'ഇവർ കമ്മ്യൂണിസ്‌റ്റ് കേരളത്തിലെ വനിതാ തൊഴിലാളികൾ'; ഫെഫ്‌കയിലെ സമരക്കാർക്ക് റിമയുടെ പിന്തുണ
കൊച്ചി: ഫെഫ്‌കയുമായി ബന്ധപ്പെട്ട സംഘടനയിലെ പ്രശ്‌നങ്ങൾക്ക് എതിരെ സമരം ചെയ്യുന്ന വനിതാ തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ച് നടി റിമ കല്ലിങ്കൽ. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഹെയർ സ്‌റ്റൈലിസ്‌റ്റുകളാണ് സമരം ചെയ്യുന്നത്. ഫെഫ്‌കയില്‍ അഫിലിയേറ്റ് ചെയ്‌ത ഓള്‍ കേരളാ സിനി മേക്കപ്പ് ആര്‍ട്ടിസ്‌റ്റ്സ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിസ്‌റ്റ്സ് യൂണിയന്റെ കൊച്ചി ഓഫീസിന് മുന്നിലാണ് സമരം നടക്കുന്നത്.
ഇൻസ്‌റ്റഗ്രാമിലും ഫേസ്‌ബുക്കിലും ഒരേസമയം പങ്കുവച്ച പോസ്‌റ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ ശൈലജ ടീച്ചർ എന്നിവരുടെയും ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. സംഘടനയിലെ അനീതി ചോദ്യം ചെയ്‌തതിനാണ് ഇവരെ സസ്‌പെൻഡ് ചെയ്‌തതെന്നാണ് റിമ കല്ലിങ്കൽ ആരോപിക്കുന്നത്. സമരം ചെയ്യുന്ന തൊഴിലാളികളുടെ ചിത്രങ്ങൾ ഉൾപ്പെടെ താരം പങ്കുവച്ചിട്ടുണ്ട്.

2025ലെ കമ്മ്യൂണിസ്‌റ്റ് കേരളത്തിലെ വനിതാ തൊഴിലാളികൾ ആണിവരെന്നും റിമ പോസ്‌റ്റിൽ എടുത്ത് പറയുന്നുണ്ട്. ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ, പ്രദീപ് രംഗൻ എന്നിവർ രാജി വയ്ക്കുക, സിനിമാ തൊഴിൽ മേഖലയിൽ സർക്കാർ ഇടപെടുക, മേക്കപ്പ് വിഭാഗം മേധാവികള്‍ക്ക് കീഴില്‍ നിന്ന് ഹെയര്‍ സ്‌റ്റൈലിസ്‌റ്റുകളെ സ്വതന്ത്രരാക്കുക എന്നീ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.
'ഹെയർ സ്‌റ്റൈലിസ്‌റ്റ് യൂണിയന്റെ ഭാഗമായ മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ ജോലി ചെയ്യാനും വിയോജിക്കാനുമുള്ള അവകാശമാണ് ചോദിക്കുന്നത്. മേക്കപ്പ് തലങ്ങളിൽ നിന്ന് സ്വതന്ത്രരായിരിക്കുക, മേക്കപ്പ് ഹെഡ് ആയി പ്രവർത്തിക്കുക, ഉപദ്രവവും ദുരുപയോഗവും ഇല്ലാത്ത സുരക്ഷിതമായ തൊഴിൽ അന്തരീക്ഷത്തിനായുമാണ് അവരുടെ സമരം. ശബ്‌ദം ഉയർത്തിയതിന് ഇവർ പുറത്താക്കപ്പെട്ടു. 2025ലെ കമ്മ്യൂണിസ്‌റ്റ് കേരളത്തിലെ വനിതാ തൊഴിലാളികളാണ് ഇവർ' റിമ പോസ്‌റ്റിൽ പറയുന്നു.
അതേസമയം, നേരത്തെ ബി ഉണ്ണികൃഷ്‌ണനെതിരെ നിർമ്മാതാവ് സാന്ദ്ര തോമസും രംഗത്ത് വന്നിരുന്നു. തുടർന്ന് ഇവരുടെ പരാതിയിൽ ഉണ്ണികൃഷ്‌ണനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇനി സിനിമ ചെയ്യിക്കില്ലെന്ന് പല ആളുകള്‍ വഴി ഭീഷണിപ്പെടുത്തിയെന്നും അവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഭയക്കുന്നില്ലെന്നും സാന്ദ്ര ആരോപിച്ചിരുന്നു.
ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി കൊടുത്തതിന് ശേഷം നടന്ന യോഗത്തിൽ വെച്ച് ബി ഉണ്ണികൃഷ്‌ണന്‍ തനിക്കെതിരെ പരസ്യമായി വെല്ലുവിളി നടത്തിയെന്നും സാന്ദ്ര തോമസ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ തൊഴിൽ നിഷേധവും അന്യായമായ അച്ചടക്ക നടപടിയും ചൂണ്ടിക്കാട്ടി പ്രശസ്‌ത ഫോട്ടോഗ്രാഫർ ശാലു പേയാടും ഉണ്ണികൃഷ്‌ണനെതിരെ രംഗത്ത് വന്നിരുന്നു. ബി ഉണ്ണികൃഷ്‌ണന്റേത് മാടമ്പിത്തരം ആണെന്നായിരുന്നു ശാലു പേയാടിന്റെ ആരോപണം.












Click it and Unblock the Notifications