ആ സംഘടനയെ അമ്മ എന്ന് വിളിക്കാനാവില്ലെന്നും എഎംഎംഎ മാത്രമാണ് ആ സംഘടനയെന്ന് പാര്‍വതി വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവറിലായിരുന്നു പ്രതികരണം.
മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ സെക്സ് റാക്കറ്റ് അടക്കം സൗകര്യമൊരുക്കുന്നവര്‍ ഉണ്ടെന്നും പാര്‍വതി തുറന്നടിക്കുന്നു. തനിക്ക് ജീവഭയം ഉള്ളത് കൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നും നടി പറഞ്ഞു. ഹേമ കമ്മീഷനില്‍ തനിക്കോ ഡബ്ല്യുസിസിക്കോ പ്രതീക്ഷയില്ലെന്നും, സര്‍ക്കാരിലാണ് പ്രതീക്ഷയെന്നും പാര്‍വതി വ്യക്തമാക്കി.

അമ്മ എന്ന പേരും ഒരിക്കലും ഞാന്‍ വിളിക്കില്ല. ആ പേരിനെ വീണ്ടും നിഷേധിക്കുകയാണ്. അത് എഎംഎംഎ ആണ്. അവിടെ സ്ത്രീകള്‍ക്ക് സ്ഥാനം നല്കുന്നു എന്നത് തന്നെ എന്തോ ചാരിറ്റി നല്കുന്നു എന്ന പോലെയാണ്. 17 അംഗ കമ്മിറ്റി അവര്‍ക്കുണ്ട്. അതില്‍ നാല് സ്ത്രീകളെ അംഗങ്ങളായി ചേര്‍ക്കുക. ഇതൊരു തരം ചാരിറ്റിയാണ്. അതില്‍ തന്നെ ഒരു തിരഞ്ഞെടുപ്പോ പിന്തുണയോ ഉണ്ടാകരുത് എന്നവര്‍ ഉറപ്പ് വരുത്തിയിരിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ കൈപൊക്കിയിട്ട് വോട്ട് പാസാക്കുന്ന പോലെയാണ് അവിടെയുള്ള കാര്യങ്ങള്‍. അല്ലാതെ കൃത്യമായ ഒരു തിരഞ്ഞെടുപ്പ് ഒന്നും ഒരിക്കലും അവിടെ നടക്കുന്നില്ല. ഞാന്‍ അവിടെ ഉള്ള സമയത്ത് ഒരിക്കലും അത്തരം കാര്യങ്ങള്‍ അവിടെ നടന്നിട്ടില്ലെന്നും പാര്‍വതി പറഞ്ഞു.

എഎംഎംഎയെ കുറിച്ച് ഇങ്ങനെ പറഞ്ഞ് നടക്കുന്നതില്‍ കാര്യമില്ല. അവരുടെ യോഗത്തില്‍ അതിജീവിച്ചയാളെ പിന്തുണയ്ക്കുന്നുവെന്ന് പറയുകയും, പുറത്തിറങ്ങിയാല്‍ മിണ്ടാതിരിക്കുകയും ചെയ്യുന്നവരാണ് അവര്‍. ഇപ്പോള്‍ എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ പറ്റാത്ത അവസ്ഥയിലാണ്. കാരണം എനിക്കെതിരെ കോടതിയില്‍ ഒരു കേസ് നടക്കുന്നുണ്ട്. നമ്മുടെ വായ മൂടുക എന്നതാണ് അവരുടെ ആവശ്യം. നീതി വേണ്ടി സംസാരിക്കുക എന്നീ കാര്യങ്ങള്‍ക്ക് പോലും അവകാശം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ നടക്കുന്നത്്. അതില്‍ വലിയ സങ്കടമുണ്ടെന്നും പാര്‍വതി പറഞ്ഞു.

ജസ്റ്റിസ് ഹേമ പറഞ്ഞ ഒരു കാര്യം ഞാന്‍ കുറച്ച് മുമ്പാണ് വായിച്ചത്. ഈ റിപ്പോര്‍ട്ട് കോണ്‍ഫിഡന്‍ഷ്യല്‍ ആണ്. അത് പുറത്ത് വരില്ല. വേണമെങ്കില്‍ ഈ സ്ത്രീകള്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കാമെന്നാണ്. ഈ മൂന്നംഗ സമിതിയുടെ മുന്നിലിരുന്ന് ഞാന്‍ അടക്കമുള്ള നിരവധി സ്ത്രീകള്‍ എട്ട് മണിക്കൂറൊക്കെ ഇരുന്ന് അതിക്രമങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അയ്യോ അത് കഷ്ടമായി പോയി. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചോദിച്ചവരാണ് ഈ മൂന്ന് പേരും. ആ കമ്മിറ്റിയിലുള്ള നടി ശാരദ പറഞ്ഞത് കോണ്‍ഫിഡന്‍ഷ്യല്‍ ആക്കണമെന്ന് പറഞ്ഞിട്ടില്ല എന്നതാണ്. എന്നാല്‍ ജസ്റ്റിസ് ഹേമ പറഞ്ഞത് കോണ്‍ഫിഡന്‍ഷ്യലാണ് പുറത്ത് പറയാനാവില്ല എന്നാണ്.

നമ്മള് ഇവരെ വിശ്വസിച്ച് കാര്യങ്ങള്‍ പറഞ്ഞിട്ടും, ഇതാണ് അവരുടെ പ്രതികരണം. രണ്ട് വര്‍ഷത്തോളമായി ആ കമ്മിറ്റി രൂപീകരിച്ചിട്ട്. എന്നാല്‍ സര്‍ക്കാരും കമ്മിറ്റിയും ഒരുപോലെ നിശബ്ദത പാലിക്കുകയാണ്. ഡബ്ല്യുസിസി ഇതിന്റെ ഗൗരവം മുഖ്യമന്ത്രിയെ ബോധിപ്പിച്ചിരുന്നു. അതുകൊണ്ടാണ് ഈ കമ്മിറ്റി രൂപീകരിച്ചത്. സിനിമ മേഖല സുതാര്യമാക്കാം എന്ന് ഡബ്ല്യുസിസി പറഞ്ഞിട്ടുണ്ട്. അതിലെ മുഖ്യമായ കാര്യമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുക എന്നത്. ജസ്റ്റിസ് ഹേമ കുറ്റവാളികളെ സംരക്ഷിക്കാനല്ല റിപ്പോര്‍ട്ട് പുറത്തുവിടാത്തത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇനി പ്രതീക്ഷ സര്‍ക്കാരില്‍ മാത്രമാണെന്നും പാര്‍വതി പറഞ്ഞു.

ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കാന്‍ പറഞ്ഞോണ്ടിരിക്കുന്നത് അതിജീവിച്ചവരുടെ പേര് എഴുതിയിട്ടുണ്ട് എന്നആണ്. ഞാന്‍ മൊഴി കൊടുക്കുന്ന സമയത്ത് നിങ്ങളുടെ പേര് ഇതില്‍ ഉണ്ടാകില്ലെന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ പലര്‍ക്കും ഇവര്‍ വാക്ക് നല്‍കിയിട്ടുണ്ട്. അതിന് ശേഷം ഇവരുടെ പേര് എഴുതി, അത് കാരണമാക്കിയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കുന്നത്. ഈ കമ്മിറ്റിയിലെ ഒരാള്‍ നിങ്ങള്‍ എന്തിനാ സിനിമ ചെയ്യുന്നതെന്നാണ് ചോദിക്കുന്നത്. മറ്റേയാള്‍ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നും പറയുന്നു. വായുമലിനീകരണമാണെങ്കില് നിങ്ങള്‍ ശ്വസിക്കേണ്ട, ചത്തുപോയിക്കൊള്ളൂ എന്ന് പറയുന്ന പോലെയാണിതെന്നും പാര്‍വതി തുറന്നടിച്ചു.

അതേസമയം മലയാള സിനിമയില്‍ സെക്സ് റാക്കറ്റ് അടക്കം സൗകര്യമൊരുക്കുന്നവര്‍ ഉണ്ട്. ഇതൊക്കെ ഹേമ കമ്മീഷനോട് പറഞ്ഞിട്ടുണ്ട്. സപ്രസിംഗ് ആയ കാര്യമല്ല ഇതൊന്നും. നടിമാര്‍ മാത്രമല്ല, ഇന്‍ഡസ്ട്രിയിലുള്ള ഞാന്‍ അടക്കമുള്ള സ്ത്രീകള്‍ക്ക് ഇത്തരം കോംപ്രമൈസ് ആവശ്യങ്ങളുമായി കോളുകള്‍ വന്നിട്ടുണ്ട്. ഈ അനുഭവമൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട്. ജസ്റ്റിസ് ഹേമ കമ്മീഷന് ആ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ആര്‍ക്കൊക്കെ എതിരെയാണോ മൊഴി കൊടുത്തത് ആ പേരുകള്‍ പുറത്തുവരരുത് എന്നത് കൊണ്ടാണ്. എനിക്ക് ജീവഭയമുണ്ടെന്നത് അറിയാമെന്നും പാര്‍വതി പറയുന്നു. ഭീഷണി കോളുകളൊക്കെ എന്നെയും തേടിയെടുത്തുന്നുണ്ട്. ജോലി ചെയ്ത് ജീവിക്കുകയെന്നത് ഇവിടെ അനുവദനീയമായ കാര്യമല്ലെന്നും പാര്‍വതി പറഞ്ഞു. ഒരു കുറ്റകൃത്യം ചെയ്താല്‍ അവര്‍ എത്രയധികം ഇന്‍ഡിമിഡേറ്റ് ചെയ്തിട്ടാണ് കൂടെ നിര്‍ത്തുന്നതെന്ന കാര്യമടക്കം കമ്മീഷനോട് പറഞ്ഞിട്ടുണ്ടെന്നും പാര്‍വതി വ്യക്തമാക്കി.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications