Adoor Municipality Election Result: രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്വന്തം ഫെന്നി നൈനാന് തോൽവി, ബിജെപി ജയിച്ചു
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അടുത്ത സുഹൃത്ത് ഫെന്നി നൈനാന് കനത്ത തോൽവി. അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായിട്ടാണ് ഫെന്നി നൈനാൻ മത്സരിച്ചിരുന്നത്. ഇവിടെ ബിജെപി സീറ്റ് നിലനിര്‍ത്തി. ഫെന്നി നൈനാന്‍ മൂന്നാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്. നേരത്തെ ഫെന്നിയുടെ സ്ഥാനാർഥിത്വത്തിന് എതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ ലൈംഗിക പീഡന പരാതിയില്‍ ഫെന്നി നൈനാനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് അടങ്ങിയിരുന്നത്. പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തെ റിസോര്‍ട്ടിലേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിക്കൊണ്ടുപോയി. ആ സമയം കാര്‍ ഓടിച്ചിരുന്നത് ഫെന്നി നൈനാന്‍ എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. രാഹുലിന്റെ അടുത്ത സഹായിയും സുഹൃത്തുമായിരുന്ന ഫെന്നിയുടെ പേരും കേസിൽ ഉയർന്നുകേട്ടിരുന്നു.

ഇത്തരത്തിൽ ഫെന്നിക്ക് എതിരെ പരാതി വന്നതിന് പിന്നാലെ അടൂരിലെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അടച്ചുപൂട്ടിയതുള്‍പ്പടെ വലിയ വിവാദമായിരുന്നു. അടൂരിലെ പൊത്താറാട് വാർഡിൽ എൻഡിഎ സ്ഥാനാർഥി പ്രമോദ് ആണ് ജയിച്ചത്. സീറ്റിൽ എൽഡിഎഫ് സ്ഥാനാർഥി റെനിക്കും പിന്നിലായാണ് ഫെന്നി നൈനാൻ ഫിനിഷ് ചെയ്‌തത്.
അതേസമയം, അടൂർ മുനിസിപ്പാലിറ്റിയിൽ എൽഡിഎഫ് മുന്നേറ്റം പ്രകടമാണ്. നിലവിൽ അഞ്ചിടത്ത് എൽഡിഎഫ് സ്ഥാനാർഥികൾ മുന്നിട്ട് നിൽക്കുകയാണ്. മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് എൻഡിഎയും ജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നുണ്ട്. ഇവിടെ പത്താം വാർഡിലും എൻഡിഎ സ്ഥാനാർഥിയാണ് മുന്നിട്ട് നിൽക്കുന്നത്.
ശ്രദ്ധേയമായ കാര്യം എന്തെന്നാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മറ്റൊരു വിശ്വസ്ഥനായ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പത്തനംതിട്ടയിൽ വിജയം നേടാനായി. പത്തനംതിട്ട ഏറത്ത് പഞ്ചായത്ത് ആറാം വാര്‍ഡായ കിളിവയലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോ പി രാജനാണ് വിജയിച്ചത്. 240 വോട്ടുകള്‍ നേടിയാണ് റിനോയുടെ വിജയം.
പത്തനംതിട്ട നഗരസഭയിൽ യുഡിഎഫ് അധികാരം ഉറപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തുകയാണ്. പത്തനംതിട്ട നഗരസഭയിലെ പതിനാറാം വാര്‍ഡിൽ 248 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോണ്‍ഗ്രസ് വിമതൻ ബിബിൻ ബേബി വിജയിച്ചു. നഗരസഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ജാസിം കുട്ടിയെയാണ് ബിബിൻ തോൽപ്പിച്ചത്.
അതിനിടെ പത്തനംതിട്ടയുടെ ആകെ ചിത്രമെടുത്താൽ മൂന്ന് മുനിസിപ്പാലിറ്റികളിൽ യുഡിഎഫും ഒരിടത്ത് എൽഡിഎഫുമാണ് മുന്നിട്ട് നിൽക്കുന്നത്. പഞ്ചായത്തുകളിൽ 26 ഇടത്ത് യുഡിഎഫ് മുന്നിട്ട് നിൽക്കുമ്പോൾ എൽഡിഎഫ് 14 ഇടത്തും എൻഡിഎ അഞ്ചിടത്തും മുന്നേറ്റം പ്രകടമാക്കി. ഇതിനിടെ പത്തനംതിട്ടയിലെ മെഴുവേലി പഞ്ചായത്തിൽ മുൻ എംഎൽഎ കെസി രാജഗോപാൽ വിജയിച്ചത് സിപിഎമ്മിന് ആശ്വാസമായി.












Click it and Unblock the Notifications