നാട്ടുകാര്‍ക്ക് കുളി സീന്‍ കാണിച്ച് കൊടുക്കാൻ കുറച്ച് നാണം ഉണ്ടോയെന്ന് കമന്റ്;വായടപ്പിച്ച മറുപടിയുമായി സാനിയ
കൊച്ചി; വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും നടിമാർക്ക് സോഷ്യൽ മീഡിയയിൽ വലിയ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരാറുണ്ട്. 'സൈബർ ആങ്ങളമാരുടെ' ഇത്തരം വിമർശനങ്ങൾക്ക് പലപ്പോഴും താരങ്ങൾ ചുട്ട മറുപടിയും നൽകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ തന്റെ വസ്ത്രധാരണത്തെ അധിക്ഷേപിച്ചെത്തിയ ആളുടെ വായടപ്പിച്ച് മറുപടി നൽകിയിരിക്കുകയാണ് നടി സാനിയ ഇയ്യപ്പൻ.

ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ സിനിമയായ ‘ഗെഹരിയാ നിലെ ഡൂബേ' എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന ഹോട്ട് ലുക്കിലുള്ള റീൽ കഴിഞ്ഞ ദിവസം താരം ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരുന്നു. ഇതിന് താഴെയാണ് ചിലർ അധിക്ഷേപ കമന്റുകൾ കുറിച്ചത്. അതിൽ ചില കമന്റുകൾ ഇങ്ങനെയായിരുന്നു.

'കുട്ടി മെല്ലെ മെല്ലെ എല്ലാം കാണിച്ച് തുടങ്ങിയിരിക്കുന്നു. കാശിന് വേണ്ടി എന്തും ചെയ്യും എന്ന് ഉറപ്പായി എന്നായിരുന്നു മറ്റൊരു കമന്റ്. ശരീരം ഇങ്ങനെ പ്രദർശിപ്പിക്കാൻ ഉള്ളതല്ല കേരളത്തിലെ പെൺകുട്ടികൾക്ക് ചേരുന്നതല്ല ഇത്'

'കുറച്ചെങ്കിലും നാണം ഉണ്ടോ, ശേ നാട്ടുകാര്‍ക്ക് കുളി സീന്‍ കാണിച്ച് കൊടുക്കുന്നു. സ്വന്തം ശരീരം വിറ്റ് കാശ് ഉണ്ടാക്കുന്ന ആളുകള്‍ ഇങ്ങനൊക്കെ അല്ലേ. പിന്നെ എങ്ങനെ പീഡനക്കേസിന് ഒരു കുറവും ഉണ്ടാവില്ല', എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം ഈ കമന്റിന് മറുപടിയുമായി താരം രംഗത്തെത്തി. "അയ്യോ നാണം എന്താ ചേട്ടാ" എന്നായിരുന്നു സാനിയ കുറിച്ചത്.

അതിനിടെ നടിയെ പിന്തുണച്ച് നിരവധി പോസിറ്റീവ് കമന്റുകളും വീഡിയോയ്ക്ക് വന്നിട്ടുണ്ട്. അവളുടെ വസ്ത്ര ധാരണത്തിലല്ല പ്രശ്നം, മറിച്ച് നിങ്ങൾ അവളെ നോക്കുന്ന രീതിയ്ക്കാണ്. നിങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ലേങ്കിൽ ഈ വീഡിയോ കാണേണ്ടതില്ല, ബ്ലോക്ക് ചെയ്ത് പോകുകയോ വീഡിയോ മൈന്റ് ചെയ്യാതെ പോകുകയോ ചെയ്യാം. അല്ലാതെ ഒരാളുടെ വസ്ത്രം നോക്കി അവരെ ജഡ്ജ് ചെയ്യാൻ വരേണ്ടതില്ല. ഇത്തരക്കാരാണ് ഈ സമൂഹത്തിന്റെ പ്രധാന പ്രശ്നം', എന്നായിരുന്നു ഒരാൾ കുറിച്ചത്.
ആത്മവിശ്വാസത്തോടെ തുടരുക, ധൈര്യത്തോടെ ഇരിക്കുക, അതീവ സുന്ദരിയായിരിക്കുന്നു, തുടങ്ങിയ കമന്റുകളും ഉണ്ട്.

നേരത്തേ സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാട് സാനിയ ഇയ്യപ്പൻ പങ്കുവെച്ചിരുന്നു. ആദ്യമൊക്കെ വലിയ വിഷമം തോന്നിയിരുന്നു. വീട്ടുകാരെ ഉൾപ്പെടെ അനാവശ്യ കമന്റുകൾ പറയുന്നത് സഹിക്കാൻ പറ്റുമായിരുന്നില്ല. എന്നാൽ മിണ്ടാതിരുന്നാൽ ഇത്തരക്കാർ വിജയിക്കും, ഞാൻ തോറ്റ് പോകും. അതുകൊണ്ട് തന്നെ എനിക്ക് ഇഷ്ടമുള്ള രീതിയിലാണ് ഞാൻ മുന്നോട്ട് പോകാറുള്ളതെന്നായിരുന്നു നടി ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

പുറത്തുളളവർ പറയുന്നത് കേട്ട് വീഴാൻ നിക്കരുതെന്നാണ് അമ്മ തന്നോട് പറഞ്ഞിട്ടുള്ളത്. നിനക്ക് ഇഷ്ടമുള്ളത് ചെയ്യൂ. മറ്റുള്ളവർ പറയുന്നത് കേട്ട് മാറാൻ നിൽക്കരുതെന്ന്. ഇപ്പോൾ എല്ലാ സെലിബ്രിറ്റികളും തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത്. അവർ നെഗറ്റീവ് കമന്റുകളെ ശ്രദ്ധിക്കാറേ ഇല്ല.

ചിലർ ചോദിക്കാറുണ്ട് ട്രോൾസ് അല്ലേ എന്തിനാണ് അതിനൊക്കെ എന്തിനാണ് മറുപടി കൊടുക്കുന്നത്.ഇത്തരം ട്രോളുകൾ ഒക്കെ ഇൻഡസ്ട്രിയുടെ ഭാഗമാണ് എന്നൊക്കെ. പക്ഷേ പലപ്പോഴും ട്രോളുകൾ ആളുകളെ വളരെ മോശമായ രീതിയിൽ ബാധിക്കാറുണ്ട്. മാനസികമായും ശാരീരകമായും ടോർച്ചർ ചെയ്യാറുണ്ട്.

ഒരിക്കൽ ഏഴാം ക്ലാസുകാരനായിരുന്നു എനിക്കെതിരെ വളരെ മോശം കമന്റിട്ടത്. സൈബർ വിംഗ് വഴി അന്വേഷിച്ചിപ്പോഴാണ് അത് ഒരു ചെറിയ കുട്ടിയാണ് എന്ന് മനസിലായത്. ആ കമന്റ് തന്നെ അന്ന് ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. സോഷ്യൽ മീഡിയയ പല രീതിയിലും ഉപയോഗിക്കുന്ന കുട്ടികൾ ഈ തലമുറയിലുണ്ട്. ഇത്തരം കാര്യങ്ങളിൽ കുട്ടികൾക്ക് അവബോധം നൽകേണ്ടതുണ്ടെന്നും നടി പറഞ്ഞിരുന്നു.












Click it and Unblock the Notifications